വംശവെറി വിരുദ്ധ നിയമത്തിന് വിനീഷ്യസിന്റെ പേര്; ആദരവുമായി റിയോ ഡി ജനീറോ സർക്കാർ
സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിനെതിരെയുളള വംശീയ അധിക്ഷേപത്തിന് പിന്നാലെ റിയോ ഡി ജനീറോ സർക്കാർ വംശീയ വിരുദ്ധ നിയമം കൊണ്ടുവന്നു. താരത്തിന്റെ പേരിലാണ് വംശീയ അധിക്ഷേപത്തിനെതിരെ പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്. കളിക്കളത്തിൽ, വംശീയ പെരുമാറ്റമുണ്ടായാൽ കായിക മത്സരങ്ങൾ താത്ക്കാലികമായി നിർത്തി വയ്ക്കമെന്നു പുതിയ നിയമം അനുശാസിക്കുന്നു.
മെയ് മാസം, വലൻസിയക്കെതിരായ സ്പാനിഷ് ലാലിഗ മത്സരത്തിൽ വിനീഷ്യസ് വംശീയ അധിക്ഷേപത്തിന് വിധേയനായത് വലിയ വിവാദമായിരുന്നു. ഇതേത്തുടർന്ന്, മത്സരം ഇടയ്ക്കു നിർത്തി. വലൻസിയയുടെ ഹോം തട്ടകമായ മെസ്റ്റലയിൽ വച്ചാണ് ഗ്യാലറിയിലുണ്ടായിരുന്ന ഒരു വലൻസിയ ആരാധകൻ താരത്തെ 'കുരങ്ങനെന്നു വിളിച്ച് ആക്ഷേപിച്ചത്. തുടർന്ന് താരം ക്ഷുഭിതനാവുകയും കാണികളോടു തട്ടിക്കയറുകയും ചെയ്തിരുന്നു.
സംഭവം വിവാദമായതിനു പിന്നാലെ ലാ ലിഗ അന്വേഷണത്തിന് പ്രഖ്യാപിച്ചിരുന്നു. താരത്തിനെതിരെയുളള പത്താമത്തെ സംഭവമായിരുന്നു മെസ്റ്റലയിൽ നടന്നത്. ജൂണ്‍ മാസമാണ് റിയോ ഡി ജനീറോ സർക്കാർ 'വിനി ജൂനിയർ നിയമം' ഏകകണ്ഠമായി അംഗീകരിച്ചത്. താരങ്ങൾക്കെതിരെയുളള വംശീയ അധിക്ഷേപങ്ങളെക്കുറിച്ചുളള പരാതികൾ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചുള്ള പ്രോട്ടോക്കോൾ ഉൾപ്പെടുന്നതാണ് പുതിയ നിയമം.
റിയോയുടെ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ നിന്നും സിറ്റി കൗൺസിലിൽ നിന്നും വിനീഷ്യസിന് അവാർഡുകൾ ലഭിച്ചു. കൂടാതെ ബ്രസീലിയൻ കളിക്കളത്തിലെ പ്രതിഭകളായ പെലെ, ഗാരിഞ്ച, റൊണാൾഡോ എന്നിവരോടൊപ്പം വിനീഷ്യസിന്റെ പാദമുദ്രകളും സ്റ്റേഡിയത്തിന്റെ വാക്ക് ഓഫ് ഫെയിമിൽ ചേർത്തിരുന്നു.
"ഇന്ന് വളരെ സവിശേഷമായ ദിവസമാണ്, എന്റെ കുടുംബം വളരെ അഭിമാനിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു," മരക്കാന സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വിനീഷ്യസ് പറഞ്ഞു. "ഞാൻ വളരെ ചെറുപ്പമാണ്, ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഈ ആദരവ് ഞാൻ സ്വീകരിക്കും. ഞാൻ ഇതിനൊക്കെ അർഹനാണോ എന്ന് ആലോചിച്ച് ചിലപ്പോൾ അത്ഭുതപ്പെടാറുണ്ട്'' -, വിനീഷ്യസ് വ്യക്തമാക്കി.
അതേസമയം, റിയോ ഡി ജനീറോയിൽ ജനിച്ചു വളർന്ന വിനീഷ്യസിന്റെ പേരിലൊരു നിയമം കൊണ്ടു വരുന്നതിലൂടെ അദ്ദേഹത്തിന് നൽകുന്ന ബഹുമതിയാണെന്ന് റിയോ ഡി ജനീറോയുടെ കായിക സെക്രട്ടറി റാഫേൽ പിക്കിയാനി പറഞ്ഞു. അദ്ദേഹത്തിന്റെ എല്ലാ ഫുട്ബോൾ കരിയർ നേട്ടങ്ങൾക്കും പുറമേ, വിനീഷ്യസ് വംശീയതയ്ക്കെതിരായ പോരാട്ടത്തിന്റെ പ്രതീകമായി ഇത് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.