അത് ഗോള്‍ തന്നെയെന്നു റഫറിമാര്‍; എതിര്‍ത്തും സമ്മതിച്ചും മുന്‍ താരങ്ങള്‍

അത് ഗോള്‍ തന്നെയെന്നു റഫറിമാര്‍; എതിര്‍ത്തും സമ്മതിച്ചും മുന്‍ താരങ്ങള്‍

ആ ഗോള്‍ അനുവദിക്കാന്‍ പാടില്ലാത്തതാണെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ വാദം. ഇക്കാര്യത്തില്‍ എന്താണ് വസ്തുത?
Updated on
2 min read

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിയും വാക്കൗട്ടുമാണ് ഇന്നലെ മുതല്‍ ഫുട്‌ബോള്‍ ആരാധകരുടെ ചര്‍ച്ചാവിഷയം. ബ്ലാസ്‌റ്റേഴ്‌സിനെതിരേ ബംഗളുരു എഫ്.സി. നായകന്‍ സുനില്‍ ഛേത്രി എക്‌സ്ട്രാ ടൈമില്‍ നേടിയ ഗോളാണ് വിവാദമായത്. റഫറി ഗോള്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഗ്രൗണ്ട് വിടുകയും ചെയ്തു. പിന്നീട് ബ്ലാസ്‌റ്റേഴ്‌സ് മത്സരത്തിന് ഇറങ്ങാഞ്ഞതിനേത്തുടര്‍ന്ന് ബംഗളുരുവിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.

ആ ഗോള്‍ അനുവദിക്കാന്‍ പാടില്ലാത്തതാണെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ വാദം. ബംഗളുരുവിന് ലഭിച്ച് ഫ്രീകിക്ക് എടുക്കാന്‍ ഛേത്രി എത്തുന്ന സമയത്ത് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പ്രതിരോധഭിത്തി കെട്ടാനുള്ള ശ്രമത്തിലായിരുന്നുവെന്നും കിക്കെടുക്കുന്ന പോയിന്റില്‍ നിന്നു നിശ്ചിത അകലത്തില്‍ താരങ്ങളെ നില്‍ക്കാന്‍ പോലും റഫറി അനുവദിച്ചില്ലെന്നും അത് നിയമവിരുദ്ധമാണെന്നുമാണ് അവര്‍ വാദിക്കുന്നത്.

ഇക്കാര്യത്തില്‍ എന്താണ് വസ്തുത? അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ റഫറീസ് കമ്മിറ്റി ചെയര്‍മാനും മലയാളിയുമായ മൈക്കിള്‍ ആന്‍ഡ്രൂസ്, ഫിഫ റഫറിയും മലയാളിയുമായ ഷാജി കുര്യന്‍ എന്നിവരെ സംബന്ധിച്ച് അത് ഗോളാണ്. എന്നാല്‍ കേരളാ മുന്‍ താരവും കോച്ചുമായ എം.എം. ജേക്കബിന്റെ അഭിപ്രായത്തില്‍ അത് ഗോളായി അനുവദിക്കാന്‍ പാടില്ലാത്തതാണ്.

ഫുട്‌ബോളില്‍ ഫ്രീകിക്ക് എടുക്കുമ്പോള്‍ അത് വേഗത്തില്‍ എടുക്കണമോ സാവകാശം മതിയോയെന്നുള്ളതും എതിര്‍ ടീമംഗങ്ങള്‍ നിശ്ചിത വാര അകലെ നില്‍ക്കണമോ വേണ്ടയോ എന്നുള്ളതും കിക്ക് അനുവദിച്ചു കിട്ടിയ ടീമിനു തീരുമാനിക്കാമെന്നതാണ് നിയമെന്നു ആന്‍ഡ്രൂസ് പറഞ്ഞു.

കിക്ക് എടുക്കുന്ന സമയതത് എതിര്‍ ടീമംഗങ്ങള്‍ 9.15 മീറ്റര്‍ അകലത്തില്‍ നില്‍ക്കണമെന്ന് എതിര്‍ ടീമിന് ആവശ്യപ്പെടാം. എന്നാല്‍ അത് നിര്‍ബന്ധമല്ല. അങ്ങനെയല്ലാതെ കിക്കെടുക്കണമെങ്കില്‍ അവര്‍ക്ക് അത് അനുവദനീയമാണ്. അങ്ങനെയെടുക്കുന്ന കിക്കുകള്‍ക്ക് റഫറി വിസില്‍ മുഴക്കി അനുമതി നല്‍കേണ്ടതില്ല.

