അന്ന് ഭാരം താങ്ങാനാകാതെ കൈയൊടിഞ്ഞു; ഇന്ന് ടീമിന്റെ പ്രതിരോധഭാരം ചുമലിലേറ്റുന്നു

അന്ന് ഭാരം താങ്ങാനാകാതെ കൈയൊടിഞ്ഞു; ഇന്ന് ടീമിന്റെ പ്രതിരോധഭാരം ചുമലിലേറ്റുന്നു

ഇതിഹാസ താരം ഗ്യാന്‍ ല്യുയിജി ബുഫണിനു പകരം സെസ്‌നിയില്‍ ഇറ്റാലിയന്‍ ക്ലബ് യുവന്റ്‌സ്‌ വിശ്വാസമര്‍പ്പിക്കണമെങ്കില്‍ താരത്തിന്റെ മികവ് മോശമാകാന്‍ വഴിയില്ല.
Updated on
2 min read

ഖത്തര്‍ ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന പോളണ്ട്-സൗദി അറേബ്യ മത്സരത്തില്‍ കളിയിലെ കേമനായത് റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി ആയിരുന്നിരിക്കാം. മത്സരത്തില്‍ ലോകകപ്പ് ചരിത്രത്തിലെ തന്റെ ആദ്യ ഗോള്‍ നേടിയ ലെവന് അതിന് അര്‍ഹതയുണ്ടാകും. എന്നാല്‍ അതിനിടയില്‍ ഏവരും മറന്നു പോയ ഒരു പേരുണ്ട്... വ്യോസിയെച്ച് സെസ്‌നി!

ഒരു പെനാല്‍റ്റിയടക്കം ഗോളെന്നുറച്ച സൗദിയുടെ നാലോളം ഷോട്ടുകള്‍ തടുത്തിട്ട് പോളണ്ടിന് 2-0 എന്ന സ്‌കോറിന്റെ തകര്‍പ്പന്‍ ജയം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് അവരുടെ ഗോള്‍കീപ്പര്‍ സെസ്‌നി. ഈ ലോകകപ്പില്‍ ഇതുവരെ ഗോള്‍ വഴങ്ങാത്ത രണ്ടു പേരില്‍ ഒരാള്‍. ബ്രസീല്‍ ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കറാണ് മറ്റൊരാള്‍.

അലിസണിന് മുന്നില്‍ തിയാഗോ സില്‍വ, മാര്‍ക്വിഞ്ഞോസ്, തുടങ്ങിയവര്‍ അണിനിരക്കുന്ന പേരുകേട്ട ഒരു പ്രതിരോധനിരയുണ്ടെന്ന ആത്മവിശ്വാസമുണ്ട്. എന്നാല്‍ അതിന്റെ പകുതി കരുത്തുള്ള ഒരു പ്രതിരോധനിരയുടെ പിന്നില്‍ നിന്നാണ് സെസ്‌നി രണ്ടു ക്ലീന്‍ ഷീറ്റുകള്‍ സ്വന്തമാക്കിയത്.

ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിന്റെ വിശ്വസ്ത ഗോള്‍കീപ്പറാണ് സെസ്‌നി. ഇതിഹാസ താരം ഗ്യാന്‍ ല്യുയിജി ബുഫണിനു പകരം സെസ്‌നിയില്‍ യുവെ വിശ്വാസമര്‍പ്പിക്കണമെങ്കില്‍ താരത്തിന്റെ മികവ് മോശമാകാന്‍ വഴിയില്ല. യുവന്റസിന്റെ പെനാല്‍റ്റി സ്‌പെഷലിസ്റ്റ് കൂടിയാണ് സെസ്‌നി.

സീരി എയില്‍ ഇതുവരെ യുവന്റസ് നേരിട്ട ആറു പെനാല്‍റ്റികളില്‍ മൂന്നും സെസ്‌നി തടുത്തിട്ടിട്ടുണ്ട്. ആ മികവാണ് അദ്ദേഹം ലോകകപ്പിലും പുറത്തെടുത്തത്. സൗദി താരം സലീം അല്‍ ദൗസാരിയുടെ കനത്ത ഷോട്ടാണ് സെസ്‌നിയുടെ ഗ്ലൗവിലൊതുങ്ങിയത്. പിന്നായെ മുഹമ്മദ് ബുരായക്കിന്റെ പോയിന്റ് ബ്ലാങ്കില്‍ നിന്നുള്ള ശ്രമവും കൈപ്പിടിയിലൊതുക്കാന്‍ സെസ്‌നിക്കായി.

