സ്മാര്‍ട്ടാണ് 'ഫുസ്‌ബോള്‍ ലീബെ'; അറിയാം യൂറോ 2024-ന്റെ പന്തിനെ

സ്മാര്‍ട്ടാണ് 'ഫുസ്‌ബോള്‍ ലീബെ'; അറിയാം യൂറോ 2024-ന്റെ പന്തിനെ

മുമ്പ് കണ്ട യൂറോ ചാമ്പ്യന്‍ഷിപ്പുകളിലെ പന്ത് പോലെയല്ല, സ്മാര്‍ട്ടാണ് ഫുസ്‌ബോൾ ലീബെ. ഒരു പക്ഷേ ലോക ഫുട്‌ബോളിൽ ഇതുവരെ നിര്‍മിക്കപ്പെട്ടതിൽ ഏറ്റവും നൂതനമായ പന്ത്...
Updated on
3 min read

യൂറോപ്യന്‍ വന്‍കരയുടെ കാല്‍പ്പന്ത് ചക്രവര്‍ത്തിയെ കണ്ടെത്താനുള്ള പോരാട്ടത്തിനു വേണ്ടിയുള്ള പന്ത് നിര്‍മിച്ചപ്പോള്‍ അതിന് പേരിടാന്‍ അഡിഡാസിന് തെല്ലും ആലോചിക്കേണ്ടി വന്നുകാണില്ല. ഫുട്‌ബോളിനെ ജീവശ്വാസമായി കാണുന്ന ജര്‍മന്‍ മണ്ണില്‍ നടക്കുന്ന യൂറോ 2024-ല്‍ ഉപയോഗിക്കുന്ന പന്തിന് അങ്ങനെ അവര്‍ പേരിട്ടു... ഫുസ്‌ബോള്‍ ലീബെ!

ജര്‍മന്‍ ഭാഷയില്‍ ഫുട്‌ബോളും സ്‌നേഹവുമെന്നാണ് ആ പേരിന്റെ അര്‍ഥം. ജര്‍മനി ആതിഥ്യം വഹിക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക പന്തിന് ആ പേര് തികച്ചും യോജിച്ചത് തന്നെ. ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ച് ആദ്യറൗണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ആ പന്തും പേരുമെല്ലാം ഫുട്‌ബോള്‍ പ്രേമികളുടെ ശ്രദ്ധപിടിച്ചുപറ്റി കഴിഞ്ഞു. കാരണം മറ്റൊന്നുമല്ല, ഇതിനു മുമ്പ് കണ്ട യൂറോ ചാമ്പ്യന്‍ഷിപ്പുകളില്‍ ഉപയോഗിച്ച പന്ത് പോലെയല്ല, തികച്ചും സ്മാര്‍ട്ടാണ് ഫുസ്‌ബോള്‍ ലീബെ.

ഫുസ്‌ബോള്‍ ലീബെ
ഫുസ്‌ബോള്‍ ലീബെ

യൂറോയിലെ പതിനഞ്ചാമന്‍

ഇതുവരെ 16 യൂറോ ചാമ്പ്യന്‍ഷിപ്പുകളാണ് നടന്നത്. അവയില്‍ എല്ലാം കൂടി ഇതുവരെ 14 ഔദ്യോഗിക പന്തുകളാണ് ഉപയോഗിച്ചിട്ടുള്ളത്. 1960-ലും 1964-ലും നടന്ന ആദ്യ രണ്ട് ചാമ്പ്യന്‍ഷിപ്പുകളില്‍ ഉപയോഗിച്ച ഔദ്യോഗിക പന്തുകളെക്കുറിച്ച് വ്യക്തമായ രേഖകളില്ല. ആ വര്‍ഷങ്ങളില്‍ ഓരോ മത്സരത്തിനും ഓരോ തരം പന്തുകള്‍ ഉപയോഗിച്ചതായാണ് വിവരം. 1968-ല്‍ ഇറ്റലിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പ് മുതലാണ് ഔദ്യോഗിക പന്ത് എന്ന നിലയില്‍ എല്ലാ മത്സരത്തിനും ഒരേതരം പന്ത് ഉപയോഗിക്കാന്‍ തുടങ്ങിയത്.

അന്നു തൊട്ട് ഇന്നു വരെ അഡിഡാസ് തന്നെയാണ് യൂറോയ്ക്കുള്ള ഔദ്യോഗിക പന്ത് തയാറാക്കിയിട്ടുള്ളത്. 17-ാം യൂറോ ചാമ്പ്യഷിപ്പിനാണ് ഇപ്പോള്‍ ജര്‍മനി ആതിഥ്യം വഹിക്കുന്നത്. അതിനു വേണ്ടി യൂറോ ചരിത്രത്തിലെ പതിനഞ്ചാം ഔദ്യോഗിക പന്താണ് അഡിഡാസ് ഫുസ്‌ബോള്‍ ലീബെ എന്ന പേരില്‍ തയാറാക്കിയത്.

