ഏഷ്യന്‍ ഗെയിംസിന് ടീമിനെ അയയ്ക്കണം; പ്രധാനമന്ത്രിക്കു മുന്നില്‍ അപേക്ഷയുമായി സ്റ്റിമാക്
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിന് അയക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിച്ച് ദേശീയ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക്. ഇന്ന് ട്വിറ്ററില്‍ ഒരു തുറന്ന കത്തിലൂടെയാണ് സ്റ്റിമാക് ഈ ആവശ്യം ഉന്നയിച്ചത്. ടീമിനെ ഗെയിംസിന് അയക്കേണ്ട എന്ന് കേന്ദ്ര കായിക മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു. ആ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് സ്റ്റിമാക് ആവശ്യപ്പെട്ടിരിക്കുന്നത്.
''ഇന്ത്യന്‍ ടീമിന് സംബന്ധിച്ച് ഗെയിംസ് വലിയ വേദിയാണ്. അവിടെ കളിക്കുകയെന്നത് ടീമിന് ഉപകാരം മാത്രമേ ഉണ്ടാക്കൂ'' എന്നും സ്റ്റിമാക് പറയുന്നു. ''ഫ്രാന്‍സില്‍ നടത്തിയ പ്രസംഗത്തില്‍ മോദി എംബാപ്പയെക്കുറിച്ച് പറയുന്നത് കേട്ടിരുന്നു. അത് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കും ആവേശം പകര്‍ന്ന പ്രസംഗമായിരുന്നു. അതുകൊണ്ടു തണെ്‌ന കായികമന്ത്രാലയത്തിന്റെ തീരുമാനം പിന്‍വലിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണം''- സ്റ്റിമാക് പറഞ്ഞു.
ഏഷ്യന്‍ ഗെയിംസ് പോലുള്ള വലിയ മേളകളില്‍ ടീം ഗെയിമിനങ്ങളില്‍ പങ്കെടുക്കുന്നതിന് കായികമന്ത്രാലയം കൊണ്ടുവന്ന മാനദണ്ഡമാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് വിനയാകുന്നത്. ഏഷ്യന്‍ റാങ്കിങ്ങില്‍ ഇന്ത്യ ആദ്യ എട്ട് സ്ഥാനങ്ങളില്‍ വരുന്ന ഗെയിമിനങ്ങള്‍ക്കു മാത്രം ടീമിനെ അയച്ചാല്‍ മതിയെന്നാണ് കേന്ദ്ര കായിക മന്ത്രാലയം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനകള്‍ക്കുമയച്ച കത്തില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഇതോടെ തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസ് നഷ്ടമാകുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് അപേക്ഷയുമായി ദേശീയ ടീം കോച്ച് തന്നെ രംഗത്തു വന്നത്.
നേരത്തെ ഏഷ്യന്‍ ഗെയിംസിന് അണ്ടര്‍ 23 ടീമിനെ അയയ്ക്കാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ തീരുമാനിച്ചിരുന്നു. ടീമിന്റെ ചുമതല സ്റ്റിമാക്കിനു നല്‍കുകയും ചെയ്തിരുന്നു. ഏഷ്യന്‍ ഗെയിംസിലെ ഫുട്‌ബോളില്‍ അണ്ടര്‍ 23 ടീമിനെയാണ് അയയ്‌ക്കേണ്ടത്. ഇതുകൊണ്ട് അത്തരത്തില്‍ എഐഎഫ്എഫ് തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ഇടപെടലുണ്ടായത്.