വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: ഷൂട്ടൗട്ടിനൊടുവില്‍ സ്വീഡന്‍, യുഎസ്എ പുറത്ത്

വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: ഷൂട്ടൗട്ടിനൊടുവില്‍ സ്വീഡന്‍, യുഎസ്എ പുറത്ത്

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടന്ന മത്സരത്തില്‍ സഡന്‍ഡെത്തിലേക്കു നീണ്ട പെനാല്‍റ്റി ഷൂട്ടൗട്ടിനൊടുവിലായിരുന്നു സ്വീഡിഷ് ടീമിന്റെ ജയം.
Updated on
2 min read

വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ വമ്പന്‍ അട്ടിമറിയുമായി സ്വീഡന്‍. വനിതാ ഫുട്‌ബോളിലെ കരുത്തരും നിലവിലെ ജേതാക്കളുമായ അമേരിക്കയെ അട്ടിമറിച്ചു സ്‌കാന്‍ഡിനേവിയന്‍ ടീമായ സ്വീഡന്‍ ക്വാര്‍ട്ടറില്‍ കടന്നു. ഇന്ന് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടന്ന മത്സരത്തില്‍ സഡന്‍ഡെത്തിലേക്കു നീണ്ട പെനാല്‍റ്റി ഷൂട്ടൗട്ടിനൊടുവിലായിരുന്നു സ്വീഡിഷ് ടീമിന്റെ ജയം.

നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകള്‍ക്കും സ്‌കോര്‍ ചെയ്യാന്‍ കഴിയാതെ പോയതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അവിടെയും ഇരുകൂട്ടരും തുല്യത പാലിച്ചു. അഞ്ചു കിക്കുകള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഇരുവരും 3-3 എന്ന നിലയിലായിരുന്നു. പിന്നീട് സഡന്‍ ഡെത്തില്‍ യുഎസ് താരം കെല്ലി ഒ ഹാരയ്ക്കു പിഴച്ചപ്പോള്‍ ലിന ഹര്‍ടിഗ് തകര്‍പ്പന്‍ ഫിനിഷിങ്ങിലൂടെ സ്വീഡനെ അവസാന എട്ടിലെത്തിച്ചു.

ഗോള്‍കീപ്പര്‍ സെകീര മുസോവിച്ചിന്റെ മിന്നുന്ന സേവുകളാണ് സ്വീഡിഷ് വിജയത്തില്‍ നിര്‍ണായകമായത്. നിശ്ചിത സമയത്തും അധിക സമയത്തും യുഎസ് ആക്രമണങ്ങളെ തകര്‍പ്പന്‍ സേവുകളുമായി മുനയൊടിച്ചുവിട്ട മിസോവിച്ച് ഒറ്റയ്ക്കു സ്വീഡനെ ചുമലിലേറ്റുകയായിരുന്നുവെന്നു വേണം പറയാന്‍. അതേസമയം നിലവിലെ ചാമ്പ്യന്മാര്‍ക്ക് ഇന്ന് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു.

മുന്‍ ലോകകപ്പുകളിലും ഇത്തണത്തെ ഗ്രൂപ്പ് മത്സരങ്ങളിലുമെല്ലാം കാഴ്ചവയ്ക്കാനായ സമ്പൂര്‍ണ ആധിപത്യം ഇന്ന് യു്എസിന് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. കൃത്യമായ പദ്ധതികളോടെ ഇറങ്ങിയ സ്വീഡിഷ് താരങ്ങള്‍ യുഎസ് ആക്രമണങ്ങളെ മുളയിലേ നുള്ളി. പ്രതരോധം കടന്നെത്തിയ അവര്‍ക്കു മുന്നില്‍ മുസോവിച്ച് തടസമായി നില്‍ക്കുകയും ചെയ്തതോടെ ഗോഹ കണ്ടെത്താനാകാതെ യുഎസ് താരങ്ങള്‍ വലഞ്ഞു.

പ്രതിരോധത്തിലൂന്നി മാത്രമായിരുന്നു സ്വീഡന്‍ കളിഞ്ഞത്. മത്സരത്തിന്റെ 120 മിനിറ്റില്‍ ആകെ ഒരു തവണ മാത്രമാണ് അവര്‍ യുഎസ് വലയിലേക്ക് ഷോട്ട് ഉതിര്‍ത്തത്. എന്നാല്‍ യുഎസ്എ ആകട്ടെ 11 തവണ ഓണ്‍ ടാര്‍ഗറ്റിലേക്ക് നിറയൊഴിച്ചെങ്കിലും സ്വീഡിഷ് ഗോള്‍കീപ്പറെ മറികടക്കാനായില്ല.

