ലയണൽ സ്കലോനി മികച്ച പരിശീലകൻ, ദെഷാംപ്‌സിനെ ബഹുദൂരം പിന്നിലാക്കി നേട്ടം

ലയണൽ സ്കലോനി മികച്ച പരിശീലകൻ, ദെഷാംപ്‌സിനെ ബഹുദൂരം പിന്നിലാക്കി നേട്ടം

ദെഷാംപ്‌സിനെ ബഹുദൂരം പിന്നിലാക്കി 240 വോട്ടുമായാണ് സ്കലോനിയുടെ നേട്ടം
Updated on
1 min read

2022ലെ മികച്ച ദേശീയ ടീം പരിശീലകനായി അർജന്റീനയുടെ ലയണൽ സ്കലോനിയെ തിരഞ്ഞെടുത്തു. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ വോട്ടെടുപ്പിലാണ് സ്കലോനി ജേതാവായത്. 44 വോട്ട് നേടിയ ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്‌സിനെ ബഹുദൂരം പിന്നിലാക്കി 240 വോട്ടുമായാണ് സ്കലോനിയുടെ നേട്ടം.

ലോകകപ്പിനായുള്ള അർജന്റീനയുടെ 36 വർഷത്തെ കാത്തിരുപ്പ് അവസാനിപ്പിച്ചതാണ് 44 കാരനായ സ്കലോനിയെ തുണച്ചത്. 2018 ലോകകപ്പിൽ രണ്ടാം റൗണ്ടിൽ പുറത്തായ ശേഷമാണ് സ്കലോനിക്ക് ദേശീയ ടീമിന്റെ പരിശീലക ചുമതല നൽകുന്നത്. കോപ്പ അമേരിക്കയിൽ ചിരവൈരികളായ ബ്രസീലിനെ തോൽപ്പിച്ചുകൊണ്ട് കിരീടം നേടിയതോടെ ആരാധകർക്കിടയിലും അദ്ദേഹത്തോടുള്ള പ്രിയമേറി. 28 വർഷം നീണ്ട അന്താരാഷ്ട്ര കിരീടമെന്ന അർജന്റീനയുടെ കാത്തിരിപ്പാണ് അതോടെ അവസാനിച്ചത്. കോപ്പ ജയത്തിന് പിന്നാലെ നടന്ന ഫൈനലിസ്മയിലും കിരീടം നേടി സ്കലോനി ഒരിക്കൽകൂടി അർജന്റീനയ്ക്ക് കിരീടം സമ്മാനിച്ചു. അദ്ദേഹത്തിന് കീഴിൽ 36 മത്സരങ്ങളിലാണ് അർജന്റീന പരാജയമറിയാതെ കുതിച്ചത്.

ഇത്തവണത്തെ ലോകകപ്പിലെ കറുത്തകുതിരകളായിരുന്ന മൊറോക്കോയെ പരിശീലിപ്പിച്ച വാലിദ് റെഗ്‌രാഗി മുപ്പത് വോട്ടുകളുടെ മൂന്നാമതെത്തി. ക്രൊയേഷ്യന്‍ പരിശീലകൻ സ്ലാറ്റ്കോ ഡാലിച്ച്‌, ജപ്പാൻ പരിശീലകൻ ഹാജിം മൊറിയാസു, നെതർലൻഡ്‌സ്‌ പരിശീലകൻ ലൂയിസ് വാൻഗാൽ, അമേരിക്കൻ പരിശീലകൻ ഗ്രെഗ് ബെർഹാൾട്ടർ, ബ്രസീൽ പരിശീലകൻ ടിറ്റെ, ദക്ഷിണ കൊറിയൻ പരിശീലകൻ പൗലോ ബെന്റോ എന്നിവരും മത്സര പട്ടികയിലുണ്ടായിരുന്ന മറ്റ് പരിശീലകർ.

logo
The Fourth
www.thefourthnews.in