മെസിയെ മെരുക്കാൻ നെതർലൻഡ്‌സ്, പദ്ധതി വെളിപ്പെടുത്തി വാൻ ഗാൽ
ലോകകപ്പ് ഫുട്‌ബോളില്‍ സെമി ഫൈനൽ ഉറപ്പിക്കാൻ ടീമുകൾ ഇറങ്ങുമ്പോൾ, ആരാധകരെ ആവേശത്തിലാക്കുന്ന പോരാട്ടങ്ങൾക്കാകും ഖത്തർ വേദിയാവുക. 2014 സെമിഫൈനലിന്റെ ആവർത്തനമാണ് ഇത്തവണത്തെ രണ്ടാം ക്വാർട്ടർ ഫൈനൽ. അന്ന് ഷൂട്ടൗട്ടില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ട് ബ്രസീലിൽ നിന്ന് മടങ്ങാനായിരുന്നു നെതർലൻഡ്‌സിന്റെ വിധി.
കൊറിന്ത്യന്‍സ് അരീനയിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിലായിരുന്നു. അധിക സമയവും കഴിഞ്ഞ് പെനാൽറ്റിയിലേക്ക് നീണ്ട മത്സരത്തിൽ റോണോ വ്‌ളാറിനും വെസ്ലി സ്നൈഡറിനും പിഴച്ചപ്പോൾ 1990ന് ശേഷമുള്ള അർജന്റീനയുടെ ഫൈനൽ പ്രവേശം സാധ്യമായി.
എതിരാളികളുടെ നീക്കങ്ങൾ മനസിലാക്കി അവരെ പൂട്ടാനുള്ള പണിപ്പുരയിലാണ് അന്നും ടീമിന്റെ പരിശീലകനായിരുന്ന വാൻ ഗാൽ. ഏതൊരു എതിരാളിയെയും പോലെ ലയണൽ മെസി തന്നെയാകും നെതർലൻഡ്‌സിന്റെയും പ്രധാന തലവേദന. എന്നാൽ മെസിയുടെ നീക്കങ്ങൾക്ക് പൂട്ടിടാനുള്ള തന്ത്രം തനിക്ക് അറിയാമെന്നാണ് ഡച്ച് പരിശീലകന്റെ പുതിയ അവകാശ വാദം. എതിരാളികൾ പന്ത് കൈവശം വച്ച് കളിക്കുകയാണെങ്കിൽ മെസിയ്ക്ക് കാര്യമായൊന്നും ചെയ്യാൻ സാധിക്കാറില്ലെന്നാണ് വാൻ ഗാലിന്റെ നിരീക്ഷണം.
"മെസി അപകടകാരിയായ കളിക്കാരനാണ്, അദ്ദേഹത്തിന് ഗോൾ അടിക്കുന്നതിനോടൊപ്പം ഗോൾ അടിപ്പിക്കാനും അറിയാം, എന്നാൽ പന്തിന്റെ നിയന്ത്രണം എതിരാളികൾ ഏറ്റെടുത്താൽ അദ്ദേഹത്തിന് മത്സരത്തിലെ ആധിപത്യം നഷ്ട്ടമാകും അത് മുതലാക്കണം" വാൻ ഗാൽ പറഞ്ഞു.