സ്റ്റീവന്‍ ജെറാര്‍ഡും സൗദിയിലേക്ക്; വമ്പന്‍ ഓഫറുമായി അല്‍ ഇത്തിഫഖ്

സ്റ്റീവന്‍ ജെറാര്‍ഡും സൗദിയിലേക്ക്; വമ്പന്‍ ഓഫറുമായി അല്‍ ഇത്തിഫഖ്

പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി ക്ലബായ അല്‍ നസറില്‍ എത്തിയ ശേഷം സൗദി അറേബ്യയിലേക്ക് ചേക്കേറുന്ന രണ്ടാമത്തെ വമ്പന്‍ താരമാണ്‌ ജെറാര്‍ഡ്.
Updated on
1 min read

യൂറോപ്യന്‍ ഫുട്‌ബോളിലെ വമ്പന്മാരെ എത്തിച്ച് തങ്ങളുടെ ഫുട്‌ബോള്‍ ലീഗ് കൊഴുപ്പിക്കുന്ന സൗദി അറേബ്യന്‍ ടീമുകളുടെ പുതിയ ലക്ഷ്യം ലിവര്‍പൂള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാര്‍ഡാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ആസ്റ്റണ്‍ വില്ലയുടെ പരിശീലക സ്ഥാനത്തു നിന്നു കഴിഞ്ഞ വര്‍ഷം പുറത്താക്കപ്പെട്ട ജെറാര്‍ഡിനെ വമ്പന്‍ കരാറില്‍ പരിശീലകനായി സ്വന്തമാക്കാനൊരുങ്ങുകയാണ് സൗദി ക്ലബായ അല്‍ ഇത്തിഫഖ്.

സൗദി ക്ലബിന്റെ ഓഫര്‍ ജെറാര്‍ഡ് ഏറെക്കുറേ അംഗീകരിച്ചതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താരം കഴിഞ്ഞ ദിവസം സൗിയിലെത്തി ഇത്തഫഖിന്റെ ഹോം സ്‌റ്റേഡിയം സന്ദര്‍ശിക്കുകയും ടീം മാനേജ്‌മെന്റ് വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ജെറാര്‍ഡുമായി കരാര്‍ ഒപ്പിട്ട കാര്യം ക്ലബ് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.

പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി ക്ലബായ അല്‍ നസറില്‍ എത്തിയ ശേഷം സൗദി അറേബ്യയിലേക്ക് ചേക്കേറുന്ന രണ്ടാമത്തെ വമ്പന്‍ താരമാണ്‌ ജെറാര്‍ഡ്. ക്രിസ്റ്റിയാനോയ്ക്കു പിന്നാലെ റയല്‍ മാഡ്രിഡില്‍ നിന്നു ഫ്രഞ്ച് താരം കരീം ബെന്‍സേമ കഴിഞ്ഞാഴ്ച സൗദി ക്ലബായ അല്‍ ഇത്തിഹാദുമായി കരാര്‍ ഒപ്പുവച്ചിരുന്നു.

നേരത്തെ അര്‍ജന്റീന്‍ ഇതിഹാസം ലയണല്‍ മെസിയെ എത്തിക്കാന്‍ സൗദി ക്ലബ് അല്‍ ഹിലാല്‍ ആവത് ശ്രമിച്ചിരുന്നു. ക്ലബ് ഫുട്‌ബോള്‍ രംഗത്തെ ഏറ്റവും വലിയ കരാറായിരുന്നു അല്‍ ഹിലാല്‍ മെസിക്കു മുന്നില്‍ വച്ചത്. എന്നാല്‍ ഓഫര്‍ നിരസിച്ച മെസി യു.എസ്.എ. മേജര്‍ സോക്കര്‍ ലീഗ് ക്ലബായ ഇന്റര്‍ മയാമിയിലേക്കു ചേക്കേറിയിരുന്നു.

logo
The Fourth
www.thefourthnews.in