സാറാ ബ്യോര്‍ക്ക്
സാറാ ബ്യോര്‍ക്ക്

ഇത് എല്ലാ അമ്മമാർക്കും വേണ്ടിയുള്ള സാറയുടെ പോരാട്ടം; പ്രസവാവധി ആനുകൂല്യ കേസിൽ ഫ്രഞ്ച് ക്ലബ് ലിയോണിനെതിരെ ചരിത്ര വിധി

കുട്ടിയുണ്ടായത് ജീവിതത്തിലെ മോശംകാര്യമെന്ന ചിന്തവരെ ഉണ്ടാക്കുന്നതരത്തിലായിരുന്നു ലിയോണ്‍ ക്ലബിന്‌റെ നിലപാടുകളെന്ന് സാറാ
Updated on
2 min read

സാറാ ബ്യോര്‍ക്ക് ഗന്നഴ്സ്‌ഡോട്ടിര്‍ എന്ന പേര് വനിതാ ഫുട്‌ബോളില്‍ അവകാശ പോരാട്ടത്തിന്‌റെ മറുപേരാണ് ഇനി. വ്യക്തി ജീവിതവും കരിയറും ഒരു പോലെ മുന്നോട്ടുകൊണ്ടുപോകാന്‍ പോരാടുന്ന വനിതകളുടെ ആകെ പ്രതീകം. ഗര്‍ഭകാലത്ത് സ്വന്തം ക്ലബില്‍ നിന്ന് നേരിടേണ്ടിവന്ന അവഗണനയും അനീതിയും നിയമപരമായി ചോദ്യം ചെയ്യാനായിരുന്നു സാറാ തീരുമാനിച്ചത്. ഒടുവില്‍ അവളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ഫിഫയുടെ വിധിയെത്തി.

കുട്ടിയുണ്ടായത് ജീവിതത്തിലെ മോശംകാര്യമെന്ന ചിന്തവരെ ഉണ്ടാക്കുന്നതരത്തിലായിരുന്നു ലിയോണ്‍ ക്ലബിന്‌റെ നിലപാടുകളെന്ന് സാറാ

ഐസിലന്‌റിനായി ഏറ്റവുമധികം രാജ്യാന്തര മത്സരങ്ങളിൽ ബൂട്ട് കെട്ടിയ സാറാ, ഫ്രഞ്ച് ക്ലബായ ഒളിമ്പിക് ലിയണസിന്‌റെ താരമായിരുന്നു. ടീമിന് വേണ്ടി രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടമടക്കം നേടി. എന്നാല്‍ ഗര്‍ഭകാലത്ത് ക്ലബ് സാറായെ കൈയൊഴിഞ്ഞു. ശമ്പളം നല്‍കിയില്ല. ടീമില്‍ നിന്ന് ഒഴിവാക്കുമെന്ന് ഭീഷണിയും മുഴക്കി.

സാറാ ബ്യോര്‍ക്കും പങ്കാളിയും
സാറാ ബ്യോര്‍ക്കും പങ്കാളിയും

2022 ലാണ് സാറയ്ക്ക് ആണ്‍കുഞ്ഞ് പിറക്കുന്നത്. 2021 ഏപ്രിലില്‍ പ്രസവാവധിയില്‍ പ്രവേശിക്കുന്നത്. ഇതോടെ തന്‌റെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നോ തന്നെ തഴയുമെന്നോ കരുതിയിരുന്നില്ലെന്ന് സാറാ പറയുന്നു. ''കാര്യങ്ങള്‍ ആകെ മാറിമറിയുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല. ആദ്യമാസത്തെ ശമ്പളം ലഭിച്ചപ്പോഴാണ് കാര്യങ്ങള്‍ മനസിലാകുന്നത്. സാമൂഹികസുരക്ഷാ ഫണ്ടില്‍ നിന്നുള്ള ചെറിയ തുക മാത്രമാണ് ലഭിച്ചത്. രണ്ടാം മാസവും ഇതുതന്നെ സംഭവിച്ചു. ക്ലബ് ഡയറക്ടറോട് ആദ്യം സംസാരിച്ചപ്പോള്‍ മറുപടി ഉണ്ടായില്ല.-'' സാറ ഓര്‍ക്കുന്നു.

