കാലിടറി ഘാന; ജയിച്ചിട്ടും നിരാശരായ് യുറുഗ്വായ്
2010 ലോകകപ്പിലെ സെമിഫൈനല്‍ സ്വപ്‌നം തകര്‍ത്ത സുവാരസിനോടും സംഘത്തോടും ഖത്തറില്‍ പകരം വീട്ടാനിറങ്ങിയ ഘാനയ്ക്ക് പിഴച്ചു. ടൂര്‍ണമെന്റില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ചിരുന്ന യുറുഗ്വായോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റ് ആഫ്രിക്കന്‍ കരുത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ജയിച്ചെങ്കിലും അടിച്ച ഗോളുകളുടെ എണ്ണത്തില്‍ ദക്ഷിണ കൊറിയയ്ക്ക് പിന്നിലായി യുറുഗ്വായും പ്രീക്വാര്‍ട്ടര്‍ കാണാതെ മടങ്ങി.
ജയിക്കുന്ന ടീമിന് പ്രീക്വാര്‍ട്ടര്‍ എളുപ്പമാക്കാം എന്നിരിക്കെ ആവേശം നിറഞ്ഞ മത്സരം കാത്തിരുന്നവര്‍ക്ക് നിരാശയായിരുന്നു ഫലം. പോര്‍ച്ചുഗലിനും ദക്ഷിണകൊറിയയ്ക്കുമെതിരെ പുറത്തെടുത്ത പോരാട്ടം ഘാനയില്‍ നിന്നുണ്ടായില്ല. ആദ്യ പകുതിയില്‍ തന്നെ ഗോള്‍ വഴങ്ങിയ ഘാന, അവസരമായി ലഭിച്ച പെനാല്‍റ്റിയും നഷ്ടമാക്കി.
കുഡുസിനെ ഗോളി റോഷെ ഫൗള്‍ ചെയ്തതിന് ഘാനയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത് തര്‍ക്കത്തിന് ഇടയാക്കിരുന്നു. വാറിലൂടെയായിരുന്നു പെനാല്‍റ്റി വിധിച്ചത്. എന്നാല്‍ ആന്ദ്രെ അയൂ എടുത്ത പെനാല്‍റ്റി ഗോളിയുടെ കൈകളില്‍ ഒതുങ്ങി. പത്ത് മിനുറ്റിനിപ്പുറം യുറുഗ്വായ് ലീഡ് നേടി. 26ാം മിനുറ്റില്‍ ഡെ അരസ്‌കറ്റയുടെ വകയായിരുന്നു നിര്‍ണായക ലീഡ്. ഘാന പ്രതിരോധത്തിലെ വീഴ്ച യുറുഗ്വായ് ഗോളാക്കി. ഈ ലോകകപ്പില്‍ യുറുഗ്വായുടെ ആദ്യ ഗോളായിരുന്നു ഇത്. 32ാം മിനുറ്റില്‍ ഡെ അരസ്‌കറ്റ രണ്ടാം തവണ ലക്ഷ്യം കണ്ടു. ആദ്യ പകുതിയവസാനിക്കുമ്പോള്‍ 2-0 ന്റെ ലീഡ്.
അവസാന മത്സരത്തിന് മുന്‍പ് പട്ടികയില്‍ അവസാന സ്ഥാനക്കാരായിരുന്നു യുറുഗ്വായ്. ഘാനയ്‌ക്കെതിരെ രണ്ട് ഗോള്‍ മുന്നിട്ട് നിന്നതോടെ ആദ്യ പകുതിയവസാനിക്കുമ്പോള്‍ അവര്‍ പ്രീക്വാര്‍ട്ടര്‍ സ്വപ്‌നം കണ്ട് തുടങ്ങിയിരുന്നു. രണ്ടാം പകുതിയില്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ ഘാന നടത്തിയെങ്കിലും ഫലം കണ്ടില്ല. പ്രീക്വാര്‍ട്ടര്‍ ഏറെക്കുറെ ഉറപ്പിച്ചിരിക്കുമ്പോഴാണ് ആശങ്കയായാണ് പോര്‍ച്ചുഗലിനെതിരെ ദക്ഷിണ കൊറിയ ലീഡ് നേടിയ വാര്‍ത്തയെത്തുന്നത്. ബിഗ്‌സ്‌ക്രീനില്‍ ദക്ഷിണ കൊറിയന്‍ ലീഡ് തെളിഞ്ഞതോടെ യുറുഗ്വായ് ആരാധകരും താരങ്ങളും നിരാശയിലായി. ഒരു ഗോള്‍ കൂടി നേടിയാല്‍ പ്രീക്വാര്‍ട്ടറില്‍ കടക്കാമെന്നിരിക്കെ ഗോളിനായി അവസാന മിനുറ്റുകളിലും ആഡ് ഓണ്‍ ടൈമിലും ലാറ്റിനമേരിക്കന്‍ സംഘം കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ നിര്‍ണായക ഗോളും അതുവഴി പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തും യുറുഗ്വായ്ക്ക് കനിഞ്ഞില്ല. ഗോള്‍ വ്യത്യാസത്തില്‍ തുല്യത പാലിച്ചെങ്കിലും നേടിയ ഗോളുകളുടെ എണ്ണത്തിലാണ് യുറുഗ്വായ് ദക്ഷിണ കൊറിയയ്ക്ക് പിന്നിലായത്.