പ്രതീക്ഷകള്‍ പൊലിഞ്ഞു; മാനെ ഇല്ലാതെ സെനഗല്‍

പ്രതീക്ഷകള്‍ പൊലിഞ്ഞു; മാനെ ഇല്ലാതെ സെനഗല്‍

മാനെയ്ക്ക് പരുക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
Updated on
1 min read

പരുക്കേറ്റ സൂപ്പര്‍ താരം സാദിയോ മാനെ ഖത്തര്‍ ലോകകപ്പില്‍ കളിക്കില്ലെന്നു സ്ഥിരീകരിച്ചു സെനഗല്‍ ടീം. ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കിന്റെ താരമായിരുന്ന മാനെയ്ക്ക് ലീഗ് മത്സരത്തിനിടെയേറ്റ പരുക്കാണ് തിരിച്ചടിയായത്.

പരുക്കിന്റെ പിടിയിലായിരുന്നെങ്കിലും താരം വേഗം സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്‍ മാനെയെ ഉള്‍പ്പെടുത്തിയാണ് സെനഗല്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. എന്നാല്‍ പരുക്കില്‍ നിന്നു മുക്തനാകാന്‍ കുടുതല്‍ സമയം വേണ്ടിവരുമെന്നു വ്യക്തമായതോടെ താരത്തെ ഒഴിവാക്കാന്‍ സെനഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിക്കുകയായിരുന്നു.

മാനെയുടെ അഭാവം ആഫ്രിക്കന്‍ ചാമ്പ്യന്മാര്‍ക്ക് കനത്ത തിരിച്ചടിയാണ് സമ്മാനിക്കുക. ടീമിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതിലും അവരെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ജേതാക്കളാക്കുന്നതിലും മാനെ വഹിച്ച പങ്ക് ഏറെ വലുതാണ്.

രണ്ടു തവണ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട മാനെയ്ക്ക് പരുക്കിനെത്തുടര്‍ന്ന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. അങ്ങനെയെങ്കില്‍ കുറഞ്ഞത് നാലു മാസത്തോളം താരത്തിന് കളത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്നേക്കാം.

logo
The Fourth
www.thefourthnews.in