ഫുട്‌ബോള്‍ കവിത പോലെ മനോഹരമാണ്, ലോകകപ്പ് യോഗ്യത ഇന്ത്യക്ക് കിട്ടാക്കനിയല്ല: 
ബെല്‍ജിയം ടീമിലെ മലയാളി പറയുന്നു

ഫുട്‌ബോള്‍ കവിത പോലെ മനോഹരമാണ്, ലോകകപ്പ് യോഗ്യത ഇന്ത്യക്ക് കിട്ടാക്കനിയല്ല: ബെല്‍ജിയം ടീമിലെ മലയാളി പറയുന്നു

ഫുട്‌ബോള്‍ കവിത പോലെ മനോഹരമായൊരു കായിക വിനോദമാണെങ്കിലും കളി കാര്യമാകുമ്പോള്‍ സംഗതി എളുപ്പമല്ല. കളി മികവിനൊപ്പം മനസാന്നിധ്യവും നിര്‍ണായകമാണ് മൈതാനത്ത്.
Updated on
2 min read

ലോകകപ്പില്‍ ജയത്തുടക്കവുമായി പ്രതീക്ഷ കാത്തിരിക്കുകയാണ് ബെല്‍ജിയം. കാനഡയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച്‌ ലോകകപ്പില്‍ സ്വപ്‌നയാത്ര തുടങ്ങിയ ബെല്‍ജിയം ടീമിന് കരുത്തായി ഒരു മലയാളി സാന്നിധ്യമുണ്ട്. കൊച്ചിക്കാരന്‍ വിനയ് പി മേനോന്‍. ഔദ്യോഗികമായി ഖത്തര്‍ ലോകകപ്പിന്‌റെ ഭാഗമാകുന്ന ഏക ഇന്ത്യക്കാരനാണ് ബെല്‍ജിയം ടീമിന്‌റെ വെല്‍നെസ് കോച്ചായ വിനയ്.

ഫുട്‌ബോള്‍ കവിത പോലെ മനോഹരമായൊരു കായിക വിനോദമാണെങ്കിലും കളി കാര്യമാകുമ്പോള്‍ സംഗതി എളുപ്പമല്ല. കളി മികവിനൊപ്പം മനസാന്നിധ്യവും നിര്‍ണായകമാണ് മൈതാനത്ത്. കരിയര്‍ നിലനിര്‍ത്തണം, ഫോം കണ്ടെത്തണം ആരാധകരുടെയും രാജ്യത്തിന്‌റെയും പ്രതീക്ഷ കാക്കണം; പന്ത് തട്ടുമ്പോള്‍ ഓരോ കളിക്കാരന്‌റെയും ഉള്ളില്‍ എന്തൊക്കെ കാര്യങ്ങള്‍ മിന്നിമറയുന്നുണ്ടാകാം. കുടുംബ സാഹചര്യങ്ങളും വൈകാരിക പ്രതിസന്ധിയുമെല്ലാം മറികടക്കണം. അവിടെയാണ് വെല്‍നെസ് പരിശീലകന്‌റെ റോള്‍.

എറണാകുളം ചെറായി സ്വദേശിയായ വിനയ് പി മേനോന്‍ സംസ്ഥാനതല ജൂഡോ ചാമ്പ്യനായിരുന്നു. കായികാധ്യാപനത്തില്‍ എംഫില്‍ എടുത്തു. തുടര്‍ന്ന് യോഗാ പഠനം. ഇതിന് ശേഷമാണ് മാനസികാരോഗ്യം-വെല്‍നെസ് ട്രെയിനിങ് മേഖലയിലേക്ക് ചുവടുമാറിയത്.

ദുബായിയില്‍ വെല്‍നെസ് എക്‌സ്‌പേര്‍ട്ടായി പ്രവര്‍ത്തിക്കുമ്പോഴാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിയിലേക്ക് വിനയ് മേനോന് ക്ഷണം ലഭിക്കുന്നത്. ഇതിന് വഴിവെച്ചത് ചെല്‍സി ഉടമ റോമന്‍ അബ്രമോവിച്ചുമായുള്ള ബന്ധവും. 2009 മുതല്‍ ചെല്‍സി പരിശീലക സംഘത്തിലുണ്ടായ വിനയ്, ടീം രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുമ്പോള്‍ പങ്കാളിയായി. യുവേഫാ നാഷന്‍സ് ലീഗ് മുതല്‍ ബെല്‍ജിയത്തിനൊപ്പമുണ്ട്. നിരവധി സെലിബ്രിറ്റികളും നേതാക്കളും ബിസിനസുകാരും വിനയിയില്‍ നിന്ന് ട്രെയിനിങ് നേടുന്നുണ്ട്.

