ഗോളടിച്ചു മെസിയും ക്രിസ്റ്റിയാനോയും; 'സൗഹൃദം' ജയിച്ചു പി.എസ്.ജി.

ഗോളടിച്ചു മെസിയും ക്രിസ്റ്റിയാനോയും; 'സൗഹൃദം' ജയിച്ചു പി.എസ്.ജി.

പി.എസ്.ജിക്കായി മെസി ആദ്യ ഗോള്‍ നേടിയപ്പോള്‍ റിയാദ് ടീമിനു വേണ്ടി ക്രിസ്റ്റിയാനോ ഇരട്ട ഗോളുകള്‍ നേടി.
Updated on
1 min read

സൗഹൃദ മത്സരത്തിന്റെ ഊഷ്മളതയും ആവേശപ്പോരാട്ടത്തിന്റെ വീറും വാശിയും കണ്ട ഫ്രഞ്ച് ക്ലബ് പി.എസ്.ജിയും സൗദി ക്ലബുകളായ അല്‍ നസര്‍ - അല്‍ ഹിലാല്‍ എന്നിവയുടെ സംയുക്ത ടീമായ റിയാദ് സീസണ്‍ ടീം ഇലവന്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ സ്‌കോര്‍ കാര്‍ഡില്‍ ഇടംപിടിച്ച് ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. ഇരുവര്‍ക്കും പുറമേ മറ്റു പ്രമുഖ താരങ്ങളായ കിലിയന്‍ എംബാപ്പെ, സെര്‍ജിയോ റാമോസ്, മാര്‍ക്വിഞ്ഞോസ് എന്നിവരും ലക്ഷ്യം കണ്ട മത്സരത്തില്‍ നാലിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ജയം മെസിയുടെ പി.എസ്.ജിയ്‌ക്കൊപ്പം നിന്നു.

പി.എസ്.ജിക്കായി മെസി, എംബാപ്പെ, റാമോസ്, മാര്‍ക്വിഞ്ഞോസ് എന്നിവര്‍ക്കു പുറമേ ഹ്യൂഗോ എകിറ്റിക്കെയും സ്‌കോര്‍ ചെയ്തപ്പോള്‍ റിയാദ് ടീമിനു വേണ്ടി ക്രിസ്റ്റിയാനോ ഇരട്ട ഗോളുകള്‍ നേടി. ജാങ് ഹ്യൂങ് സൂ, ടാലിസ്‌ക എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍.

സൂപ്പര്‍ താരങ്ങളെല്ലാം ആദ്യ ഇലവനില്‍ ഇറങ്ങിയ മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ഗോള്‍വല ചലിപ്പിച്ച് മെസിയാണ് ആവേശപ്പോരാട്ടത്തിന് തുടക്കം കുറിച്ചത്. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു മെസിയുടെ ഗോള്‍.

എന്നാല്‍ 34-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൊണാള്‍ഡോ ഇതിന് മറുപടി നല്‍കി. തനിക്കുനേരെ പി.എസ്.ജി. ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസ് നടത്തിയ ഫൗളിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റിയാനോ പിഴവില്ലാതെ വലയിലാക്കുകയായിരുന്നു. ഏറെ വൈകാതെ 43-ാം മിനിറ്റില്‍ എംബാപ്പെയുടെ പാസില്‍ നിന്ന് മാര്‍ക്വിഞ്ഞോസ് ഫ്രഞ്ച് ക്ലബിനെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും ആദ്യ പകുതി അവസാനിക്കും മുമ്പ് തന്റെ രണ്ടാം ഗോള്‍ നേടിയ ക്രിസ്റ്റിയാനോ റിയാദ് ടീമിനെ ഒപ്പമെത്തിച്ചു.

ഇതിനിടെ മൂന്നാം ഗോള്‍ നേടാന്‍ പി.എസ്.ജിക്ക് സുവര്‍ണാവസരം ലഭിച്ചതാണ്. എന്നാല്‍ അനുകൂലമായി ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കുന്നതില്‍ നെയ്മറിനു പിഴച്ചത് തിരിച്ചടിയായി. ബ്രസീല്‍ താരത്തിന്റെ ഷോട്ട് സൗദി അറേബ്യയുടെ ലോകകപ്പ് ഹീറോയായ ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവെയ്‌സ് തട്ടിയകറ്റുകയായിരുന്നു.

ഒപ്പത്തിനൊപ്പം ഇടവേളയ്ക്കു പിരിഞ്ഞതിനു ശേഷം രണ്ടാം പകുതിയില്‍ പി.എസ്.ജിക്കു വേണ്ടി റാമോസ്, എംബാപ്പെ, എകിറ്റിക്കെ എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ റിയാദ് ഇലവനു വേണ്ടി ജാങ് ഹ്യൂസൂ, ടലിസ്‌ക എന്നിവരും ലക്ഷ്യം കണ്ടു. യുവാന്‍ ബെര്‍നാട് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനേത്തുടര്‍ന്ന് 39-ാം മിനിറ്റുമുതല്‍ 10 പേരുമായാണ് പി.എസ്.ജി. കളിച്ചത്. മത്സരം 60 മിനിറ്റ് പൂര്‍ത്തിയായതോടെ പി.എസ്.ജി. മെസി, നെയ്മര്‍, എംബാപ്പെ എന്നിവരെയും റിയാദ് ഇലവന്‍ ക്രിസ്റ്റിയാനോയെയും പിന്‍വലിച്ചിരുന്നു.

logo
The Fourth
www.thefourthnews.in