അശ്വമേധം തുടര്‍ന്ന് ആല്‍ബിസെലസ്റ്റകള്‍; അര്‍ജന്റീനയെ പിടിച്ചുകെട്ടാന്‍ ആരുമില്ല, ചിലെയെ തകര്‍ത്തത് മൂന്നു ഗോളുകള്‍ക്ക്

അശ്വമേധം തുടര്‍ന്ന് ആല്‍ബിസെലസ്റ്റകള്‍; അര്‍ജന്റീനയെ പിടിച്ചുകെട്ടാന്‍ ആരുമില്ല, ചിലെയെ തകര്‍ത്തത് മൂന്നു ഗോളുകള്‍ക്ക്

കളിച്ച ടൂര്‍ണമെന്റുകളിലെല്ലാം വെന്നിക്കൊടിപ്പായിച്ച് ആല്‍ബിസെലസ്റ്റകള്‍ നടത്തുന്ന അശ്വമേധം തടയാന്‍ ഭൂഗോളത്തില്‍ ആരുമില്ലെന്ന സ്ഥിതിയാണ്
Updated on
1 min read

സിനിമാ ഡയലോഗ് പോലും തോറ്റുപോകും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെക്കുറിച്ച് സംസാരിച്ചു തുടങ്ങിയാല്‍. ലയണല്‍ സ്‌കലോണിയും കുട്ടികളും ഡബിള്‍ സ്‌ട്രോങ്ങല്ല, ട്രിപ്പിള്‍ സ്‌ട്രോങ്ങാണ്. കളിച്ച ടൂര്‍ണമെന്റുകളിലെല്ലാം വെന്നിക്കൊടിപ്പായിച്ച് ആല്‍ബിസെലസ്റ്റകള്‍ നടത്തുന്ന അശ്വമേധം തടയാന്‍ ഭൂഗോളത്തില്‍ ആരുമില്ലെന്ന സ്ഥിതിയാണ്.

അപരാജിത കുതിപ്പ് തുടരുന്ന അര്‍ജന്റീനയുടെ ഇന്നത്തെ ഇര ചിരവൈരികളായ ചിലെയായിരുന്നു. സമീപകാല കോപ്പാ അമേരിക്ക ടൂര്‍ണമെന്റില്‍ രണ്ടു തവണ തങ്ങളെ ഫൈനലില്‍ കരയിച്ച ചിലെയെ അര്‍ജന്റീന ഇന്ന് കരിച്ചുകളഞ്ഞത് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്.

2028 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്നു ചിലെയെ തോല്‍പിച്ചതോടെ ലാറ്റിനമേരിക്കന്‍ യോഗ്യതാ പോരാട്ടത്തില്‍ തങ്ങളുടെ ഒന്നാം സ്ഥാനം അരക്കിട്ട് ഉറപ്പിക്കാനും അര്‍ജന്റീനയ്ക്കായി. യോഗ്യതാ മത്സരങ്ങളില്‍ ലാറ്റിനമേരിക്കയില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ഏക ടീമും അര്‍ജന്റീനയാണ്. കളിച്ച ആറു മത്സരങ്ങളും ജയിച്ച് 18 പോയിന്റുമായാണ് അവര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

സ്വന്തം തട്ടകമായ ബ്യൂണേഴ്‌സ് ഐറിസിലെ എസ്റ്റാഡിയോ മോണ്യുമെന്റല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അലക്‌സിസ് മക് അലിസ്റ്റര്‍, യൂലിയന്‍ അല്‍വാരസ്, പൗളോ ഡിബാല എന്നിവരുടെ എണ്ണം പറഞ്ഞ ഗോളുകളാണ് അര്‍ജന്റീനയ്ക്ക് തുണയായത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷമാണ് മൂന്നു ഗോളുകളും പിറന്നത്.

പരുക്കുമൂലം നായകനും ലോകഫുട്‌ബോള്‍ ഇതിഹാസവുമായ ലയണല്‍ മെസി ഇല്ലാതെയിറങ്ങിയ അര്‍ജന്റീന ആ കുറവ് കളത്തില്‍ പ്രകടമാക്കിയതേയില്ല. മത്സരത്തില്‍ ആദ്യാന്തം അര്‍ജന്റീന്‍ ആധിപത്യമായിരുന്നു. ചിലെ ഗോള്‍കീപ്പര്‍ ഗബ്രിയേല്‍ ഏരിയാസിന്റെ മിന്നും പ്രകടനമാണ് അര്‍ജന്റീനയുടെ വലിയ മാര്‍ജിനിലുള്ള ജയം തടഞ്ഞത്. ഇടയ്ക്ക് ഒറ്റപ്പെട്ട നീക്കങ്ങള്‍ ചിലെ നടത്തിയെങ്കിലും ബാറിനു കീഴില്‍ എമിലിയാനോ മാര്‍ട്ടിനസ് എന്ന അര്‍ജന്റീന്‍ കാവല്‍ക്കാരനു മുന്നില്‍ അതെല്ലാം നിഷ്പ്രഭമായി.

logo
The Fourth
www.thefourthnews.in