ഖത്തറിൽ സ്പാനിഷ് വിപ്ലവം; ചേതനയറ്റ് കോസ്റ്റാറീക്ക

ഖത്തറിൽ സ്പാനിഷ് വിപ്ലവം; ചേതനയറ്റ് കോസ്റ്റാറീക്ക

ഖത്തര്‍ ലോകകപ്പിലെ ആദ്യമത്സരത്തില്‍ കോസ്റ്റാറീക്കയെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് സ്‌പെയിന്‍ വരവറിയിച്ചു.
Updated on
2 min read

ഇതാ വരുന്നു ലൂയി എൻറിക്കെയുടെ സ്പാനിഷ്പ്പട... വമ്പ് പറയാതെ, അവകാശവാദങ്ങളില്ലാതെ, എന്നാല്‍ കളത്തില്‍ കരുത്തുകാട്ടി അവര്‍ ഉറക്കെ പ്രഖ്യാപിച്ചു, ലോകമേ ഞങ്ങളെ എണ്ണിക്കോളൂ. ഖത്തര്‍ ലോകകപ്പിലെ ആദ്യമത്സരത്തില്‍ കോസ്റ്റാറീക്കയെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് സ്‌പെയിന്‍ വരവറിയിച്ചു. ഗോളടിയിലും കളിമികവിലും കോസ്റ്റാറീക്കയെ നിഷ്പ്രഭമാക്കിയ സംഘം ഇനിയങ്ങോട്ട് ഏതൊരു ടീമിന്‌റെയും ചങ്കിടിപ്പേറ്റും. ഒരേസമയം വശ്യവും അതേസമയം വിനാശകരവുമായിരുന്നു അല്‍തുമാമാ സ്റ്റേഡിയത്തില്‍ ലാ റോജകള്‍.

ലോകത്തെ എണ്ണം പറഞ്ഞ ഗോള്‍ കീപ്പര്‍മാരിലൊരാളായ കെയ്‌ലര്‍ നവാസിനെ വെറും കാഴ്ചക്കാരനാക്കി, ഒന്നിനുപുറകെ ഒന്നായി കോസ്റ്റാറീക്കന്‍ വലയില്‍ സ്പാനിഷ് സംഘം നിറച്ചത് ഏഴ് ഗോളുകള്‍. 11ാം മിനുറ്റില്‍ ഡാനി ഒല്‍മോയാണ് വേട്ട തുടങ്ങിയത്. 10 മിനുറ്റിന് ശേഷം മാര്‍കോ അസെന്‍സിയോ ലീഡ് ഉയര്‍ത്തി. 31ാം മിനുറ്റില്‍ പെനാല്‍റ്റി ഗോളാക്കി ഫെറാന്‍ ടോറസ് സ്‌കോര്‍ മൂന്നാക്കി.

മത്സരം പലപ്പോഴും കോസ്റ്റാറിക്കന്‍ പകുതിയില്‍ മാത്രമായി ചുരുങ്ങി. സ്പാനിഷ് താരങ്ങള്‍ പന്തുമായി മുന്നേറുമ്പോള്‍ എതിരാളികള്‍ മൈതാനത്ത് ലക്ഷ്യമില്ലാതെ അലഞ്ഞു. രണ്ടാം പകുതിയിലും ഗോള്‍ വേട്ടതുടര്‍ന്ന് സ്‌പെയിനിന് നാലാംഗോള്‍ നേടിയത് ഫെറാന്‍ ടോറസ് തന്നെ. 74ാംമിനുറ്റില്‍ സ്‌കോര്‍ ചെയ്ത 17 കാരന്‍ പാബ്ലോ മാര്‍ട്ടിന്‍ ഗവി സ്‌പെയിനിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. കാര്‍ലോസ് സോളാര്‍, ആല്‍വാരോ മൊറാടോ എന്നിവരും ലക്ഷ്യം കണ്ടു.

ടിക്കിടാക്കയുടെ പുത്തൻ പതിപ്പായിരുന്നു മൈതാനത്ത് കണ്ടത്. ആദ്യ 45 മിനുറ്റിൽ സ്പെയിൻ പൂർത്തിയാക്കിയത് 537 പാസുകൾ. ഇത് ലോകകപ്പ് ചരിത്രത്തിലെ റെക്കോർഡാണ്. 81 ശതമാനമാണ് കളിയിൽ സ്‌പെയിനിന്‌റെ ബോള്‍ പൊസെഷന്‍. ഇതും ചരിത്രം. മത്സരത്തിലുടനീളം ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടുപോലും ഉതിര്‍ക്കാന്‍ കോസ്റ്റാറിക്കയ്ക്കായില്ല.

ലോകകപ്പ് ചരിത്രത്തിൽ സ്പെയിനിന്റെ ഏറ്റവും വലിയ വിജയമാണ് ഇന്നത്തേത്. 2010 ലെ കിരീട നേട്ടത്തിന് ശേഷം ലോകകപ്പിൽ പിന്നീട് കരുത്തുകാട്ടാൻ സ്പാനിഷ് ടീമിനായിട്ടില്ല. ഗോൾമഴയിൽ തുടങ്ങിയ ഈ യുവസംഘം ആ കുറവ് നികത്തുമോ എന്നാണ് കാണേണ്ടത്.

logo
The Fourth
www.thefourthnews.in