ചെല്‍സി പകരം വീട്ടിയില്ല, റയല്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍; നാപോളിയെ വീഴ്ത്തി സ്വന്തം തട്ടകത്തില്‍ എ സി മിലാന്
സ്വന്തം മൈതാനത്ത് കടം വീട്ടാമെന്ന ചെല്‍സി പരിശീലകന്‍ ഫ്രാങ്ക് ലമ്പാര്‍ഡിന്റെ തന്ത്രങ്ങള്‍ ഒന്നും ഫലം കണ്ടില്ല. എതിരാളികളെ നിസ്സഹായരാക്കി നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ഉറപ്പിച്ചു. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന രണ്ടാം പാദത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ ചെല്‍സിയെ തകര്‍ത്തത്.
ബദ്ധശത്രുക്കളായ നാപോളിയെ അവരുടെ സ്വന്തം തട്ടകത്തില്‍ വച്ച് കെട്ടുകെട്ടിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം എ സി മിലാനും ചാമ്പ്യന്‍സ് ലീഗ് സെമിബെര്‍ത്ത് ഉറപ്പിച്ചു. ഇരുപാദങ്ങളിലുമായി 2-1 ന്റെ ലീഡ് നേടിയാണ് മിലാന്റെ സെമിഫൈനല്‍ പ്രവേശം.
ബെര്‍ണബ്യൂവില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യപാദത്തില്‍ 2-0 നായിരുന്നു റയലിന്റെ ജയം. സ്വന്തം തട്ടകത്തില്‍ വച്ച് പകരം വീട്ടാനിറങ്ങിയ ചെല്‍സിയുടെ നെഞ്ചിലേക്ക് റയലിനായി ബ്രസീലിയന്‍ ഫോര്‍വേഡ് റോഡ്രിഗോയാണ് രണ്ട് തവണയും നിറയൊഴിച്ചത്. രണ്ടാം പകുതിയിലായിരുന്നു റയലിന്റെ ഇരുഗോളുകളും പിറന്നത്. ആദ്യ പകുതിയില്‍ ചെല്‍സി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല.
രണ്ടാം പകുതിയിലും ആതിഥേയര്‍ ആക്രമണം അഴിച്ചുവിട്ടെങ്കിലും ഫിനിഷിങ്ങില്‍ പിഴച്ചു. മത്സരത്തിന്റെ 58-ാം മിനിറ്റിലും 80-ാം മിനിറ്റിലും റോഡ്രിഗോ ചെല്‍സിയുടെ ഗോള്‍ വല കുലുക്കുകയും ചെയ്തതോടെ ഇരുപാദങ്ങളിലുമായി റയല്‍ 4-0 ന് ആധിപത്യത്തില്‍ ജയം കണ്ടു. തുടര്‍ച്ചയായ നാല് തോല്‍വികളുമായാണ് ചെല്‍സി ഹോംഗ്രൗണ്ടില്‍ ഇറങ്ങിയത്. 1993ന് ശേഷം ആദ്യമായാണ് ചെല്‍സി ചാമ്പ്യന്‍സ് ലീഗിലെ തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ പരാജയപ്പെടുന്നത്.
മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാം പാദത്തില്‍ സ്വന്തം കളിക്കളത്തില്‍ എതിരാളികളായ നാപോളിയെ സമനിലയില്‍ പൂട്ടിയാണ് എ സി മിലാന്റെ സെമി പ്രവേശനം. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇറ്റാലിയന്‍ ടീം ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ എത്തുന്നത്. നേരത്തെ ആദ്യപാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മിലാന്‍ നാപോളിയെ വീഴ്ത്തിയിരുന്നു. രണ്ടാം പാദം 1-1 സമനിലയിലായതോടെ മിലാന്‍ സ്വപ്‌ന സെമിയിലേക്ക് കാലെടുത്തുവച്ചു.
കളിയുടെ 43-ാം മിനിറ്റില്‍ ഒലിവര്‍ ജിറൂദാണ് എസി മിലാന് വേണ്ടി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഒസിമന്‍ നാപ്പോളിക്കായ ഗോള്‍ മടക്കിയെങ്കിലും അത് ഹാന്‍ഡ് ബോളായി. 82ാം മിനിറ്റില്‍ നാപോളിക്ക് പെനാല്‍റ്റിയിലൂടെ ലഭിച്ച സുവര്‍ണാവസരം കീപ്പര്‍ മെഗ്നാന്‍ സേവ് ചെയ്തത് മിലാന് രക്ഷയായി. ഇഞ്ചുറി ടൈമില്‍ ഒസിമന്റെ ഗോളില്‍ നാപോളി സമനില പിടിച്ചെങ്കിലും ഗോള്‍ അഗ്രിഗേറ്റില്‍ 2-1 ന് മിലാന്‍ മുന്നില്‍ എത്തിയിരുന്നു.