സാറാ ബ്യോര്‍ക്ക്
സാറാ ബ്യോര്‍ക്ക്

വീണ്ടും ക്ലബുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ ക്ഷമചോദിച്ചെന്നും മുഴുവന്‍ ശമ്പളവും തരാമെന്ന് വാഗ്ദാനം ചെയ്‌തെന്നും സാറാ പറഞ്ഞു. എന്നാല്‍ പിന്നീടാണ് ഫ്രാന്‍സിലെ നിയമ പ്രകാരമാണ് കാര്യങ്ങള്‍ ചെയ്യുകയെന്ന് ക്ലബ് അറിയിച്ചത്. പ്രസവാവധി സമയത്ത് ഒരു തുകയും ലഭിക്കില്ലെന്ന് ഇതോടെ വ്യക്തമായി. തുടര്‍ന്ന് ഫിഫയെ സമീപിക്കാന്‍ സാറാ തീരുമാനിച്ചു. നിയമനടപടി സ്വീകരിച്ചാല്‍ ക്ലബില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണി വരെ വകവെയ്ക്കാതെയായിരുന്നു ആ നീക്കം. പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങളുടെ സംഘടനയായ ഫിഫ്‌പ്രോ(FIFPRO) സാറയ്ക്ക് പിന്തുണയുമായി എത്തി. കൂട്ടായ ശ്രമം അതൊടുവില്‍ ഫലം കണ്ടു. 82,094.82 യൂറോ ശമ്പള കുടിശികയും അഞ്ച് ശതമാനം പലിശയും സാറായ്ക്ക് നല്‍കണമെന്നാണ് ക്ലബിനെതിരെ ഫിഫയുടെ ഇപ്പോൾ ഉത്തരവ്.

സാറാ ബ്യോര്‍ക്കും കുടുംബവും
സാറാ ബ്യോര്‍ക്കും കുടുംബവും

പ്രസവാനന്തരം പ്രൊഫഷണല്‍ ഫുട്ബോ‌ളിനോട് വിടപറയുന്ന വനിതാ താരങ്ങളുടെ എണ്ണം വളരെ വലുതാണ്. 2017 ലെ ഒരു തൊഴില്‍ പഠന റിപ്പോര്‍ട്ട് പ്രകാരം പ്രൊഫഷണല്‍ താരങ്ങളില്‍ രണ്ട് ശതമാനം മാത്രമാണ് അമ്മമാര്‍. ഇത്തരം കണക്കുകള്‍ വിലയിരുത്തിയും ഫിഫ്‌പ്രോ അടക്കമുള്ള സംഘടനകളുടെ ഇടപെടല്‍ വഴിയുമാണ് ഫിഫ പ്രസവാനുകൂല്യ നിബന്ധനകള്‍ പ്രഖ്യാപിച്ചത്. 2021 ജനുവരിയിലാണ് ഈ നിബന്ധനകള്‍ നിലവില്‍ വരുന്നത്. ഇതിന് ശേഷവും നിയമം ലംഘിക്കുകയായിരുന്നു ലിയോണ്‍. കുട്ടിയുണ്ടായത് ജീവിതത്തിലെ മോശംകാര്യമെന്ന ചിന്തവരെ ഉണ്ടാക്കുന്നതരത്തിലായിരുന്നു ലിയോണ്‍ ക്ലബിന്‌റെ നിലപാടുകളെന്ന് സാറാ ഓര്‍ക്കുന്നു. 32കാരിയായ സാറാ ബ്യോര്‍ക്ക് നിലവില്‍ യുവാന്‌റസിലാണ്. 2022 ജൂലൈയിലാണ് അവര്‍ ലിയോണ്‍ വിട്ട് ഇറ്റലിയിലേക്ക് പോയത്. 2024 വരെയാണ് യുവാന്റസുമായുള്ള കരാര്‍.

logo
The Fourth
www.thefourthnews.in