ഫുസ്‌ബോള്‍ ലീബെയുടെ അനാച്ഛാദന ചടങ്ങില്‍ പന്തുമായി ജര്‍മന്‍ മുന്‍ നായകന്‍ ഫിലിപ് ലാം
ഫുസ്‌ബോള്‍ ലീബെയുടെ അനാച്ഛാദന ചടങ്ങില്‍ പന്തുമായി ജര്‍മന്‍ മുന്‍ നായകന്‍ ഫിലിപ് ലാം

2023 നവംബറില്‍ ബെര്‍ലിന്‍ ഒളിമ്പിക് സ്‌റ്റേഡിയത്തിലെ വിഖ്യാതമായ മെയ്ഫീല്‍ഡ് മൈതാനത്തുവച്ചാണ് അഡിഡാസ് ഫുസ്‌ബോള്‍ ലീബെയെ ഔദ്യോഗികമായി പുറത്തിറക്കിയത്. പ്രൗഡഗംഭീരമായ ചടങ്ങില്‍ യൂറോ 2024-ന്റെ ടൂര്‍ണമെന്റ് ഡയറക്ടറും ജര്‍മന്‍ മുന്‍ നായകനുമായ ഫിലിപ് ലാമാണ് പന്ത് അനാച്ഛാദനം ചെയ്തത്.

ചില്ലറക്കാരനല്ല, ടോട്ടലി സ്മാര്‍ട്ടാണ്

യൂറോ ചരിത്രത്തില്‍ ഇതുവരെ ഓടിക്കളിച്ച പന്തുകളൊന്നും ഫുസ്‌ബോള്‍ ലീബെയോട് കിടപിടിക്കില്ല. കാരണം അത്രകണ്ട് സ്മാര്‍ട്ടാണ് പുതിയ പന്ത്. ഒരു പക്ഷേ ലോക ഫുട്‌ബോളില്‍ തന്നെ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും നൂതനമായ പന്ത്. റഫറിമാര്‍ക്കും ഒഫീഷ്യലുകള്‍ക്കും ഫുട്‌ബോള്‍ നിയമങ്ങള്‍ കൃത്യതയോടെയും സൂക്ഷ്മതയോടെയും ഉപയോഗിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ഫുസ്‌ബോള്‍ ലീബെയുടെ നിര്‍മാണം.

ഫുസ്‌ബോള്‍ ലീബെയുടെ ഉള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സര്‍
ഫുസ്‌ബോള്‍ ലീബെയുടെ ഉള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സര്‍

ഓഫ്‌സൈഡുകളും ഹാന്‍ഡ് ബോളുകളും ഗോളുകളും കൃത്യമായി തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ ഫുസ്‌ബോള്‍ ലീബെയില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. ഇതിനായി 500 ഹെര്‍ട്‌സിന്റെ സെന്‍സറാണ് പന്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഇത് സ്‌റ്റേഡിയത്തിന്റെ വിവിധ മൂലകളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിലേക്ക് വിവരങ്ങള്‍ അയയ്ക്കും. ഒരു സെക്കന്‍ഡില്‍ 400 മടങ്ങ് ഡേറ്റ അയയ്ക്കാന്‍ കഴിവുള്ളതാണ് ഈ സെന്‍സര്‍. പന്തില്‍ കോണ്‍ടാക്ട് ഉണ്ടായ ശേഷമുള്ള അതിന്റെ ചലനങ്ങള്‍ അപ്പോള്‍ തന്നെ സെന്‍സറുകള്‍ ക്യാമറയിലേക്ക് സന്ദേശമയയ്ക്കും. അതിലൂടെ ആ നിമിഷത്തിന്റെ ത്രീ ഡി ഇമേജ് ലഭിക്കും. അതുവഴി വാര്‍ റഫറിമാര്‍ക്ക് ഓഫ് സൈഡും ഗോളുമെല്ലാം കൃത്യമായി കണ്ടെത്താനാകും.

ഈ സംവിധാനം കളിയില്‍ അനാവശ്യ സമയനഷ്ടം ഒഴിവാക്കാനും സഹായിക്കും. സാധാരണ വാര്‍ തീരുമാനത്തിലൂടെ ഒരു ഓഫ് സൈഡോ, ഗോളോ നിശ്ചയിക്കാന്‍ എടുക്കുന്നതിന്റെ മൂന്നിലൊന്നു സമയത്തില്‍ ഫുസ്‌ബോള്‍ ലീബെയുടെ സാങ്കേതിക മികവ് തീരുമാനമെടുക്കാന്‍ സഹായിക്കും.

