അര്‍ജന്റീന 4-2-3-1 ശൈലിയില്‍; ഒട്ടാമെന്‍ഡിയും ഗോമസും ഇലവനില്‍, മാര്‍ട്ടിനസ് പകരക്കാരന്‍

അര്‍ജന്റീന 4-2-3-1 ശൈലിയില്‍; ഒട്ടാമെന്‍ഡിയും ഗോമസും ഇലവനില്‍, മാര്‍ട്ടിനസ് പകരക്കാരന്‍

ആക്രമണത്തിനും പ്രതിരോധത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് സ്‌കലോണി ടീമിനെ ഒരുക്കിയിരിക്കുന്നത്.
Updated on
1 min read

ലോകമെങ്ങുമുള്ള ആരാധകരെ ആവേശത്തിലാഴ്ത്തി 2022 ഫിഫ ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തിനുള്ള ടീം ലൈനപ്പ് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി പുറത്തുവിട്ടു. ആരാധകരുടെ ആശങ്കകള്‍ അകറ്റി ലയണല്‍ മെസി തന്നെ ടീമിനെമുന്നില്‍ നിന്നു നയിക്കാന്‍ ഇറങ്ങും.

ഇന്നലെ പ്രീമാച്ച് വാര്‍ത്താ സമ്മേളനത്തില്‍ തന്നെ പരുക്കിനെച്ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ മെസി തന്നെ തള്ളിക്കളിഞ്ഞിരുന്നെങ്കിലും ആരാധകര്‍ക്ക് ആശങ്കയായിരുന്നു. ഇന്നലെ ഖത്തര്‍ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന പരിശീലനത്തിനിടെ ഇടതു കാല്‍ക്കുഴയ്ക്ക് നീരുവന്നത് വ്യക്തമാകുന്ന തരത്തിലുള്ള മെസിയുടെ ചിത്രങ്ങള്‍ വാര്‍ത്താമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതാണ് ആശങ്കയ്ക്ക് വകയൊരുക്കിയത്. എന്നാല്‍ അതെല്ലാം അസ്ഥാനത്താക്കിയാണ് ഇപ്പോള്‍ ടീം ലൈനപ്പ് പുറത്തുവിട്ടത്.

4-2-3-1 എന്ന ഫോര്‍മേഷനില്‍ ആക്രമണത്തിനും പ്രതിരോധത്തിനും ഒരുപോലെ പ്രാധാന്യം നല്‍കിയാണ് സ്‌കലോണി ടീമിനെ ഒരുക്കിയിരിക്കുന്നത്. പ്രതീക്ഷിച്ച പേരുകള്‍ എല്ലാം തന്നെ ടീം ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്. ലാത്വാരോ മാര്‍ട്ടിനസിനാണ് ആക്രമണച്ചുമതല നല്‍കിയിരിക്കുന്നത്.

ഏക സ്‌ട്രൈക്കര്‍ക്കു പിന്തണയുമായി തൊട്ടുപിന്നില്‍ മെസിക്കും എയ്ഞ്ചല്‍ ഡിമരിയയ്ക്കുമൊപ്പം അലക്‌സാന്‍ഡ്രോ ഗോമസാണ് ഇടംപിടിച്ചത്. പ്രതിരോധ-മുന്നേറ്റ നിരകളെ ഏകോപിപ്പിക്കാനുള്ള ചുമതല റോഡ്രിഗോ ഡി പോളിനും ലിയാന്‍ഡ്രോ പരേഡസിനുമാണ്.

പ്രതിരോധനിരയില്‍ യുവതാരം ലിസാന്‍ഡ്രോ മാര്‍ട്ടിനസിനെ ഒഴിവാക്കിയത് ആരാധര്‍കര്‍ക്ക് തെല്ലുനിരാശ പകരുന്നുണ്ട്. വിശ്വസ്തരായ ക്രിസ്റ്റന്‍ റൊമേറോയ്ക്കും പരിചയസമ്പന്നനായ നിക്കോളാസ് ഒട്ടാമെന്‍ഡിക്കുമാണ് സെന്റര്‍ ഡിഫന്‍സിന്റെ ചുമതല. വിങ്ബാക്കുകളായി നിക്കോളാസ് ടാഗ്ലിയാഫികോ, നഹ്വേല്‍ മോളിന എന്നിവരും ക്രോസ് ബാറിനു കീഴില്‍ എമിലിയാനോ മാര്‍ട്ടിനസും ഇടംപിടിച്ചു.

logo
The Fourth
www.thefourthnews.in