''ഒരാളുടെ മാനസികാവസ്ഥ അയാളുടെ വിജയത്തില്‍ ഏറെ നിര്‍ണായകമാണ്.  അവനവനെകുറിച്ചുള്ള അറിവ് വിജയവഴിയിലേക്ക് എത്തിക്കും. സ്വയം കണ്ടെത്താന്‍ ഒരാളെ സഹായിക്കുക, അതുവഴി അയാളുടെ കഴിവിന്‌റെ പരമാവധി പുറത്തെടുക്കാനും നേട്ടങ്ങള്‍ കൊയ്യാനും സഹായിക്കുകയാണ് ഞാന്‍'' -വിനയ് പറയുന്നു.

ഔദ്യോഗികമായി ഖത്തര്‍ ലോകകപ്പിന്‌റെ ഭാഗമാകുന്ന ഏക ഇന്ത്യക്കാരനാണ് ബെല്‍ജിയം ടീമിന്‌റെ വെല്‍നെസ് കോച്ചായ വിനയ്.

ഇന്ത്യയ്ക്കായൊരു സ്വപ്നം

ലോകകപ്പ് വേദിയില്‍ ബെല്‍ജിയത്തിനൊപ്പം നില്‍ക്കുമ്പോഴും വിനയിയുടെ മനസ് ജന്മനാട്ടിലാണ്. എന്തുകൊണ്ട് ഒരു ഫുട്‌ബോള്‍ ശക്തിയായി മാറാന്‍ ഇന്ത്യക്കാകുന്നില്ല? ലോകകപ്പില്‍ എന്നാകും ഇന്ത്യക്ക് കളിക്കാനാകുക? യൂറോപ്പിലെ പ്രൊഫഷണല്‍ ഫുട്‌ബോളിനെ നേരില്‍ കണ്ടറിഞ്ഞ വിനയ് പറയുന്നത് താഴെത്തട്ടുമുതല്‍ ചിട്ടയായ പ്രവര്‍ത്തനം നടത്തിയാല്‍ എല്ലാം സാധ്യമാകുമെന്നാണ്. അത്തരം പ്രവര്‍ത്തനങ്ങളില്‍ തന്നാലാകും വിധം സഹകരിക്കാന്‍ തയ്യാറെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മാനസികാരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കായിക വിദ്യാഭ്യാസത്തിനാകുമെന്നാണ് വിനയ് പി മോനോന്റെ അനുഭവ സാക്ഷ്യം. പ്രൈമറി സ്‌കൂള്‍തലം മുതല്‍ പഠനത്തോടൊപ്പം കളികള്‍ക്കും പ്രാധാന്യം നല്‍കണം. 'മി ടൈ'മും അവധികളും വിനോദങ്ങളും എല്ലാം ചേരുന്നതാകണം ചര്യകള്‍. ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഇത് അനിവാര്യമെന്നും അദ്ദേഹം അഭിപ്രായപ്പട്ടു. കഴിവില്ലാത്തതല്ല അത് പ്രയോജനപ്പെടുത്തും വിധം ശാരീരിക -മാനസികാരോഗ്യം ഇല്ലാത്തതാണ് നമ്മുടെ പ്രശ്‌നമെന്നും അദ്ദേഹം ദ ഫോർത്തിനോട് പറഞ്ഞു.

സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചിട്ടും ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം വരെ നേടിയിട്ടും ലോകകപ്പില്‍ മാത്രം മുത്തമിടാനായില്ലെന്ന സങ്കടം തീര്‍ക്കാന്‍ ബെല്‍ജിയത്തിന് കിട്ടിയ സുവര്‍ണാവസരമാണ്‌ ഖത്തര്‍ ലോകകപ്പ്. എഡന്‍ ഹസാര്‍ഡ്, ഡിബ്രൂയിന്‍, ലുകാകു തുടങ്ങിയ സുവര്‍ണനിര ആരെയും വെല്ലുന്നതാണ്. റഷ്യന്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍ കിരീടമേന്താന്‍ സര്‍വസന്നാഹങ്ങളുമായി ഖത്തറിലിറങ്ങുമ്പോള്‍ മലയളക്കരയ്ക്കും അഭിമാനിക്കാം വിനയ് പി മേനോനിലൂടെ.

logo
The Fourth
www.thefourthnews.in