മൈക്കിള്‍ ആന്‍ഡ്രൂസ്

''കിക്ക് എടുക്കുന്ന സമയതത് എതിര്‍ ടീമംഗങ്ങള്‍ 9.15 മീറ്റര്‍ അകലത്തില്‍ നില്‍ക്കണമെന്ന് എതിര്‍ ടീമിന് ആവശ്യപ്പെടാം. എന്നാല്‍ അത് നിര്‍ബന്ധമല്ല. അങ്ങനെയല്ലാതെ കിക്കെടുക്കണമെങ്കില്‍ അവര്‍ക്ക് അത് അനുവദനീയമാണ്. അങ്ങനെയെടുക്കുന്ന കിക്കുകള്‍ക്ക് റഫറി വിസില്‍ മുഴക്കി അനുമതി നല്‍കേണ്ടതില്ല. ഇനി എതിര്‍ടീമംഗങ്ങള്‍ നിശ്ചിത ദൂരം മാറി നിന്നേ പറ്റൂയെങ്കില്‍ അക്കാര്യം റഫറിയെ അറിയിക്കണം. ആ സാഹചര്യത്തില്‍ റഫറി ദൂരം മാര്‍ക്ക് ചെയ്ത് വിസില്‍ മുഴക്കിയ ശേഷമേ കിക്കെടുക്കാവൂ. ഇന്നലെ ഛേത്രി കിക്കെടുത്തപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളോടു നിശ്ചിത ദൂരത്തേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നില്ല. അഡ്രിയാന്‍ ലൂണ ഛേത്രിക്കു തൊട്ടുമുന്നില്‍ നിന്നതിന്റെ കാരണം അതാണ്. അതുകൊണ്ട് തന്നെ ഛേത്രി നേടിയ ഗോള്‍ നിയമപരമായി സാധുവാണ്. അതുകൊണ്ടാണ് റഫറി അത് അനുവദിച്ചത്''- ആന്‍ഡ്രൂസ് പറഞ്ഞു.

ഷാജി കുര്യനും ഇതേ അഭിപ്രായമാണ് പങ്കുവച്ചത്. ഡയറക്ട് ഫ്രീകിക്ക് എടുക്കുന്നതിനു മുമ്പ് എതിര്‍ടീമംഗങ്ങളെ 9.5 മീറ്റര്‍ ദൂരേക്ക് മാറ്റണമെന്ന് കിക്കെടുക്കുന്ന താരം ആവശ്യപ്പെട്ടാല്‍ മാത്രമേ റഫറി ഇടപെടൂയെന്നും റഫറി ഫ്രീകിക്ക് അനുവദിച്ചാല്‍ അത് എത്രയും പെട്ടെന്നു തന്നെ എടുത്ത് കളി തുടരാന്‍ ടീമിന് നിയമം അനുശാസിക്കുന്നുണ്ടെന്നും ഷാജി കുര്യന്‍ വ്യക്തമാക്കി.

ഫ്രീകിക്ക് എടുക്കുന്നതിനു മുമ്പ് എതിര്‍ടീമംഗങ്ങളെ 9.5 മീറ്റര്‍ ദൂരേക്ക് മാറ്റണമെന്ന് കിക്കെടുക്കുന്ന താരം ആവശ്യപ്പെട്ടാല്‍ മാത്രമേ റഫറി ഇടപെടൂ

ഷാജി കുര്യന്‍

എന്നാല്‍ രണ്ടു മലയാളി റഫറിമാരുടെയും അഭിപ്രായത്തെ നിഷ്‌കരുണം ടാക്കിള്‍ ചെയ്യുകയാണ് എം.എം. ജേക്കബ് ചെയ്തത്. ഇന്ത്യന്‍ റഫറിമാരുടെ നിലവാരമില്ലായ്മയാണ് ഇതിലൂടെ പുറത്തു വന്നതെന്നു രോഷത്തോടെ ജേക്കബ് പ്രതികരിച്ചു.

