485.7 കിലോമീറ്റര്‍... കോയമ്പത്തൂരില്‍ നിന്ന്‌ പല്ലാവരത്തേക്ക്...

485.7 കിലോമീറ്റര്‍... കോയമ്പത്തൂരില്‍ നിന്ന്‌ പല്ലാവരത്തേക്ക്...

''ഇങ്ങനെയൊരു കടുംകൈ ചെയ്യുന്നതില്‍ വിഷമമുണ്ട്. ഒരിക്കല്‍ക്കൂടി കാണണമെന്നുണ്ടായിരുന്നു. എന്നാല്‍ കണ്ടാല്‍ ഈ തീരുമാനം മാറ്റേണ്ടി വരും. അതുകൊണ്ട് എന്നോടു ക്ഷമിക്കുക..''
Updated on
3 min read

2006 ജൂലൈ 18, സമയം രാവിലെ 8:45... ചെന്നൈയില്‍ നിന്നു 21.2 കിലോമീറ്റര്‍ അകലെയുള്ള പല്ലാവരം എന്ന ചെറിയ റെയില്‍വേ സ്‌റ്റേഷനില്‍ അന്നു ചുവപ്പ് സിഗ്നല്‍ വീണത് ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട ഏറ്റവും കാര്‍ക്കശ്യക്കാരനായ പ്രതിരോധതാരത്തിന്റെ ജീവിതത്തിനാണ്.

''ഇങ്ങനെയൊരു കടുംകൈ ചെയ്യുന്നതില്‍ വിഷമമുണ്ട്. ഒരിക്കല്‍ക്കൂടി കാണണമെന്നുണ്ടായിരുന്നു. എന്നാല്‍ കണ്ടാല്‍ ഈ തീരുമാനം മാറ്റേണ്ടി വരും. അതുകൊണ്ട് എന്നോടു ക്ഷമിക്കുക..'' അന്നു റെയില്‍വേ ട്രാക്കില്‍ നിന്നു പോലീസ് കണ്ടെത്തിയ രക്തംപുരണ്ട കടലാസില്‍ കുറിച്ചിരുന്നത് ഇങ്ങനെയാണ്. ജീവിതത്തിനു സ്വയം ലോങ് വിസില്‍ മുഴക്കി കടന്നുപോയ വി.പി. സത്യന്‍ തന്റെ ഭാര്യ അനിതയ്ക്ക് എഴുതിയ ആത്മഹത്യക്കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്...

എതിരാളികളുടെ ആക്രമണങ്ങളുടെയെല്ലാം മുനയൊടിച്ച കളത്തിലെ വീറും വാശിയുമൊന്നും കളത്തിനു പുറത്ത് സത്യന്റെ തുണയ്ക്ക് എത്തിയില്ല. ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയുടെ കറുത്ത മുത്ത് ഐ.എം. വിജയന്‍ ഒരിക്കല്‍ പറഞ്ഞു... ''സത്യേട്ടന്‍ ഞങ്ങളുടെയെല്ലാം ഹീറോയാണ്. പക്ഷേ ഒരൊറ്റക്കാര്യത്തില്‍ മാത്രം വിയോജിപ്പുണ്ട്. സങ്കടങ്ങള്‍ തുറന്നു പറയാത്തതില്‍''... അതായിരുന്നു എന്നും സത്യന്‍... പ്രതിസന്ധികളോട് എന്നും ഒറ്റയ്ക്കു പൊരുതിയവന്‍. കളത്തിലും കരിയറിലുമെല്ലാം അകന്നുപോയ അംഗീകാരങ്ങളെ ചെറുപുഞ്ചിരിയോടെ മാത്രം നേരിട്ട മാന്യന്‍.

കണ്ണൂരിലെ പോലീസ് ഗ്രൗണ്ടില്‍ നിന്നാണ് സത്യന്റെ കരിയര്‍ ആരംഭിക്കുന്നത്. പോലീസുകാരനായ അച്ഛന്റെ ട്രാന്‍സ്ഫര്‍ കാരണം കണ്ണൂരില്‍ എത്തിപ്പെട്ട സത്യന്‍ പിന്നീട് ലക്കി സ്റ്റാറിലൂടെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാഗ്യനക്ഷത്രമായി ഉദിച്ചുയര്‍ന്നത് ചരിത്രം.

കേരളാ പോലീസ് ടീമിന്റെ രൂപീകരണമാണ് സത്യന്റെ കരിയറില്‍ വഴിത്തിരിവായത്. കടുകിട വിട്ടുകൊടുക്കാത്ത പ്രതിരോധതാരമായും ആവശ്യസമയത്തു മുന്നോട്ടുകയറി ഗോളടിക്കുന്ന ഹാഫ് ബാക്കായും ഒരുപോലെ തിളങ്ങി ലക്കി സ്റ്റാറിനെ കേരളത്തിലെ എണ്ണം പറഞ്ഞ ക്ലബുകളിലൊന്നാക്കി മാറ്റിയ സത്യനെ പോലീസ് പിടികൂടുകയായിരുന്നു.

