മോഡ്രിച്ചിന് പകരക്കാരനാകാന്‍ ബെല്ലിങ്ഹാം? റയലുമായി കരാര്‍ ധാരണയായി

മോഡ്രിച്ചിന് പകരക്കാരനാകാന്‍ ബെല്ലിങ്ഹാം? റയലുമായി കരാര്‍ ധാരണയായി

ഇംഗ്ലീഷ് താരത്തിനു വേണ്ടി പ്രീമിയര്‍ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ എന്നിവരും രംഗത്തുണ്ടായിരുന്നു.
Updated on
1 min read

ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് ഇംഗ്ലീഷ് മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമിനെ സ്വന്തം പാളയത്തില്‍ എത്തിക്കാനൊരുങ്ങി റയല്‍ മാഡ്രിഡ്. താരവുമായി മാസങ്ങളായി നടത്തി വന്ന ചര്‍ച്ചകള്‍ വിജയം കണ്ടെന്നും കരാര്‍ സംബന്ധിച്ച് അന്തിമ ധാരണയായതായും സ്പാനിഷ് മാധ്യമമായ മാഴ്‌സ റിപ്പോര്‍ട്ട് ചെയ്യുന്നു.

കരിയറിന്റെ അവസാന ഘട്ടത്തിലൂടെ കടന്നുപോകുന്ന സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചിന്റെ പകരക്കാരന്‍ എന്ന നിലയ്ക്കാണ് ബെല്ലിങ് ഹാമിനെ റയല്‍ നോക്കിക്കാണുന്നത്. അതിനാല്‍ത്തന്നെ എന്തു വിലകൊടുത്തും താരത്തെ സ്വന്തമാക്കാനുറച്ചാണ് റയല്‍ ചര്‍ച്ചകള്‍ നടത്തിയത്.

ഇംഗ്ലീഷ് താരത്തിനു വേണ്ടി പ്രീമിയര്‍ ലീഗ് ക്ലബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ എന്നിവരും രംഗത്തുണ്ടായിരുന്നു. എന്നാല്‍ ബെല്ലിങ്ഹാമിനും പ്രിയം സാന്റിയാഗോ ബെര്‍ണാബുവിലേക്കു പോകാനായിരുന്നന്നെന്നും ഇതോടെ ചര്‍ച്ചകള്‍ വേഗം പൂര്‍ത്തിയാക്കാന്‍ റയലിനു കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിറ്റിയിലും ലിവര്‍പൂളിലും ആദ്യ ഇലവനില്‍ സ്ഥാനം ഉറപ്പില്ലാത്തതാണ് ബെല്ലിങ്ഹാമിനെ ചിന്തിപ്പിച്ചത്. റയലില്‍ കൂടുതല്‍ പ്ലേയിങ് ടൈം കിട്ടുമെന്നതും മോഡ്രിച്ചിനു പകരം ക്രമേണ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ സ്ഥാനം ഉറപ്പാണെന്നും സ്‌പെയിന്‍ തട്ടകമാക്കാന്‍ ഇംഗ്ലീഷ് താരത്തെ പ്രേരിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം താരത്തെ വിട്ടുനല്‍കുന്നത് സംബന്ധിച്ച് ബൊറൂസിയയുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. തുടക്കത്തില്‍ 140 മില്യണ്‍ യൂറോയാണ് ബെല്ലിങ്ഹാമിനു പകരം ബൊറൂസിയ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 100 മുതല്‍ 120 മില്യണ്‍ യൂറോയ്ക്ക് താരത്തെ റയലിനു കൈമാറാന്‍ ബൊറൂസിയ തയാറാണ്.

അതേസമയം സിറ്റിയും ലിവര്‍പൂളും ഇതിനേക്കാള്‍ കൂടിയ തുകയാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ താരത്തിന് താല്‍പര്യമില്ലാത്തതു മൂലം ചര്‍ച്ചകള്‍ പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു.2020-ല്‍ 25 മില്യണ്‍ യൂറോയ്ക്ക് തന്റെ 17-ാം വയസില്‍ ബൊറൂസിയയില്‍ എത്തിയ ബെല്ലിങ്ഹാം മൂന്നു സീസണുകളിലായി 90 മത്സരങ്ങള്‍ അവര്‍ക്കായി കളിച്ചിട്ടുണ്ട്. ഒമ്പതു ഗോളുകളും നേടി.

logo
The Fourth
www.thefourthnews.in