ഒടുവില്‍ മൗറീഞ്ഞോ തോറ്റു; യൂറോപ്പ കിരീടം വീണ്ടും സ്‌പെയിനിലേക്ക്‌

ഒടുവില്‍ മൗറീഞ്ഞോ തോറ്റു; യൂറോപ്പ കിരീടം വീണ്ടും സ്‌പെയിനിലേക്ക്‌

ഇതാദ്യമായാണ് പോര്‍ചുഗല്‍ പരിശീലകന്‍ ഹൊസെ മൗറീഞ്ഞോ പരിശീലിപ്പിക്കുന്ന ഒരു ടീം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ തോല്‍ക്കുന്നത്.
Updated on
1 min read

യൂറോപ്യന്‍ ഫൈനലുകളില്‍ ഒന്നില്‍പ്പോലും തോല്‍വി അറിഞ്ഞിട്ടില്ലെന്ന ഹൊസെ മൗറീഞ്ഞോയുടെ സ്വകാര്യ അഹങ്കാരം സെവിയ തകര്‍ത്തു. മൗറീഞ്ഞോ പരിശീലിപ്പിച്ച ഇറ്റാലിയന്‍ ടീമായ എ.എസ് റോമയെ തോല്‍പിച്ച് സെവിയ യൂറോപ്പാ ലീഗ് കിരീടത്തില്‍ മുത്തമിട്ടു. ഇന്നലെ നടന്ന ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിനൊടുവില്‍ 4-1 എന്ന സ്‌കോറിലായിരുന്നു സ്പാനിഷ് ടീമിന്റെ ജയം.

മത്സരത്തില്‍ ഒരു സെല്‍ഫ് ഗോള്‍ വഴങ്ങുകയും ഷൂട്ടൗട്ടില്‍ കിക്ക് പാഴാക്കുകയും ചെയ്ത ഗിയാന്‍ ലൂക്കാ മാന്‍സിനിയാണ് റോമയുടെ വില്ലനായത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 1-1 എന്ന സ്‌കോറില്‍ തുല്യത പാലിച്ചതോടെയാണ് വിജയികളെ നിശ്ചയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടി വന്നത്.

ഷൂട്ടൗട്ടില്‍ റോമ താരങ്ങളായ മാന്‍സിനി, റോജര്‍ ഇബാനസ് എന്നിവര്‍ക്കു പിഴയ്ക്കുകയായിരുന്നു. സെവിയയ്ക്കു വേണ്ടി ലൂക്കാസ് ഒക്കാംപസ്, എറിക് ലമേല, ഇവാന്‍ റാക്കിറ്റിച്ച്, ഗോണ്‍സാലോ മൊണ്‍ടിയേല്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബ്രയാന്‍ ക്രിസ്റ്റാന്റെയ്ക്കു മാത്രമാണ് ഇറ്റാലിയന്‍ ടീമിനായി വലകുലുക്കാന്‍ കഴിഞ്ഞത്.

നേരത്തെ മത്സരത്തിന്റെ നിശ്ചിത സമയത്ത് ആദ്യം ലീഡ് നേടിയ ശേഷമായിരുന്നു റോമയുടെ തോല്‍വി. ആദ്യപകുതിയില്‍ 35-ാം മിനിറ്റില്‍ അര്‍ജന്റീന സൂപ്പര്‍ താരം പൗളോ ഡിബാലയിലൂടെയാണ് റോമ ലീഡ് നേടിയത്. ആദ്യ പകുതിയില്‍ ഈ ഗോളിനു മുന്നിട്ടു നിന്ന അവര്‍ക്ക് പക്ഷേ രണ്ടാം പകുതിയില്‍ തിരിച്ചടിയേറ്റു.

ഇടവേള കഴിഞ്ഞു 10 മിനിറ്റ് തികയും മുമ്പേ സെവിയ സമനില ഗോള്‍ കണ്ടെത്തി. സ്വന്തം പോസ്റ്റിലേക്ക് പന്ത് അടിച്ചുകയറ്റിയ മാന്‍സിനിയാണ് റോമയുടെ മേല്‍കൈ കളഞ്ഞുകുളിച്ചത്. സ്വന്തം ബോക്‌സില്‍ നിന്ന് ജീസസ് നവാസ് നല്‍കിയ നെടുനീളന്‍ ക്രോസ് പിടിച്ചെടുക്കാന്‍ സെവിയ താരം ഒക്കാംപസ് നടത്തിയ നീക്കം തടയാനുള്ള ശ്രമത്തില്‍ മാന്‍സിനി സ്വന്തം വലയിലേക്ക് പന്ത് തട്ടിയിടുകയായിരുന്നു.

പിന്നീട് വിജയഗോളിനായി ഇരുടീമുകളും പൊരുതിക്കളിച്ചെങ്കിലും ആര്‍ക്കും വലകുലുക്കാനായില്ല. തുടര്‍ന്നാണ് മത്സരം എക്‌സ്‌ട്രൊ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും നീണ്ടത്.

ഇതാദ്യമായാണ് പോര്‍ചുഗല്‍ പരിശീലകന്‍ ഹൊസെ മൗറീഞ്ഞോ പരിശീലിപ്പിക്കുന്ന ഒരു ടീം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ തോല്‍ക്കുന്നത്. ഇതിനു മുമ്പ് അഞ്ചു തവണ വിവിധ ടീമുകളുടെ പരിശീലകനായി യൂറോപ്യന്‍ ഫൈനലുകളില്‍ എത്തിയ മൗറീഞ്ഞോ അഞ്ചിലും വിജയം കണ്ടിരുന്നു.

സെവിയയുടെ ഏഴാം യൂറോപ്പ കിരീടം കൂടിയാണിത്. ഇതോടെ കളിച്ച എല്ലാ ഫൈനലുകളിലും ജയിച്ച ടീമെന്ന റെക്കോഡും സെവിയ സ്വന്തമാക്കി. ഇതിനു മുമ്പ് 2006, 2007, 2014, 2015, 2016, 2020 വര്‍ഷങ്ങളിലാണ് അവര്‍ യൂറോപ്പ കിരീടം നേടിയത്.

logo
The Fourth
www.thefourthnews.in