യു. ഷറഫലി, കുരികേശ് മാത്യു, സി.വി. പാപ്പച്ചന്‍, ഐ.എം. വിജയന്‍ എന്നിവര്‍ക്കൊപ്പം 1984-ല്‍ സത്യനും കാക്കിയണിഞ്ഞപ്പോള്‍ കേരളാ ഫുട്‌ബോളിന്റെ തലവര കൂടിയാണ് മാറിയത്. നാലു വര്‍ഷത്തിനപ്പുറം അഖിലേന്ത്യാ പോലീസ് ചാമ്പ്യന്‍ഷിപ്പില്‍ കേരളാ പോലീസ് കിരീടം ചൂടുമ്പോള്‍ ക്യാപ്റ്റന്റെ ആം ബാന്‍ഡ് സത്യന്റെ ഇടം കൈയിലായിരുന്നു.

പിന്നീട് ഇന്ത്യന്‍ ഫുട്‌ബോളിലെ അഭിമാനകിരീടങ്ങളിലൊന്നായ ഫെഡറേഷന്‍ കപ്പ് കേരളാ പോലീസിന്റെ ഷോകെയ്‌സില്‍ എത്തുമ്പോള്‍ ഫൈനലില്‍ വിജയഗോള്‍ പിറന്നതും സത്യന്റെ ബൂട്ടില്‍ നിന്നുതന്നെ. സന്തോഷ് ട്രോഫിയിലായിരുന്നു പിന്നീട് ആ നിശ്ചയദാര്‍ഡ്യം കണ്ടത്. തുടരെ നാലു ഫൈനലുകള്‍ തോറ്റു നിരാശപ്പെട്ടിരുന്ന കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ മനസില്‍ വീണ്ടും ആവേശം അണപൊട്ടിയത് 1992-ല്‍ കോയമ്പത്തൂരില്‍ സത്യന്റെ നേതൃത്വത്തില്‍ കേരളം കിരീടമുയര്‍ത്തിയപ്പോഴാണ്.

19 വര്‍ഷത്തിനു ശേഷം കേരളാ ഫുട്‌ബോള്‍ 'സന്തോഷിച്ച' നിമിഷം. കിരീടവുമായി കോയമ്പത്തൂരില്‍ നിന്നു റോഡുമാര്‍ഗം കേരളത്തിലേക്കു വന്ന സത്യനും ടീമിനും വാളയാര്‍ ചെക്‌പോസ്റ്റു മുതല്‍ വലിയ സ്വീകരണമാണ് കേരളം നല്‍കിയത്. സത്യനുണ്ടായിരുന്ന 90-കള്‍ കേരളാ ഫുട്‌ബോളിന്റെ സുവര്‍ണകാലഘട്ടമാണ്. പ്രതിരോധനിരയിലെ ആ വന്മതിലിന്റെ കരുത്തില്‍ രണ്ടു തവണ ഫെഡറേഷന്‍ കപ്പും രണ്ടു സന്തോഷ് ട്രോഫികളും കേരളത്തിലെത്തി.

സത്യനുണ്ടെങ്കില്‍ ഒന്നും പേടിക്കാനില്ലെന്നു കേരളവും ഇന്ത്യയും വിശ്വസിച്ചു തുടങ്ങിയ കാലം. ടീമിനും സഹതാരങ്ങള്‍ക്കും അത്ര വിശ്വാസമായിരുന്നു സത്യനെ. ടീമില്‍ തന്റെ മുന്നില്‍ നിന്നു പ്രതിരോധം കാക്കാന്‍ സത്യന്‍ ഇല്ലെന്നറിഞ്ഞു ഇന്ത്യന്‍ ഗോള്‍കീപ്പര്‍ കളിക്കാന്‍ വിസമ്മതിച്ച സംഭവം വരെയുണ്ടായിട്ടുണ്ട് ഇന്ത്യന്‍ ഫുട്‌ബോളില്‍. അതായിരുന്നു വി.പി. സത്യന്‍.

ഒന്നര പതിറ്റാണ്ടു നീണ്ട കരിയറില്‍ ഇന്ത്യയെയും കേരളത്തെയും ഒട്ടേറെ മത്സരങ്ങളില്‍ സത്യന്‍ നയിച്ചു. മോഹന്‍ ബഗാന്‍ ഈസ്റ്റ് ബംഗാള്‍, കേരളാ പോലീസ് തുടങ്ങി പ്രമുഖ ടീമുകളുടെയെല്ലാം വന്മതിലായി. എന്നിട്ടും നിര്‍ഭാഗ്യം വിടാതെ പിന്തുടരുകയായിരുന്നു സത്യനെ.

