ബെയില്‍ രക്ഷകനായി; അമേരിക്കയ്‌ക്കെതിരെ സമനില പിടിച്ച്‌ വെയില്‍സ്

ബെയില്‍ രക്ഷകനായി; അമേരിക്കയ്‌ക്കെതിരെ സമനില പിടിച്ച്‌ വെയില്‍സ്

ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി
Updated on
1 min read

64 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കാല്‍പ്പന്തിന്‌റെ വിശ്വമേളയ്‌ക്കെത്തിയ വെയില്‍സിന് ഒടുവില്‍ സൂപ്പര്‍ താരം ഗാരത് ബെയില്‍ രക്ഷകനായി. അമേരിക്കയുടെ ആധിപത്യത്തിന് മുന്നില്‍ വെയില്‍സിന് മുട്ടുമടക്കേണ്ടിവരുമെന്ന് തോന്നിച്ചെങ്കിലും വീണുകിട്ടിയ പെനാല്‍റ്റി അവസരം മുതലാക്കിയ ബെയില്‍ മത്സരം സമനിലയിലാക്കി.1958 ന് ശേഷമുള്ള ആദ്യ ലോകകപ്പ് മത്സരം കാണാന്‍ ചുവന്ന കുപ്പായമണിഞ്ഞെത്തി ഗ്യാലറി കയ്യടക്കിയ വെയില്‍ ആരാധകര്‍ക്ക് ഒടുവില്‍ അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ ആഘോഷരാവ്. ഇറാനെ ഇംഗ്ലണ്ട് വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുകയും യുഎസ്എ - വെയില്‍സ് മത്സരം സമനിലയില്‍ പിരിയുകയും ചെയ്തതോടെ ഗ്രൂപ്പ് ബിയില്‍ ഇപ്പോഴും സാധ്യതകള്‍ പല കോണില്‍ തുറന്നിരിക്കയാണ്.

2014 ന് ശേഷം ഇടവേള കഴിഞ്ഞാണ് അമേരിക്ക ലോകകപ്പിന് എത്തുന്നത്. ആദ്യ പകുതിയില്‍ യുഎസ്എയുടെ ശക്തമായ പോരാട്ടമാണ് കണ്ടത്. താളം കണ്ടെത്താന്‍ യുറോപ്യന്‍ ടീം പാടുപെട്ടു. മത്സരത്തിന്‌റെ ഗതി പോലെ 36ാം മിനുറ്റില്‍ യുഎസ്എ മുന്നിലെത്തി. ക്രിസ്റ്റിയന്‍ പുലിസിച്ചിന്‌റെ സഹായത്താന്‍ തിമോത്തി വിയയുടെ മനോഹരമായ ഗോള്‍. രണ്ടാം പകുതിയില്‍ പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും വെയില്‍സിന് കിട്ടിയ അവസരങ്ങള്‍ ഗോളാക്കാനായില്ല.

അമേരിക്ക മൂന്ന് പോയിന്‌റ് സ്വന്തമാക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് സുവര്‍ണാസരമായി പെനല്‍റ്റി ലഭിക്കുന്നത്. ബെയിലിനെ വീഴ്ത്തിയ സിമ്മര്‍മാന്‌റെ ഫൗളിന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. മത്സരത്തിലാകെ നിറംമങ്ങിയെങ്കിലും നിര്‍ണായക പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ബെയില്‍ ടീമിന്‌റെ രക്ഷകനായി. 82ാം മിനുറ്റില്‍ സ്‌കോര്‍ 1-1. തുടര്‍ന്ന് ഇരു ടീമുകളും ചില മുന്നേറ്റങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട്, യുഎസ്എയെയും വെയില്‍സ് ഇറാനെയും നേരിടും.

logo
The Fourth
www.thefourthnews.in