'ട്രോഫിയുടെ എണ്ണം കൊണ്ട് നിര്‍വചിക്കാനാകുന്നതല്ല അദ്ദേഹത്തിന്റെ മഹത്വം' -റൊണോയെ പിന്തുണച്ച് കോഹ്ലി

'ട്രോഫിയുടെ എണ്ണം കൊണ്ട് നിര്‍വചിക്കാനാകുന്നതല്ല അദ്ദേഹത്തിന്റെ മഹത്വം' -റൊണോയെ പിന്തുണച്ച് കോഹ്ലി

മത്സരത്തിനു പിന്നാലെ കരഞ്ഞുകൊണ്ട് കളംവിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിക്കല്‍ സൂചനകളും നല്‍കിയിരുന്നു
Updated on
1 min read

ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോടേറ്റ പരാജയം പോര്‍ച്ചുഗലിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് മാത്രമല്ല വിരാമമിട്ടിരിക്കുന്നത് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കരിയറിനുകൂടിയാണ്. മത്സരത്തിനു പിന്നാലെ കരഞ്ഞുകൊണ്ട് കളംവിട്ട താരം വിരമിക്കല്‍ സൂചനകളും നല്‍കിയിരുന്നു. എന്നാല്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ റൊണാള്‍ഡോയ്ക്ക് പിന്തുണയുമായെത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോഹ്ലിയും സൂപ്പര്‍ താരത്തെ പിന്തുണച്ച് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

ട്രോഫിയുടെ എണ്ണം കൊണ്ട് നിര്‍വചിക്കാനാകുന്നതല്ല അദ്ദേഹത്തിന്റെ മഹത്വമെന്നും കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

എക്കാലത്തെയും മികച്ച താരം എന്നാണ് റൊണാള്‍ഡോയെ വിരാട് കോഹ്ലി വിശേഷിപ്പിച്ചത്. കായികരംഗത്തും ലോകമെമ്പാടുമുള്ള ആരാധകരിലും റൊണാള്‍ഡോ ചെലുത്തിയ സ്വാധീനം വളരെ വലുതാണെന്നും ട്രോഫിയുടെ എണ്ണം കൊണ്ട് നിര്‍വചിക്കാനാകുന്നതല്ല അദ്ദേഹത്തിന്റെ മഹത്വമെന്നും കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും പ്രതിരൂപമായ റൊണാള്‍ഡോ ഏതൊരു കായികതാരത്തിനും യഥാര്‍ത്ഥ പ്രചോദനമാണെന്നും റൊണാള്‍ഡോയുടെ ചിത്രം പങ്കുവെച്ച് കോഹ്ലി എഴുതി.

കരിയറിലെ മോശം അനുഭവങ്ങളാണ് ഖത്തര്‍ ലോകകപ്പ് അദ്ദേഹത്തിന് സമ്മാനിച്ചത്.

ഇതുവരെയും വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 37കാരനായ താരം അടുത്ത ലോകകപ്പില്‍ പോര്‍ച്ചുഗലിനായി ജഴ്‌സിയണിയാനുള്ള സാധ്യത കുറവാണ്. അഞ്ച് ലോകകപ്പുകളില്‍ പോര്‍ച്ചുഗലിനായി ഗോള്‍ നേടിയ ഏക താരമെന്ന റെക്കോഡ് ഈ ലോകകപ്പില്‍ റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. എന്നാല്‍ കരിയറിലെ മോശം അനുഭവങ്ങളാണ് ഖത്തര്‍ അദ്ദേഹത്തിന് സമ്മാനിച്ചത്.

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് ഗോണ്‍കാലോ റാമോസിനെ കളത്തിലിറക്കി റൊണാള്‍ഡോയെ ബെഞ്ചിലിരുത്തുകയായിരുന്നു. മൊറോക്കോയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലും ആദ്യപകുതിയില്‍ റൊണാള്‍ഡോയെ കളത്തിലിറക്കിയിരുന്നില്ല. പോര്‍ച്ചുഗലിനായി യൂറോ കപ്പ് നേഷന്‍സ് ലീഗ് എന്നീ രണ്ട് പ്രധാന ട്രോഫികളാണ് നായകന്‍ റൊണാള്‍ഡോ നേടിക്കൊടുത്തിട്ടുള്ളത്.

logo
The Fourth
www.thefourthnews.in