''ബംഗളുരുവിന് അനാവശ്യ അഡ്വാന്റേജ് നല്‍കുകയാണ് റഫറി ചെയ്തത്. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഫ്രീകിക്കിനായി തയാറായിരുന്നില്ല. ഗോള്‍കീപ്പര്‍ ഡിഫന്‍സീവ് വാള്‍ സെറ്റു ചെയ്യുന്ന തിരക്കിലായിരുന്നു. മാത്രമല്ല ഛേത്രി ഫെയ്ക്ക് ഷോട്ട് എടുത്ത് മുന്നില്‍ നിന്ന് ലൂണയെ കബളിപ്പിച്ചാണ് ഗോള്‍ നേടിയത്. റഫറി അംഗീകരിക്കാന്‍ പാടില്ലായിരുന്നു. അതും ഒരു നോക്കൗട്ട് മത്സരത്തിന്റെ എക്‌സ്ട്രാ ടൈമില്‍. ഇന്ത്യന്‍ റഫറിമാര്‍ നിലവാരമില്ലത്തവരാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു, ഇതിലൂടെ''- ജേക്കബ് പറഞ്ഞു.

അതേസമയം മുന്‍ ഇന്ത്യന്‍ താരങ്ങളായ വിക്ടര്‍ മഞ്ഞിലയ്ക്കും യു. ഷറഫലിക്കും അത് ഗോളാണെന്നതില്‍ സംശയമില്ല, എന്നാല്‍ ഛേത്രിയെപ്പോലൊരാള്‍ അങ്ങനൊരു ഗോള്‍ അടിക്കേണ്ടിയിരുന്നോ എന്നാണ് ഇരുവരുടെയും ചോദ്യം. അതുപോലെ തന്നെ ആ ഗോളില്‍ പ്രതിഷേധിച്ച് ടീമിനെ പിന്‍വലിച്ച ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകുമനോവിച്ചിന്റെ നിലപാടിനെയും ഇരുവരും വിമര്‍ശിക്കുന്നു.

നിയമം നിയമമാണ്. അതിന്‍പ്രകാരം മാത്രമേ റഫറിക്ക് പ്രവര്‍ത്തിക്കാനാകൂ. അങ്ങനെ ഗോള്‍ നേടുന്നതില്‍ തെറ്റൊന്നും കാണുന്നില്ല

ഷറഫലി

''നിയമം നിയമമാണ്. അതിന്‍പ്രകാരം മാത്രമേ റഫറിക്ക് പ്രവര്‍ത്തിക്കാനാകൂ. അങ്ങനെ ഗോള്‍ നേടുന്നതില്‍ തെറ്റൊന്നും കാണുന്നില്ല''- ഷറഫലി പറഞ്ഞു. ''ഛേത്രിയെപ്പോലൊരാള്‍, ഒരു ലെജന്ററി താരമായി അറിയപ്പെടുന്നയാള്‍, ഇന്ന് നിലവിലുള്ള കളിക്കാരില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതില്‍ നാലാമതോ അഞ്ചാമതോ ഉള്ളയാള്‍ ഇത്തരത്തില്‍ ഒരു ഗോള്‍ നേടേണ്ടായിരുന്നു. ഇതു കബളിപ്പിച്ചു ഗോളടിച്ചതു പോലെയായി. മറിച്ച് പ്ലേ ഇന്‍ ഗോള്‍ ആയിരുന്നെങ്കില്‍ എന്തു മനോഹരമായേനേ'' - വിക്ടര്‍ മഞ്ഞില പറഞ്ഞു.

ഒരു ഗോളിനേച്ചൊല്ലിയുള്ള വിവാദം ഇപ്പോഴും നീറിപ്പുകയുകയാണ്. വരും ദിനങ്ങളില്‍ ഇതിന്റെ ബാക്കിപത്രം കാണാനാകും. അത് ബ്ലാസ്‌റ്റേഴ്‌സിനു കൂടുതല്‍ ആഘാതം ഉണ്ടാക്കി വയ്ക്കുമോയെന്നാണ് ഇനി അറിയേണ്ടത്. കളി മുഴുമിക്കാതെ ഗ്രൗണ്ട് വിട്ടതിന് വിലക്ക് അടക്കമുള്ള അച്ചടക്ക നടപടികളാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ തലയ്ക്കു മുകളില്‍ ഡമോക്ലീസിന്റെ വാള്‍ പോലെ തൂങ്ങിക്കിടക്കുന്നത്. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ അന്തിമ ജയം ആര്‍ക്കെന്ന് കണ്ടറിയാം.

logo
The Fourth
www.thefourthnews.in