ഇല്ലായ്മയിലും പണമെറിഞ്ഞു ബാഴ്‌സ; ലെവന്‍ഡോവ്‌സ്‌കിയും പാളയത്തില്‍
ഒരു സീസണ്‍ മുമ്പ് ക്ലബ് ഇതിഹാസം ലയണല്‍ മെസിയെ നിലനിര്‍ത്താനാകാതെ നട്ടംതിരിഞ്ഞ ടീമാണ് സ്പാനിഷ് ലാ ലിഗ ക്ലബ് ബാഴ്‌സലോണ. പിന്നീട് തുടര്‍ച്ചയായ തിരിച്ചടികള്‍. ഒരു കിരീടം പോലും നേടാനാകാതെ സീസണ്‍ അവസാനിപ്പിക്കല്‍. ഏതു ക്ലബും തകര്‍ന്നു പോകുന്ന അവസ്ഥയിലായിരുന്നു സ്പാനിഷ് ലാ ലിഗ ക്ലബ് എഫ്.സി. ബാഴ്‌സലോണ.
പുതിയ സീസണില്‍ കളിക്കാന്‍ താരങ്ങളെ എത്തിക്കാന്‍ കെല്‍പില്ലെന്നു പറഞ്ഞ ആരാധകര്‍ വരെയുണ്ട് അവര്‍ക്ക്. എന്നാല്‍ ജല്‍പ്പനങ്ങളെയെല്ലാം കാറ്റില്‍ പറത്തുന്ന തരത്തിലുള്ള നീക്കങ്ങളാണ് സാമ്പത്തിക തകര്‍ച്ചയ്ക്കിടയിലും ബാഴ്‌സ നടത്തുന്നത്.
ജര്‍മന്‍ ചാമ്പ്യന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് വിട്ട പോളണ്ട് സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയെയാണ് ഒടുവിലായി അവര്‍ പാളയത്തില്‍ എത്തിച്ചിരിക്കുന്നത്. യൂറോപ്പിലെ എണ്ണം പറഞ്ഞ സ്‌ട്രൈക്കർമാരിൽ ഒരാളായ ലെവന്‍ കറ്റാലന്‍ ക്ലബായ ബാഴ്‌സയിൽ ചേരുന്നത് അൻപത് മില്യൺ യൂറോയ്ക്കാകും.
ബയേണുമായി ഒരു വർഷത്തെ കരാർ നിലനിൽക്കെയാണു ലെവന്‍ ടീം വിടുന്നത്. ബയേണിനൊപ്പം ഒരു ചാമ്പ്യന്‍സ് ലീഗും ഒരു യുവേഫ സൂപ്പര്‍ കപ്പും, ക്ലബ് ലോകകപ്പും നേടിയ ലെവന്‍ എട്ടുതവണ ബുണ്ടസ് ലിഗയും അഞ്ചു തവണ ജര്‍മന്‍ സൂപ്പര്‍ കപ്പും മൂന്നു ജര്‍മന്‍ കപ്പും നേടിയിട്ടുണ്ട്.
ബയേണിനായി 253 മത്സരങ്ങളിൽ നിന്ന് 238 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ മാത്രം 34 കളികളിൽ നിന്ന് 35 ഗോളുകൾ നേടി ലീഗിലെ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമനായിരുന്നു. കഴിഞ്ഞ രണ്ടു കൊല്ലങ്ങളിലും ഫിഫയുടെ മികച്ച താരത്തിനുള്ള അവാർഡും ലെവന്‍ഡോവ്‌സ്‌കിക്കായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ലെവന്‍ഡോവ്‌സ്‌കിയുമായി പുതിയ കരാറിലേർപ്പെടാൻ ബയേൺ ശ്രമിച്ചെങ്കിലും പരാജയപ്പട്ടു. ഇതേ തുടര്‍ന്നാണ് താരം ക്ലബ് വിടുന്നത്.
ഇതിഹാസതാരമായിരുന്നു ചാവി ഹെര്‍ണാണ്ടസ് പരിശീലകനായി ചുഗമതലയേറ്റ ശേഷംതിരിച്ചു വരവിന് ശ്രമിക്കുന്ന ബാഴ്‌സ മുന്നേറ്റ നിരയ്ക്ക് മൂർച്ച കൂട്ടുന്നതാകും ലെവന്‍ഡോവ്‌സ്‌കിയുടെ നീക്കം.