ഒടുവില്‍ നിര്‍ണായകമായ ഷൂട്ടൗട്ടില്‍ സൂപ്പര്‍ താരം മെഗാന്‍ റാപ്പിനോ അടക്കമുള്ളവര്‍ക്ക് പിഴച്ചതാണ് അമേരിക്കയ്ക്കു തിരിച്ചടിയായത്. ആന്‍ഡി സള്ളിവനാണ് യുഎസിനായി ആദ്യം പെനാല്‍റ്റിയെടുത്തത്. പിഴവില്ലാതെ ലക്ഷ്യം കാണുകയും ചെയ്തു. സ്വീഡനു വേണ്ടി ഫ്രിഡോളിന റോള്‍ഫോയും ആദ്യ കിക്ക് ലക്ഷ്യത്തിലെത്തിച്ചു.

പിന്നീട് യുഎസ് താരങ്ങളായ ലിന്‍ഡ്‌സെ ഹൊറാനും ക്രിസ്റ്റി മ്യൂവിസും സ്വഐഡിഷ് താരം എലിന്‍ റൂബെന്‍സനും സ്‌കോര്‍ ചെയ്‌പ്പോള്‍ സ്വീഡന്റെ മൂന്നാം കിക്കെടുത്ത നഥാലി ബ്യോണിനു പിഴച്ചു. ഇതോടെ സ്‌കോര്‍ 3-2 എന്ന നിലയിലായി. യുഎസിനായി അടുത്ത കിക്ക് എടുക്കാനെത്തിയത് പരിചയസമ്പന്നയായ സൂപ്പര്‍ താരം മെഗാന്‍ റാപ്പിനോ ആയിരുന്നു.

എന്നാല്‍ റാപ്പിനോയ്ക്കു പിഴച്ചു. ഷോട്ട് ബാറിനു ഗീതേ പാഞ്ഞതോടെ മേല്‍കൈ നേടാനുള്ള അവസരം അവര്‍ നഷ്ടമാക്കി. എന്നാല്‍ സ്വീഡന്റെ നാലാം കിക്കെടുത്ത റെബേക്ക ബ്ലോക്വിവ്‌സ്റ്റിനും പിഴച്ചതോടെ മത്സരം സ്വന്തമാക്കാന്‍ യുഎസിനു വീണ്ടും അവസരം ലഭിച്ചു. അഞ്ചാം കിക്കെടുക്കാനെത്തിയ സോഫയ സ്മിത്തിന് ലക്ഷ്യം കാണാന്‍ കഴിഞ്ഞാല്‍ ജയം സ്വന്തമാക്കാനാകുമെന്ന നിലയിലായിരുന്നു അവര്‍. എന്നാല്‍ സോഫിയയുടെ കിക്ക് പുറത്തേക്കായിരുന്നു.

ഇതോടെ ആത്മവിശ്വാസം വീണ്ടെടുത്ത സ്വീഡനു വേണ്ടി നിര്‍ണായകമായ അഞ്ചാം കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഹന്ന ബെനിന്‍സണ്‍ പോരാട്ടം സഡന്‍ ഡെത്തിലേക്ക് നീട്ടി. സഡന്‍ ഡെത്തില്‍ യുഎസിനു വേണ്ടി അലീസ നീഹറും സ്വീഡനു വേണ്ടി മക്ദലെന എറിക്‌സനും ആദ്യ ഷോട്ടുകള്‍ വലയിലെത്തിച്ചു. പിന്നീട് യുഎസ് താരം കെല്ലി ഒ ഹാരയുടെ ഷോട്ട് പുറത്തേക്കു പോയപ്പോള്‍ മറുവശത്ത് ഹര്‍ടിഗ് എടുത്ത ഷോട്ട് യുഎസ് ഗോള്‍കീപ്പര്‍ തടുത്തിട്ടു. എന്നാല്‍ വാര്‍ പരിശോധനയില്‍ പന്ത് ഗോള്‍ വര കടന്നെന്നു വ്യക്തമായതോടെ റഫറി ഗോള്‍ അനുവദിച്ചു. സ്വീഡന് അട്ടിമറി ജയം, നിലവിലെ ചാമ്പ്യന്മാര്‍ പുറത്ത്. ക്വാര്‍ട്ടറില്‍ ജപ്പാനാണ് സ്വീഡന്റെ എതിരാളികള്‍.

logo
The Fourth
www.thefourthnews.in