ഇന്ന് മെസിക്കെതിരേ

ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ പോളണ്ടിനെ നേരിടാനിറങ്ങുന്ന ഇതിഹാസ താരം ലയണല്‍ മെസിയും അര്‍ജന്റീനയും ഏറ്റവും ഭയപ്പെടുന്നതും സെസ്‌നിയുടെ ഗോള്‍കീപ്പിങ് മികവിനെയാണ്. മത്സരം ഇതിനോടകം മെസി-ലെവന്‍ഡോവ്‌സ്‌കി പോരാട്ടമെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു കഴിഞ്ഞു.

എന്നാല്‍ അത് മെസി-സെസ്‌നി പോരാട്ടമായിരിക്കുമെന്നാണ് ഫുട്‌ബോള്‍ നിരീക്ഷകര്‍ പറയുന്നത്. മെസിയെ നേരിടാന്‍ കാത്തിരിക്കുകയാണെന്ന് സെസ്‌നിയും വ്യക്തമാക്കി. ''ലിയോ മികച്ച പെനാല്‍റ്റി ടേക്കറാണ്. പോസ്റ്റിന്റെ ഇരുവശത്തേക്കും മധ്യത്തിലേക്കും ഒരേ വൈദഗ്ദ്ധ്യത്തോടെ കിക്കെടുക്കാന്‍ അദ്ദേഹത്തിനാകും. ഞാന്‍ അദ്ദേഹത്തെ നേരിടാന്‍ കാത്തിരിക്കുകയാണ്''- സെസ്‌നി പറഞ്ഞു.

പരുക്കില്‍ നിന്നുള്ള തിരിച്ചുവരവ്

മുപ്പത്തിരണ്ടു കാരനായ സെസ്‌നി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആഴ്‌സണലിലൂടെയാണ് വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്. 2006-ല്‍ ആഴ്‌സണലിന്റെ യൂത്ത് ടീമില്‍ എത്തിയ താരം 2009-ലാണ് സീനിയര്‍ ടീമില്‍ എത്തിയത്. എന്നാല്‍ സീനിയര്‍ ടീം അരങ്ങേറ്റത്തിനും മുമ്പേ ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ വരെ ആലോചിച്ച നിമിഷങ്ങളുണ്ടായിട്ടുണ്ട് സെസ്‌നിയുടെ ജീവിതത്തില്‍.

2008-ലായിരുന്നു അത്. ആഴ്‌സണല്‍ യൂത്ത് ടീമില്‍ കളിക്കവെ ജിംനേഷ്യത്തില്‍ വച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റപ്പോഴായിരുന്നു അത്. ജിമ്മില്‍ സ്‌ക്വാറ്റ് ചെയ്യുന്നതിനിടെ ബാലന്‍സ് തെറ്റി ഭാരം ശരീരത്തിലേക്കു വീണ് ഇരു കൈകള്‍ക്കും ഒടിവ് സംഭവിക്കുകയായിരുന്നു.

രണ്ടു കൈകളുടെയും അസ്ഥി ഒടിഞ്ഞു സ്ഥാനം തെറ്റിയ നിലയിലാണ് സെസ്‌നിയെ ആശുപത്രിയില്‍ എത്തിച്ചത്. എട്ടു മാസത്തെ ചികിത്സയ്ക്കു ശേഷമാണ് താരത്തിനു പിന്നീട് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഇറങ്ങാന്‍ സാധിച്ചത്. ആ സമയത്താണ് വിരമിക്കലിനെക്കുറിച്ചു പോലും ചിന്തിച്ചത്. അന്നത്തെ ആഴ്‌സണല്‍ സീനിയര്‍ ടീം കോച്ച് ആഴ്‌സന്‍ വെങ്ങറുടെ ഇടപെടലുകളാണ് മാനസികമായി തകര്‍ന്ന നിലയില്‍ നിന്നു സെസ്‌നിയെ രക്ഷപെടുത്തിയത്.

logo
The Fourth
www.thefourthnews.in