കളി മാറും; ഇറാന്‍ താരങ്ങളെ ജയിലിലടയ്ക്കുമെന്ന് റിപ്പോര്‍ട്ട്
ദേശീയഗാനം പാടിയില്ലെങ്കില്‍ കുടുംബങ്ങളെ തടവിലാക്കുമെന്ന ഭീഷണിക്കു പിന്നാലെ ഖത്തര്‍ ലോകകപ്പില്‍ യുഎസ്എയ്‌ക്കെതിരെ പരാജയപ്പെട്ട ഇറാന്‍ ഫുട്‌ബോള്‍ ടീം താരങ്ങളെ ജയിലിലടയ്ക്കാന്‍ ഇറാനിയന്‍ ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഫുട്‌ബോള്‍ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട മത്സരങ്ങളിലൊന്നായ ഇറാന്‍-യുഎസ്എ മത്സരത്തില്‍ 1-0 നാണ് യുഎസ്എ ഇറാനെ പരാജയപ്പെടുത്തിയത്.
ഇറാനിലെ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ ദേശീയഗാനം ആലപിക്കാന്‍ ഇറാന്‍ ടീം വിസമ്മതിച്ചിരുന്നു. ടീമിന്റെ ഇത്തരത്തിലുള്ള പ്രതിഷേധം ഭരണകൂടത്തെ ചൊടിപ്പിക്കുകയും യുഎസ്എയ്‌ക്കെതിരായ മത്സരത്തിലും ഇത്തരത്തില്‍ പ്രതിഷേധം തുടര്‍ന്നാല്‍ കുടുംബാംഗങ്ങളെ തടവിലാക്കുമെന്ന ഭീഷണിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മത്സരം പരാജയപ്പെട്ടതിനുശേഷം താരങ്ങളെ ജയിലിലാക്കുമെന്ന സൂചനകളും ഉയരുന്നത്.
മത്സരത്തിനു മുന്‍പു തന്നെ താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്ന നടപടികളാണ് ഇറാന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. യുഎസ്എയ്‌ക്കെതിരായ മത്സരത്തിനു മുന്‍പ് താരങ്ങള്‍ ദേശീയഗാനം ആലപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരാജയത്തോടെ ഇറാന്‍ ലോകകപ്പില്‍ നിന്നും പുറത്തായി.
അതേസമയം സമ്മര്‍ദ്ദ സാഹചര്യങ്ങളെ താരങ്ങള്‍ നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്തുവെന്നും മാതൃരാജ്യം പ്രക്ഷോഭങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരത്തില്‍ പ്രകടനം കാഴ്ചവെച്ച താരങ്ങളെ പ്രശംസിക്കുന്നതായും ടീം മാനേജര്‍ കാര്‍ലോസ് ക്വിറോസ് പ്രതികരിച്ചു.