സാംബാ താളത്തില്‍ ലയിച്ച് സ്‌റ്റേഡിയം 974 ഓര്‍മകളിലേക്ക്
സാംബാ താളം അതിന്റെ മൂര്‍ധന്യത്തില്‍ അനുഭവിച്ചറിഞ്ഞ് സ്‌റ്റേഡിയം 974 ഫുട്‌ബോള്‍ പ്രേമികളുടെ ഓര്‍മകളിലേക്കു മറഞ്ഞു. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെയും ബ്രസീലിന്റെയും കളികള്‍ക്കും മെസിയുടെയും നെയ്മറിന്റെയും മാന്ത്രികതകള്‍ക്കും സാക്ഷ്യം വഹിച്ച സറ്റേഡിയം 974 ഇനി വെറും ഓര്‍മമാത്രം. ഒരു സ്‌റ്റേഡിയമായി ഉയര്‍ന്നു നിന്ന 974 ഷിപ്പിങ് കണ്ടെയ്‌നറുകളും മറ്റ് അനുബന്ധ സാമഗ്രികളും ഇനി പല രാജ്യത്ത് പല ദേശത്ത് മറ്റു പലര്‍ക്കും ഉപകാരപ്പെടും.
2022 ലോകകപ്പിനായി ഖത്തര്‍ തയാറാക്കിയ എട്ടു സ്‌റ്റേഡിയങ്ങളിലൊന്നാണ് സ്‌റ്റേഡിയം 974. പൂര്‍ണ്ണമായും റീസൈക്കിള്‍ ചെയ്ത ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ ഉപയോഗിച്ചായിരുന്നു ഇതിന്റെ നിര്‍മാണം. സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ഉപയോഗിച്ച റീസൈക്കിള്‍ ചെയ്ത ഷിപ്പിംഗ് കണ്ടെയ്‌നറുകളുടെ കൃത്യമായ എണ്ണമാണ് 974. കൂടാതെ ഖത്തറിന്റെ അന്താരാഷ്ട്ര ഡയലിംഗ് കോഡ് കൂടിയാണ് 974. അതിനലാണ് സ്‌റ്റേഡിയത്തിന് 974 എന്ന പേര നല്‍കിയത്.
ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി നിര്‍മിച്ച പൂര്‍ണമായും അഴിച്ചുമാറ്റാവുന്ന സ്റ്റേഡിയമാണ് ഇത്. പ്രമുഖ സ്പാനിഷ് എന്‍ജിനീയറിങ് കമ്പനിയായ ഫെന്‍വിക് ഇരിബാരന്‍ ആര്‍കിടെക്റ്റ്‌സ് ആണ് നിര്‍മാതാക്കള്‍. 40,000 പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തില്‍ ഇതുവരെ 13 മത്സരങ്ങളാണ് നടന്നത്.
2021 നവംബര്‍ 30-ന് അറബ് കപ്പ് ചാമ്പ്യന്‍ഷിപ്പിലെ യുഎഇ - സിറിയ മത്സരമായിരുന്നു ഈ സ്‌റ്റേഡിയത്തിലെ ആദ്യ ഫുട്‌ബോള്‍ പോരാട്ടം. അറബ് കപ്പില്‍ പിന്നീട് അഞ്ചു മത്സരങ്ങള്‍ക്കു കൂടി ഈ സ്‌റ്റേഡിയം വേദിയായി. 2022 ലോകകപ്പിലെ ഏഴു മത്സരങ്ങള്‍ക്കായിരുന്നു സ്‌റ്റേഡിയം 974 വേദിയായി നിശ്ചയിച്ചിരുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ മെക്‌സിക്കോ-പോളണ്ട് മത്സരമായിരുന്നു ഇവിടെ നടന്ന ആദ്യ ലോകകപ്പ് മത്സരം. അത് ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.
പിന്നീട് പോര്‍ചുഗല്‍-ഘാന, ഫ്രാന്‍സ്-ഡെന്‍മാര്‍ക്ക്, ബ്രസീല്‍-സ്വിറ്റ്‌സര്‍ലന്‍ഡ്, അര്‍ജന്റീന-പോളണ്ട്, സെര്‍ബിയ-സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ ഗ്രൂപ്പ് മത്സരങ്ങള്‍ക്കും വേദിയായി. ഇന്നു നടന്ന ബ്രസീല്‍-ദക്ഷിണകൊറിയ പ്രീക്വാര്‍ട്ടര്‍ മത്സരത്തോടെ സ്‌റ്റേഡിയം 974-ന്റെ ദൗത്യം അവസാനിച്ചു. ഈ ലോകകപ്പ് പൂര്‍ത്തിയായ ശേഷം സ്‌റ്റേഡിയം പൊളിക്കാനുള്ള നടപടികള്‍ ആരംഭിക്കും.