80 ഓളം രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച സത്യന്‍ 1993-ല്‍ പ്ലേയര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സത്യന്റെ കീഴിലാണ് ഇന്ത്യ 1995-ല്‍ സാഫ് ഗെയിംസ് നേടിയത്. ഫുട്‌ബോളിനായി സര്‍വവും സമര്‍പ്പിച്ചിട്ടും ഫുട്‌ബോളില്‍ നിന്ന് ഒന്നും സമ്പാദിക്കാനാകാതെ പോയ താരമാണ് സത്യന്‍. തന്റെ 32-ാം വയസില്‍ നേടിയ ഒരു ബാങ്ക് ജോലി ഒഴികെ.

എല്ലാ നേട്ടങ്ങള്‍ക്കിടയിലുമുള്ള ഇത്തരം തിരിച്ചടികളെ ഉള്ളിലൊതുക്കി കൊണ്ടുനടന്ന സത്യന്‍ പരുക്കിനെത്തുടര്‍ന്ന് കളി മതിയാക്കിയപ്പോഴും ഫുട്‌ബോള്‍ കളത്തില്‍ നിന്നു കയറാന്‍ തയാറായിരുന്നില്ല. പിന്നീട് പരിശീലകനായി വേഷം മാറിയപ്പോഴും തന്നിലുള്ള വിശ്വാസം സത്യന്‍ എന്നും കാത്തുസൂക്ഷിച്ചു. 2001-ല്‍ ഇന്ത്യന്‍ ബാങ്കിന്റെ പരിശീലകനായി ചുമതലയേറ്റ സത്യന്‍ ആ വര്‍ഷം തന്നെ അവരെയും അഖിലേന്ത്യാ തലത്തില്‍ ജേതാക്കളാക്കി.

പക്ഷേ ഒരിക്കല്‍പ്പോലും അംഗീകാരങ്ങള്‍ സത്യനെ തേടിയെത്തിയിട്ടില്ല. ടീമുകള്‍ വിജയം നേടുമ്പോഴും കളിക്കാര്‍ ആദരിക്കപ്പെടാത്തത് സത്യനെ പലപ്പോഴും വിഷമിപ്പിച്ചിരുന്നു. ഇക്കാര്യം പലപ്പോഴും തന്റെ അടുത്ത സുഹൃത്തുക്കളുമായി പങ്കുവച്ചെങ്കിലും ഒരിക്കലും അധികാരികള്‍ക്കു മുന്നില്‍ പരിഭവമായിപ്പോലും പറയാന്‍ സത്യനെന്ന അഭിമാനിക്ക് കഴിയുമായിരുന്നില്ല.

തന്റെ അവസാന നാളുകളിലേക്ക് എത്തുമ്പോള്‍ ഈ പരിഭവങ്ങള്‍ സത്യനെ കടുത്ത വിഷാദരോഗിയാക്കി മാറ്റിയിരുന്നു. ഫുട്‌ബോളിനായി ആത്മസമര്‍പ്പണം നടത്തിയിട്ടും എങ്ങും എത്തിപ്പെടാനായില്ലെന്ന ചിന്ത സത്യനെ നിരന്തരം വേട്ടയാടിയിരുന്നു. ഒടുവില്‍ ഒരു അഭിശപ്ത നിമഷത്തില്‍ സത്യന്‍ ആ തീരുമാനമെടുക്കുകയായിരുന്നു.

കളത്തിലും പുറത്തും എന്നും എപ്പോഴും സഹതാരങ്ങള്‍ക്കും കൂട്ടുകാര്‍ക്കും പ്രചോദനമായി മാറിയ സത്യന്‍ സ്വയം ഇല്ലാതായി. കേരളാ ഫുട്‌ബോളിന് തന്റെ സാന്നിദ്ധ്യം കൊണ്ടുതന്നെ ആത്മവിശ്വാസം പകര്‍ന്നയാള്‍ ഒടുവില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടു മരണത്തില്‍ അഭയം തേടി.

കേരളത്തിനു സന്തോഷം പകര്‍ന്ന കോയമ്പത്തൂരില്‍ നിന്ന് 485.7 കിലോമീറ്റര്‍ അകലെ പല്ലാവരത്ത് മുഴങ്ങിയ ലോങ് വിസില്‍ ഇന്നും നടുക്കത്തോടെ മാത്രമേ ആരാധകര്‍ക്ക് ഓര്‍മിക്കാനാകൂ. ജീവിതവും മരണവും മുഖാമുഖം നിന്ന കളിക്കളത്തില്‍ അപകടകരങ്ങളായ കെണികളറിയാതെ സ്വപ്നങ്ങള്‍ നിറച്ച പന്തുമായി നിങ്ങളെന്തിനാണ് ഒറ്റയ്ക്ക് കയറിപ്പോയത് എന്നു മാത്രമാണ് സത്യനോട് അവര്‍ക്കു ചോദിക്കാനുള്ളത്.

logo
The Fourth
www.thefourthnews.in