ഇംഗ്ലണ്ടിനെ 'പുഴുങ്ങി' തളച്ചതോ? ഗുരുതര ആരോപണം, നിഷേധിച്ച് ഫിഫ

ഇംഗ്ലണ്ടിനെ 'പുഴുങ്ങി' തളച്ചതോ? ഗുരുതര ആരോപണം, നിഷേധിച്ച് ഫിഫ

യുഎസിനെതിരായ മത്സരത്തില്‍ ആദ്യ 30 മിനിറ്റിനുള്ളില്‍ തന്നെ താരങ്ങള്‍ തളര്‍ന്നുതുടങ്ങിയെന്നും കടുത്ത ചൂടും നിര്‍ജലീകരണവുമാണ് അതിന് കാരണമെന്നും ഇംഗ്ലീഷ് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Updated on
1 min read

കാല്‍പ്പന്ത് കളിയെ ഫുട്‌ബോള്‍ എന്നു വിളിക്കുന്ന ഇംഗ്ലണ്ടും സോക്കര്‍ എന്നു വിളിക്കുന്ന യുഎസും ഖത്തര്‍ ലോകകപ്പില്‍ മുഖാമുഖം ഏറ്റുമുട്ടിയത് കഴിഞ്ഞ ദിവസമാണ്. സോക്കറും ഫുട്‌ബോളും ഏറ്റുമുട്ടിയപ്പോള്‍ ഇരുപക്ഷത്തിനും ജയമില്ലാതെ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിക്കുകയാണ് ചെയ്തത്.

ആദ്യ മത്സരത്തില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത ഇരുടീമുകളും പക്ഷേ അതേ പ്രകടനം ആവര്‍ത്തിക്കാനാകാതെയാണ് പോയിന്റ് പങ്കുവച്ചത്. ഈ ലോകകപ്പില്‍ ഇതുവരെ പിറന്ന അനേകം സമനില പോരാട്ടങ്ങളില്‍ ഒന്നെന്ന തരത്തില്‍ മാത്രം രേഖപ്പെടുത്തേണ്ട ഈ മത്സരം ഇപ്പോള്‍ വിദേശ മാധ്യമങ്ങളില്‍ വലിയ തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ്.

അതിനും മാത്രം ഈ മത്സരത്തില്‍ എന്തുണ്ടായി എന്ന ചോദ്യത്തിന് ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീമിന്റെ ഒരു പരാതിയാണ് ഉത്തരം. യുഎസിനെതിരായ മത്സരത്തില്‍ സ്‌റ്റേഡിയത്തില്‍ എയര്‍ കണ്ടീഷനിങ് സംവിധാനം പ്രവര്‍ത്തിപ്പിക്കാതെ കടുത്ത ചൂടില്‍ തങ്ങളെ കളിപ്പിക്കാന്‍ ഗൂഡാലോചന നടന്നതായാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം മാനേജ്‌മെന്റിന്റെ പരാതി.

ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു വ്യക്തമായതായാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മത്സരം നടന്ന അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ എയര്‍കണ്ടീഷനിങ് സംവിധാനം കിക്കോഫിന് ഒരു മണിക്കൂര്‍ മുമ്പ് ഓഫ് ചെയ്തിരുന്നതായി സ്‌റ്റേഡിയം അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫിഫ നിര്‍ദേശ പ്രകാരം ഖത്തര്‍ ലോകകപ്പില്‍ എല്ലാ സ്‌റ്റേഡിയങ്ങളിലും എയര്‍കണ്ടീഷനിങ് സംവിധാനം കൃത്യമായി പ്രവര്‍ത്തിപ്പിച്ച് സ്‌റ്റേഡിയത്തിനുള്ളിലെ താപനില 24 ഡിഗ്രി സെല്‍ഷ്യസ് ആയി നിലനിര്‍ത്തേണ്ടതാണ്. എന്നാല്‍ ഇംഗ്ലണ്ട്-യുഎസ്എ മത്സരം നടന്നപ്പോള്‍ എയര്‍കണ്ടീഷനിങ് സംവിധാനം കിക്കോഫന് ഒരു മണിക്കൂര്‍ മുമ്പേ ഓഫ് ചെയ്തിരുന്നതിനാല്‍ സ്‌റ്റേഡിയത്തിലെ താപനില 29 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇറാനെതിരേ കളിച്ചപ്പോള്‍ സ്‌റ്റേഡിയത്തിലെ താപനില 24 ഡിഗ്രിയായിരുന്നു. ഇംഗ്ലീഷ് താരങ്ങള്‍ക്ക് അതു പ്രശ്‌നമായിരുന്നില്ല. മത്സരം 6-2ന് അവര്‍ ജയിക്കുകയും ചെയ്തു. എന്നാല്‍ യുഎസിനെതിരായ മത്സരത്തില്‍ ആദ്യ 30 മിനിറ്റിനുള്ളില്‍ തന്നെ താരങ്ങള്‍ തളര്‍ന്നുതുടങ്ങിയെന്നും കടുത്ത ചൂടും നിര്‍ജലീകരണവുമാണ് അതിന് കാരണമെന്നും എയര്‍കണ്ടീഷനിങ് സംവിധാനം കൃത്യമായി പ്രവര്‍ത്തിപ്പിക്കാത്തതാണ് അതിനു കാരണമെന്നും ഡെയ്‌ലി മെയ്ല്‍, ദ സണ്‍ തുടങ്ങിയ ഇംഗ്ലീഷ് മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഫിഫ ഈ ആരോപണം നിഷേധിച്ചു രംഗത്തുവന്നു. അങ്ങനൊരു സംഭവം ഉണ്ടാകാന്‍ സാധ്യതയില്ലെന്നും സ്‌റ്റേഡിയങ്ങളില്‍ എപ്പോഴും കൃത്യമായ താപനില ക്രമീകരിക്കുന്നുണ്ടെന്നും പറഞ്ഞ ഫിഫ ഇക്കാര്യത്തില്‍ ഇംഗ്ലീഷ് ടീം മാനേജ്‌മെന്റ് ഔദ്യോഗികമായി പരാതിപ്പെട്ടാല്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചു.

ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചപ്പോഴേ ഉയര്‍ന്നു വന്ന പ്രശ്‌നമായിരുന്നു ഖത്തറിലെ കടുത്ത ചൂട്. എന്നാല്‍ സ്‌റ്റേഡിയം പൂര്‍ണമായി ശീതീകരിച്ച് പ്രശ്‌നം പരിഹരിക്കാമെന്നു ഖത്തര്‍ നല്‍കിയ ഉറപ്പ് ഫിഫ അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് ലോകകപ്പിനായി നിര്‍മിച്ച എട്ടു സ്‌റ്റേഡിയങ്ങളും പൂര്‍ണമായും ശീതികരിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഈ ലോകകപ്പില്‍ ഇതുവരെ താപനില സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നിരുന്നില്ല. ഇംഗ്ലീഷ് ടീമാണ് ആദ്യമായി പരാതി ഉന്നയിക്കുന്നത്.

logo
The Fourth
www.thefourthnews.in