സിറ്റിയും ഇന്ററും ഇന്നു കളത്തില്‍; റയലിനു മുന്നില്‍ തകര്‍ന്ന് ലിവര്‍പൂള്‍
ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഇന്നു രാത്രി നടക്കുന്ന പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ജര്‍മന്‍ ക്ലബ് ലെപ്‌സിഷിനെയും ഇന്റര്‍മിലാന്‍ പോര്‍ചുഗീസ് ക്ലബ് എഫ്.സി. പോര്‍ട്ടോയെയും നേരിടും. ഇന്ററിന് ഹോം മത്സരമാണെങ്കില്‍ സിറ്റിക്ക് ആദ്യ പാദം എവേ തട്ടകത്തിലാണ്.
ഇതു രണ്ടാം മൂന്നാം തവണയാണ് ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിയും ലെപ്‌സിഷും ഏറ്റുമുട്ടുന്നത്. 2021 സീസണില്‍ ഇരുകൂട്ടരും കൊമ്പുകോര്‍ത്തപ്പോള്‍ ഇരുകൂട്ടരും സ്വന്തം തട്ടകത്തില്‍ ഓരോ ജയവുമായി പിരിയുകയായിരുന്നു. അതേസമയം 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ററും പോര്‍ട്ടോയും ചാമ്പ്യന്‍സ് ലീഗില്‍ കൊമ്പുകോര്‍ക്കുന്നത്. ഇതിനു മുമ്പ് 2004-2005 സീസണിലായിരുന്നു ഇരുകൂട്ടരും നേര്‍ക്കുനേര്‍ വന്നത്.
ലീഗില്‍ ഇന്നലെ നടന്ന ഗ്ലാമര്‍ പോരാട്ടത്തില്‍ ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂളിനെതിരേ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന ആദ്യപാദ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. ഇരട്ടഗോളുകള്‍ നേടിയ കരീം ബെന്‍സേമയുടെയും വിനീഷ്യസ് ജൂനിയറിന്റെയും മികച്ച പ്രകടനമാണ് റയലിന് തുണയായത്.
മത്സരത്തില്‍ ആദ്യ 14 മിനിറ്റിനുള്ളില്‍ രണ്ടു ഗോളുകളുടെ ലീഡ് നേടിയ ശേഷമായിരുന്നു ലിവര്‍പൂളിന്റെ ഞെട്ടിക്കുന്ന തോല്‍വി. നാലാം മിനിറ്റില്‍ ഡാര്‍വിന്‍ ന്യുനിയയിലൂടെയാണ് അവര്‍ ആദ്യം മുന്നിലെത്തിയത്. ഇതു കഴിഞ്ഞു 10 മിനിറ്റിനു ശേഷം റയല്‍ ഗോള്‍ കീപ്പര്‍ തിബൗട്ട് കോര്‍ട്ടോയിസിന്റെ പിഴവില്‍ നിന്ന് സൂപ്പര്‍ താരം മുഹമ്മദ് സല അവരുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തുകയും ചെയ്തു.
ഇതോടെ ആന്‍ഫീല്‍ഡ് അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സീസണില്‍ മോശം ഫോമിലായിരുന്ന ടീമിന്റെ ഗംഭീര തിരിച്ചുവരവ് ലിവര്‍പൂള്‍ ആരാധകര്‍ അതിഗംഭീരമായി ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഈ ആഹ്‌ളാദപ്രകടനങ്ങള്‍ക്ക് അല്‍പായുസായിരുന്നു.
രണ്ടു ഗോളിനു പിന്നിലായശേഷവും പതറാതെ പൊരുതിയ റയല്‍ മാഡ്രിഡ് 21-ാം മിനിറ്റു മുതല്‍ തിരിച്ചടി ആരംഭിച്ചു. റയലിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറാണ് ആദ്യ പകുതിയില്‍ അവര്‍ക്കായി പ്രതികരിച്ചത്. 21-ാം മിനിറ്റില്‍ തന്റെ ആദ്യ ഗോള്‍ നേടിയ വിനീഷ്യസ് 35-ാം മിനിറ്റില്‍ ലിവര്‍പൂള്‍ ഗോള്‍കീപ്പറും ബ്രസീലിയന്‍ ദേശീയ ടീമില്‍ തന്റെ സഹതാരവുമായ അലിസണ്‍ ബെക്കറിന്റെ പിഴവ് മുതലെടുത്ത് രണ്ടാം ഗോളും കണ്ടെത്തി ടീമിനെ ഒപ്പമെത്തിച്ചു.
തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച് സ്‌കോര്‍ തുല്യനിലയിലാക്കി ഇടവേളയ്ക്കു പിരിഞ്ഞ റയല്‍ രണ്ടാം പകുതിയില്‍ സമ്പൂര്‍ണ ആധിപത്യമാണ പുലര്‍ത്തിയത്. 47-ാം മിനിറ്റില്‍ തന്നെ അവര്‍ ലീഡ് നേടി. മധ്യനിര താരം ലൂക്കാ മോഡ്രിച്ചിന്റെ ഫ്രീകിക്കില്‍ തലവച്ച് ഏഡര്‍ മിലിഷ്യാവോയാണ് റയലിന്റെ മൂന്നാം ഗോള്‍ നേടിയത്.
ഇതോടെ ടോപ് ഗിയറിലായ സ്പാനിഷുകാര്‍ പിന്നീട് ലിവര്‍പൂളിന് യാതൊരു അവസരവും നല്‍കിയില്ല. മിലിഷ്യാവോയ്ക്കു ശേഷം ഫ്രഞ്ച് താരം ബെന്‍സേമയാണ് റയലിനു വേണ്ടി ഇംഗ്ലീഷ് ടീമിനെ 'പ്രഹരിക്കാന്‍' ഇറങ്ങിയത്. 55-ാം മിനിറ്റില്‍ റോഡ്രിഗോയുടെ പാസില്‍ നിന്ന് തന്റെ ആദ്യ ഗോള്‍ നേടിയ ബെന്‍സേമ പിന്നീട് വിനീഷ്യസിന്റെ പാസില്‍ നിന്ന് 67-ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി ലക്ഷ്യം കണ്ട് റയലിന്റെ പട്ടിക തികച്ചു.
ടീമിന്റെ അപ്രതീക്ഷിത തകര്‍ച്ച കണ്ട് ലിവര്‍പൂള്‍ ആരാധകര്‍ സ്തബ്ധരായിപ്പോയതോടെ നിശബദമായ ആന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലാണ് മത്സരം പൂര്‍ത്തിയായത്. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സ്വന്തം തട്ടകത്തില്‍ ഇതാദ്യമായാണ് ലിവര്‍പൂള്‍ നാലില്‍ കൂടുതല്‍ ഗോള്‍ വഴങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ ക്ലബ് എയ്ന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകക്കു തോല്‍പിച്ച് ഇറ്റാലിയന്‍ വമ്പന്മാരായ നാപ്പോളിയും ആദ്യപാദ പ്രീക്വാര്‍ട്ടര്‍ ഗംഭീരമാക്കി. ഇരുപകുതികളിലുമായാണ് നാപ്പോളിയുടെ ഗോളുകള്‍. 40-ാം മിനിറ്റില്‍ വിക്ടര്‍ ഓസ്‌മെനും 65-ാം മിനിറ്റില്‍ ജിയോവാനി ഡി ലോറെന്‍സോയുമായിരുന്നു സ്‌കോറര്‍മാര്‍.