അശ്ലീല ആംഗ്യവിക്ഷേപം: ക്രിസ്റ്റിയാനോയെ നാടുകടത്തണമെന്ന് ആവശ്യം

അശ്ലീല ആംഗ്യവിക്ഷേപം: ക്രിസ്റ്റിയാനോയെ നാടുകടത്തണമെന്ന് ആവശ്യം

അല്‍ ഹിലാലിനെതിരായ മത്സരത്തിനിറങ്ങിയ ക്രിസ്റ്റിയാനോ ഹോം കാണികള്‍ക്കു നേരെ നടത്തിയ ആംഗ്യവിക്ഷേപമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
Updated on
1 min read

വീണ്ടും വിവാദ തലക്കെട്ടുകളില്‍ ഇടംപിടിച്ച് പോര്‍ചുഗല്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സൗദി പ്രീമിയര്‍ ലീഗ് ക്ലബ് അല്‍ നസറിന്റെ താരമായ റൊണാള്‍ഡോ കഴിഞ്ഞ ദിവസം ലീഗില്‍ അല്‍ ഹിലാലിനെതിരായ മത്സരശേഷമാണ് വിവാദത്തില്‍ കുരുങ്ങിയത്.

മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തോല്‍വി വഴങ്ങിയ അല്‍ നസര്‍ കിരീടപ്പോരാട്ടത്തില്‍ വൈരികളായ അല്‍ ഇത്തിഹാദിനു പിന്നിലായിപ്പോയിരുന്നു. 24 മത്സരങ്ങളില്‍ നിന്ന് 53 പോയിന്റാണ് അവര്‍ക്കുള്ളത്. ഒരു മത്സരം കുറച്ച കളിച്ച ഇത്തിഹാദാകട്ടെ മൂന്നു പോയിന്റ് മുന്നിലാണ്. ഇതോടെ അല്‍ നസര്‍ ആരാധകര്‍ ക്രിസ്റ്റിയാനോയ്‌ക്കെതിരേ തിരിയുകയായിരുന്നു.

അതിനിടെ അല്‍ ഹിലാലിനെതിരായ മത്സരത്തിനിറങ്ങിയ ക്രിസ്റ്റിയാനോ ഹോം കാണികള്‍ക്കു നേരെ നടത്തിയ ആംഗ്യവിക്ഷേപമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കളത്തിലിറങ്ങിയ താരത്തെ 'മെസി, മെസി' വിളികളുമായാണ് അല്‍ ഹിലാല്‍ ആരാധകര്‍ സ്വീകരിച്ചത്. ആരാധകരുടെ ഈ പെരുമാറ്റമാണ് ക്രിസ്റ്റിയാനോയെ ചൊടിപ്പിച്ചു. മെസി വിളികള്‍ക്കു മറുപടിയെന്നോണം സ്വകാര്യഭാഗത്തേക്ക് കൈചൂണ്ടിയാണ് ക്രിസ്റ്റിയാനോ പ്രതികരിച്ചത്.

ഇതിന്റെ വീഡിയോ വൈറലായതോടെ താരത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് സൗദിയിലെമ്പാടും ഉയരുന്നത്. മതവിശ്വാസത്തിന്റെ പേരില്‍ ഉയര്‍ന്ന സദാചാര ചിന്ത പുലര്‍ത്തുന്ന സൗദി പോലൊരു രാജ്യത്ത് പരസ്യമായി ഇത്തരം ആംഗ്യങ്ങള്‍ കാട്ടിയത് ക്ഷമിക്കാനാകില്ലെന്നും റമദാന്‍ മാസത്തില്‍ തന്നെ ഇത്തരം പ്രവൃത്തി കാട്ടിയ താരത്തെ രാജ്യത്തു നിന്ന് പുറത്താക്കണമെന്നുമാണ് ഒരു വിഭാഗം ആരാധകരുടെ ആവശ്യം.

അതേസമയം വിവാദത്തിന്റെ പശ്ചാത്തലത്തില്‍ താരത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് അല്‍ നസര്‍ ടീം മാനേജ്‌മെന്റ് സ്വീകരിച്ചിരിക്കുന്നത്. താരം ആരാധകര്‍ക്കു നേരെ പരസ്യമായി അശ്ലീല ആംഗ്യം കാട്ടിയതല്ലെന്നും മത്സരത്തിനിടെ അല്‍ ഹിലാല്‍ താരം ഗുസ്താവോ ക്യൂളറുടെ ഫൗളില്‍ താരത്തിന് സ്വകാര്യ ഭാഗത്ത് പരുക്കേറ്റുവെന്നും അക്കാര്യം ടീം ഫിസിയോയെ അറിയിക്കുകയാണ് താരം ചെയ്തതെന്നും കാണികള്‍ക്കു നേരെയുള്ള ആംഗവിക്ഷേപമല്ല അതെന്നുമാണ് ടീം മാനേജ്‌മെന്റിന്റെ വിശദീകരണം.

ഇതാദ്യമായല്ല ക്രിസ്റ്റിയാനോ പരസ്യമായി അസ്വസ്ഥത പ്രകടിപ്പിക്കുന്നത്. ഇതിനു മുമ്പ് അല്‍ ഫെയ്ഹയ്‌ക്കെതിരായ മത്സരത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയതിനു പിന്നാലെ ഡഗ്ഗൗട്ടിലേക്കുള്ള ടണലില്‍ വച്ച് സഹതാരങ്ങളുമായി ക്രിസ്റ്റിയാനോ വാക്കേറ്റത്തിലേര്‍പ്പെട്ടതും വിവാദമായിരുന്നു. പിന്നീട് കേച്ച് റൂഡി ഗാര്‍ഷ്യയുടെ തന്ത്രങ്ങളെ പരസ്യമായി വിമര്‍ശിച്ചു താരം രംഗത്തെത്തുകയും ചെയ്തു. പിന്നാലെ കോച്ചിനെ ടീം പുറത്താക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in