മൊറോക്കൻ മാജിക് നിഷ്പ്രഭമാക്കാൻ സ്പെയിൻ

മൊറോക്കൻ മാജിക് നിഷ്പ്രഭമാക്കാൻ സ്പെയിൻ

എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8.30 നാണ് സ്പെയിൻ- മൊറോക്ക മത്സരം
Updated on
1 min read

നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവരെ കളത്തില്‍ ഭയന്നേ പറ്റൂ, പ്രത്യേകിച്ചും അവിശ്വസനീയ പ്രകടനവുമായി മുന്നേറുന്നവരെ. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ന് ഫേവറിറ്റുകളായാണ് കളത്തിലിറങ്ങുന്നതെങ്കിലും സ്‌പെയിന്‍ മൊറോക്കോയെ ഭയപ്പെടുന്നത് അതുകൊണ്ടാണ്. 2018 ല്‍ പ്രീക്വാര്‍ട്ടറില്‍ വീണ ലാ റോജകള്‍ക്ക്, ലോകകിരീടം നേടിയതിന് ശേഷം ലോകകപ്പില്‍ തിളങ്ങാനായില്ലെന്ന നാണക്കേട് മാറ്റണം. 1986 ന് ശേഷം ആദ്യമായി ലോകകപ്പിന്‌റെ പ്രീക്വാര്‍ട്ടറിലിറങ്ങുന്ന മൊറോക്കോയ്ക്ക് ആകട്ടെ ഇതുവരെയുള്ള യാത്ര തന്നെ കിരീടത്തോളം മഹത്വമുള്ളത്. ഖത്തര്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ഇടംപിടിക്കുന്ന അവസാന രണ്ട് ടീമുകളെ മാത്രമേ ഇനി അറിയേണ്ടതുള്ളൂ. രാത്രി 8.30 ന് നടക്കുന്ന ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്‌പെയിന്‍ മൊറോക്കോയെ നേരിടും.

മികച്ച വിജയത്തോടെ ഖത്തറില്‍ തുടങ്ങിയ സ്‌പെയിനിന്, രണ്ടാം മത്സരത്തില്‍ ജര്‍മനിയോട് സമനില വഴങ്ങേണ്ടി വന്നു. മൂന്നാം മത്സരത്തില്‍ ജപ്പാനോട് തോറ്റത് വലിയ ക്ഷീണമായി. പന്തടക്കത്തില്‍ എതിരാളികളെ അക്ഷമരാക്കി മുന്നേറുന്ന ലൂയി എന്റിക്വെയുടെ തന്ത്രം ജപ്പാനെതിരെ ഫലം കണ്ടില്ല. മുന്നേറ്റത്തിലെ പോരായ്മയും നല്ല ഫിനിഷറുടെ അഭാവവുമെല്ലാം അവസാന ഗ്രൂപ്പ് മത്സരത്തില്‍ പ്രകടമായിരുന്നു. ഗോള്‍ കീപ്പര്‍ ഉനായ് സിമോണും കണക്കിന് പഴികേട്ടു.ആ വീഴ്ചയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, പുതിയ തന്ത്രങ്ങള്‍ മെനയാനായില്ലെങ്കില്‍ സ്‌പെയിനിന് ഇന്ന് എളുപ്പമാകില്ല. ബാഴ്‌സലോണയുടെ യുവതാരങ്ങളായ ഗാവിയും പെഡ്രിയുമുള്‍പ്പെടുന്ന നിരയില്‍ സ്‌പെയിനിന് ഇപ്പോഴും പ്രതീക്ഷകളേറെയാണ്. എന്നാല്‍ ആല്‍വാരോ മൊറാട്ടയുടെ പ്രകടനം ടീമിന് നിര്‍ണായകമാകും.

മറുഭാഗത്ത് അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ടീമാണ് മൊറോക്കോ. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയും മൂന്നാം സ്ഥാനക്കാരായ ബെല്‍ജിയവും അടങ്ങിയ ഗ്രൂപ്പില്‍ ഒന്നാമതായാണ് അവര്‍ പ്രീക്വാര്‍ട്ടറിലെത്തിയത്. ബെല്‍ജിയത്തെയും കാനഡയെയും തോല്‍പ്പിച്ചു, ക്രൊയേഷ്യയോട് സമനില. അപരാജിതരായി ഏഴ് പോയിന്‌റോടെ പ്രീക്വാര്‍ട്ടറില്‍.

2018 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും മുഖാമുഖം വന്നപ്പോള്‍ സമനിലയായിരുന്നു ഫലം. രണ്ടാം ലോകകിരീടം ലക്ഷ്യമിട്ട് അറബി നാട്ടിലെത്തിയ സ്പാനിഷ് പടയ്ക്ക് ലോകകപ്പിലെ കറുത്തകുതിരകളായ മൊറോക്കോ കാത്തുവെച്ചത് എന്താണ്? ആകാംക്ഷയിലാണ് കാല്‍പ്പന്താരാധകര്‍.

logo
The Fourth
www.thefourthnews.in