സെന്‍സറിനു പുറമേ മനുഷ്യശരീരത്തിന്റെ സ്പര്‍ശം തിരിച്ചറിയാന്‍ കഴിയുന്ന ഒരു മൈക്രോ ചിപ്പും ഫുസ്‌ബോള്‍ ലീബെയില്‍ ഘടിപ്പിച്ചിട്ടുണ്ട്. മനുഷ്യശരീരം എപ്പോഴൊക്കെ പന്തില്‍ സ്പര്‍ശിക്കുന്നുവോ അതെല്ലാം അപ്പപ്പോള്‍ ഈ ചിപ്പ് രേഖപ്പെടുത്തും. ഇതിലൂടെ ഹാന്‍ഡ് ബോള്‍ തീരുമാനങ്ങള്‍ കൃത്യമായി കണ്ടെത്താനും ഫുസ്‌ബോള്‍ ലീബെ റഫറിമാരെ സഹായിക്കും. ഈ ചിപ്പ് റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതുമാണ്.

ഫുസ്‌ബോള്‍ ലീബെ
ഫുസ്‌ബോള്‍ ലീബെ

സ്മാര്‍ട്ട് മാത്രമല്ല പരിസ്ഥിതി സ്‌നേഹിയുമാണ്

പുനചംക്രമണം ചെയ്ത പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഫുസ്‌ബോള്‍ ലീബെ നിര്‍മിച്ചിരിക്കുന്നത്. ഖത്തര്‍ ലോകകപ്പില്‍ ഉപയോഗിച്ച അല്‍ റിഹ്ല എന്ന പന്തിന്റെ അതേ രീതിയിലാണ് നിര്‍മാണം. 20 പോളിയൂറിത്തോണ്‍ പാനലുകളാണ് പന്തിന്റെ പുറംതോടിലുള്ളത്. പുല്‍മൈതാനത്ത് വേഗതയില്‍ നീങ്ങാന്‍ ഇത് സഹായിക്കും. വായുവില്‍ വേഗതയില്‍ നീങ്ങാന്‍ എയ്‌റോ ഡൈനാമിക് ഡിസൈനാണ് നല്‍കിയിരിക്കുന്നത്. ആതിഥേയ രാജ്യമായ ജര്‍മനിയുടെ ദേശീയപതാകയിലെ കറുപ്പ്, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളും മത്സരങ്ങള്‍ നടക്കുന്ന ഓരോ വേദിയുടെ ചിത്രവും പന്തിലുണ്ടാകും.

ഗോളടിയിലും കേമന്‍

സാങ്കേതികത്തികവ് മാത്രമല്ല, ഗോളടിയിലും, കേമനാണ് ഫുസ്‌ബോള്‍ ലീബെ. ആദ്യ റൗണ്ടിലെ 12 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 34 തവണയാണ് ഫുസ്‌ബോള്‍ ലീബെ ഗോള്‍ വലയെ ചുംബിച്ചത്. 2020-ലെ യൂറോ ചാമ്പ്യന്‍ഷിപ്പിനെ അപേക്ഷിച്ച് ആറു ഗോളുകളുടെ ലീഡാണ് ഈ പന്ത് ഇത്തവണത്തെ യൂറോയ്ക്ക് നല്‍കിയിരിക്കുന്നത്.

യൂറോ കപ്പില്‍ സെര്‍ബിയയ്‌ക്കെതിരേ ഇംഗ്ലണ്ടിന്റെ വിജയഗോള്‍ നേടിയ ജൂഡ് ബെല്ലിങ്ങാമിന്റെ ആഹ്‌ളാദം
യൂറോ കപ്പില്‍ സെര്‍ബിയയ്‌ക്കെതിരേ ഇംഗ്ലണ്ടിന്റെ വിജയഗോള്‍ നേടിയ ജൂഡ് ബെല്ലിങ്ങാമിന്റെ ആഹ്‌ളാദം

അന്ന് ആദ്യ റൗണ്ടിലെ 12 മത്സരങ്ങളില്‍നിന്ന് 28 ഗോളുകളാണ് പിറന്നത്. ജര്‍മനിയില്‍ ആദ്യ റൗണ്ടില്‍ മാത്രം 34 ഗോളുകള്‍ പിറന്നതോടെ ഇത്തവണത്തെ യൂറോയില്‍ ഗോള്‍ വര്‍ഷം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചാമ്പ്യന്‍ഷിപ്പ് നോക്കൗട്ട് ഘട്ടങ്ങളിലേക്കും കൂടുതല്‍ ആവേശപ്പോരാട്ടത്തിലേക്കും നീങ്ങുമ്പോള്‍ ഫുസ്‌ബോള്‍ ലീബെയുടെ സ്മാര്‍ട്ട്‌നെസ് എന്താകും കാത്തുവച്ചിരിക്കുകയെന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ പ്രേമികള്‍.

logo
The Fourth
www.thefourthnews.in