ഞങ്ങളെല്ലാം വിനീഷ്യസ്; ബ്രസീല്‍ താരത്തിന്റെ ജഴ്‌സിയില്‍ റയല്‍ ഒന്നടങ്കം
റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറിന് നേർക്കുണ്ടായ വംശീയാധിക്ഷേപത്തിൽ വിനീഷ്യസിനുപിന്തുണയുമായി സഹതാരങ്ങള്‍. സ്പാനിഷ് ലാ ലിഗയില്‍ റയോ വല്ലക്കാനോയ്‌ക്കെതിരായ മത്സരത്തില്‍ താരങ്ങളൊന്നടങ്കം വിനീഷ്യസിന്റെ ജഴ്‌സിയണിഞ്ഞാണ് ഐകദാര്‍ഡ്യം പ്രഖ്യാപിച്ചത്.
മത്സരത്തിന്റെ ഇരുപതാമത്തെ മിനിറ്റിൽ എഴുന്നേറ്റ് നിന്ന് കയ്യടികളോടെയാണ് കാണികൾ വിനീഷ്യസ് ജൂനിയറിനു ആദരമർപ്പിച്ചത്. കൈ ഉയർത്തി വിനീഷ്യസ് സ്നേഹാദരം സ്വീകരിച്ചു. റയൽ മാഡ്രിഡ് ബേസ് ബാൾ ടീമും നമ്പർ 20 ജേഴ്‌സി ധരിച്ചെത്തി താരത്തിന് പിന്തുണയേകി.
ലോകമെമ്പാടുമുള്ള കായികതാരങ്ങൾ സോഷ്യൽ മീഡിയയിലൂടെ വിനിഷ്യസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വംശീയാധിക്ഷേപം വെറുപ്പുളവാകുന്നതാണെന്നും ഇത്തരത്തിലുള്ള സമീപനങ്ങൾ മാറ്റങ്ങൾക്ക് വിധേയമാകേണ്ടതാണെന്നും ഇത് സ്പൈനിൽ മാത്രം നിലനിൽക്കുന്ന പ്രശ്നമല്ലെന്നും ലോകത്താകമാനം നിലനിൽക്കുന്നുവെന്നും ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതാനെന്നും ഇംഗ്ലണ്ട് മാനേജർ ഗാരെത് സൗത്ത് ഗേറ്റ് വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച വലന്‍സിയയ്‌ക്കെതിരായ മത്സരത്തിനിടെയാണ് റയൽ മാഡ്രിഡ് താരത്തിന് നേരെ വംശീയ അധിക്ഷേപമുണ്ടായത്. സംഭവത്തിനു ശേഷം വലന്‍സിയയുടെ ഹോം സ്‌റ്റേഡിയമായ മെസ്റ്റല്ല അടിച്ചിട്ടു. അടുത്ത അഞ്ച് മത്സരങ്ങളിൽ സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കില്ല . കൂടാതെ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ 40 ലക്ഷം രൂപ വലൻസിയ ക്ലബിന് പിഴയിടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 7 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത് .