പോര്‍ച്ചുഗലിന്റെ തോല്‍വിക്ക് കാരണം അര്‍ജന്റീനന്‍ റഫറി; അംഗീകരിക്കാനാവാത്ത നടപടിയെന്ന് പെപെ
ക്വാര്‍ട്ടറില്‍ മൊറോക്കയോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റ് ലോകകപ്പില്‍നിന്ന് പുറത്തായതിന് പിന്നാലെ, റഫറീയിങ്ങിനെ വിമര്‍ശിച്ച് പോര്‍ച്ചുഗല്‍ ഡിഫെന്‍ഡര്‍ പെപെ. അര്‍ജന്റീനക്കാരനായ റഫറി ഫകുണ്ടോ ടെല്ലോ ആണ് പോര്‍ച്ചുഗലിന്റെ തോല്‍വിക്ക് കാരണമെന്ന് പെപെ ആരോപിച്ചു. വളരെ മോശം റഫറീയിങ്ങായിരുന്നു. രണ്ടാം പകുതിയില്‍ പോര്‍ച്ചുഗല്‍ മാത്രമാണ് നന്നായി കളിച്ചത്. ഇതിനിടെ ഫൗളുകള്‍ റഫറി കണ്ടില്ല. ആഡഡ് ടൈമായി എട്ട് മിനുറ്റ് മാത്രമാണ് തന്നതെന്നും പെപെയെ ഉദ്ധരിച്ച് ഒ ജോഗോ റിപ്പോര്‍ട്ട് ചെയ്തു.
മെസി ഇന്നലെ പറഞ്ഞതിനുശേഷം, ഒരു അര്‍ജന്റീനക്കാരന്‍ റഫറി മത്സരം നിയന്ത്രിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പെപെ പറഞ്ഞു. മത്സരത്തിന്റെ 90 മിനുറ്റിലും ഇടക്കിടെ റഫറി വിസില്‍ മുഴക്കിക്കൊണ്ടിരുന്നു. ഒരു യെല്ലോ കാര്‍ഡ് തരുകയോ, അറ്റെന്‍ഷന്‍ വിളിക്കുകയോ ചെയ്തില്ല. രണ്ടാം പകുതിയില്‍ പോര്‍ച്ചുഗല്‍ നന്നായി കളിച്ചു. പക്ഷേ എതിര്‍ ഗോള്‍ കീപ്പര്‍ കളി സാവധാനത്തിലാക്കാന്‍ ശ്രമിച്ചു. എന്നിട്ടും എട്ട് മിനുറ്റ് മാത്രമാണ് ആഡഡ് ടൈമായി അനുവദിച്ചത്. പോര്‍ച്ചുഗലാണ് നന്നായി കളിച്ചത്. എന്നാല്‍, ഗോള്‍ നേടാനായില്ല. ലോകകപ്പ് നേടാന്‍ യോഗ്യതയുള്ള ടീമായിരുന്നു പോര്‍ച്ചുഗല്‍. എന്നാല്‍ ഭാഗ്യം തുണച്ചില്ലെന്നും പെപെ കൂട്ടിച്ചേര്‍ത്തു.
നെതര്‍ലന്‍ഡ്‌സ്-അര്‍ജന്റീന മത്സരം നിയന്ത്രിച്ച സ്പാനിഷ് റഫറി അന്റോണിയോ മത്തേയു ലാഹോസിനെതിരെ മെസി ഇന്നലെ രംഗത്തെത്തിയിരുന്നു. നെതര്‍ലന്‍ഡ്‌സ്-അര്‍ജന്റീന മത്സരത്തില്‍ ലാഹോസ് 19 യെല്ലോ കാര്‍ഡുകള്‍ പുറത്തെടുത്തിരുന്നു. റഫറിയുമായി തര്‍ക്കിച്ചതിന് മെസിയും യെല്ലോ കാര്‍ഡ് കണ്ടിരുന്നു. ഏറെ നിര്‍ണായകമായ മത്സരത്തില്‍ ഇത്തരത്തില്‍ റഫറിയെ അനുവദിക്കരുതെന്നായിരുന്നു മത്സരശേഷം മെസിയുടെ പ്രതികരണം. ഒരു റഫറി ഒരിക്കലും തന്റെ ദൗത്യത്തില്‍ പരാജയപ്പെടാന്‍ പാടില്ല. ഇക്കാര്യങ്ങള്‍ ഫിഫ ശ്രദ്ധിക്കുമെന്ന് കരുതുന്നു, എന്നായിരുന്നു മെസിയുടെ വാക്കുകള്‍. ഇതിനു പിന്നാലെയാണ് പെപെയുടെ പ്രതികരണം.
അതേസമയം, പെപെയുടെ ആരോപണങ്ങള്‍ പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് തള്ളി. റഫറിമാരുടെ ഇടപെടല്‍ ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ല. കളിക്കിടെ അവര്‍ ഫൗളുകള്‍ വിളിച്ചിരുന്നു. അതിനെ പഴി പറയേണ്ട ആവശ്യമില്ല. അത് തോല്‍വിക്ക് കാരണമായിട്ടില്ലെന്നും മത്സരശേഷം വാര്‍ത്താസമ്മേളനത്തില്‍ സാന്റോസ് പറഞ്ഞു.