രണ്ടു ഗോളിന് തോറ്റ ഒഡീഷയ്ക്ക് തിരിച്ചടി; നാളെ ജയിച്ചാല്‍ ഗോവ പ്ലേ ഓഫില്‍

രണ്ടു ഗോളിന് തോറ്റ ഒഡീഷയ്ക്ക് തിരിച്ചടി; നാളെ ജയിച്ചാല്‍ ഗോവ പ്ലേ ഓഫില്‍

നാളെ ബംഗളുരുവിനെ തോല്‍പിക്കാനായാല്‍ ഒഡീഷയെ മറികടന്ന് ഗോവയ്ക്ക് പ്ലേ ഓഫില്‍ കടക്കാം. അതേസമയം ആ മത്സരം സമനിലയില്‍ കലാശിക്കുകയോ ബംഗളുരു ജയിക്കുകയോ ചെയ്താല്‍ ഒഡീഷയാകും പ്ലേ ഓഫിലെത്തുന്ന ആറാമത്തെ ടീം.
Updated on
1 min read

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ നിര്‍ണായക മത്സരത്തില്‍ ഒഡീഷയ്ക്ക് കനത്ത തിരിച്ചടി. പ്ലേ ഓഫ് ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്നു ജംഷഡ്പൂര്‍ എഫ്.സിയെ നേരിട്ട അവര്‍ക്ക് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു തോല്‍വി വഴങ്ങേണ്ടി വന്നു. ഇതോടെ ഒഡീഷയുടെ പ്ലേ ഓഫ് സാധ്യതകള്‍ തുലാസിലായി. ഇനി നാളെ നടക്കുന്ന ബംഗളുരു-ഗോവ മത്സരത്തിന്റെ ഫലം ആശ്രയിച്ചാകും ഒഡീഷയുടെ സാധ്യതകള്‍.

ഇന്നു കേവലം ഒരു സമനില പോലും പ്ലേ ഓഫ് സാധ്യത ഉറപ്പാക്കുമെന്ന നിലയിലാണ് ഒഡീഷ ജംഷഡ്പൂരിനെ നേരിടാനിറങ്ങിയത്. അതിനാല്‍ത്തന്നെ പ്രതിരോധാത്മക ഫുട്‌ബോളാണ് അവര്‍ കെട്ടഴിച്ചതും. ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങാതെ പിടിച്ചു നില്‍ക്കാന്‍ ഒഡീഷയ്ക്കായി.

എന്നാല്‍ രണ്ടാം പകുതിയില്‍ കളിമാറി. 61-ാം മിനിറ്റില്‍ ഒഡീഷയെ ഞെട്ടിച്ച് ജംഷഡ്പൂര്‍ ലീഡ് നേടി. ഹാരി സോയറായിരുന്നു സ്‌കോറര്‍. ലീഡ് വഴങ്ങിയതോടെ അപകടം മണത്ത ഒഡീഷ തന്ത്രം മാറ്റി തിരിച്ചടിക്കാന്‍ ആക്രമണ പാതയിലേക്ക് ഇറങ്ങി. എങ്ങനെയും സമനില ഗോള്‍ കണ്ടെത്താനുള്ള ശ്രമത്തിനിടെ അവര്‍ പ്രതിരോധം മറന്നു.

അതിനു ശിക്ഷ രണ്ടു മിനിറ്റിനകം ലഭിച്ചു. 63-ാം മിനിറ്റില്‍ ഒഡീഷയുടെ പ്രതീക്ഷകളെല്ലാം തകര്‍ത്ത് ജംഷഡ്പൂര്‍ രണ്ടാം ഗോളും കണ്ടെത്തി. ഋത്വിക് ദാസായിരുന്നു സ്‌കോറര്‍. പിന്നീട് ശേഷിച്ച മിനിറ്റുകള്‍ ഒഡീഷയുടെ ആക്രമണങ്ങളെ സമര്‍ഥമായി ചെറുത്ത ജംഷഡ്പൂര്‍ അര്‍ഹിച്ച ജയത്തോടെ സീസണ്‍ അവസാനിപ്പിച്ചു.

ലീഗ് റൗണ്ടിലെ 20 മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഒഡീഷ 30 പോയിന്റുമായി ആറാം സ്ഥാനത്താണ്. ഒരു മത്സരം കുറച്ചു കളിച്ച ഗോവ 27 പോയിന്റുമായി ഏഴാമതുണ്ട്. നാളെ നടക്കുന്ന മത്സരത്തില്‍ ബംഗളുരുവിനെ തോല്‍പിക്കാനായാല്‍ ഒഡീഷയെ മറികടന്ന് ഗോവയ്ക്ക് പ്ലേ ഓഫില്‍ കടക്കാം. അതേസമയം ആ മത്സരം സമനിലയില്‍ കലാശിക്കുകയോ ബംഗളുരു ജയിക്കുകയോ ചെയ്താല്‍ ഒഡീഷയാകും പ്ലേ ഓഫിലെത്തുന്ന ആറാമത്തെ ടീം.

logo
The Fourth
www.thefourthnews.in