ജ്ഞാനസ്‌നാനം ചെയ്തത് മെസി; ലാമിന്‍ യമാല്‍, ഇത് ഫുട്‌ബോളിന്റെ നവയുഗപ്പിറവി
പതിനേഴ് വര്‍ഷം മുമ്പ് ക്യാമ്പ് നൗവില്‍ ഒരു കൗമാരക്കാരന്റെയും ഒരു കൈക്കുഞ്ഞിന്റെയും ചിത്രങ്ങള്‍ എടുക്കുമ്പോള്‍ അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ യൊവാന്‍ മോണ്‍ഫോര്‍ട്ട് സ്വപ്‌നേനി വിചാരിച്ചുകാണില്ല ഇന്ന് ഇങ്ങനൊരു മുഹൂര്‍ത്തമുണ്ടാകുമെന്ന്.
അന്നത്തെ ആ കൗമാരക്കാരനെക്കുറിച്ച് മോണ്‍ഫോര്‍ട്ടിന് ഏകദേശ ധാരണയുണ്ടായിരുന്നു, അവര്‍ പില്‍ക്കാലത്ത് ലോകം വെട്ടിപ്പിടിക്കുമെന്ന്. അത് സത്യമായി ഭവിക്കുകയും ചെയ്തു, അവന്റെ പേര് ലയണല്‍ മെസി. എന്നാല്‍ ആ കൈക്കുഞ്ഞ് വളര്‍ന്ന് തന്റെ 'തലതൊട്ടപ്പനെ'പ്പോലെയാകുമെന്ന് മോന്‍ഫോര്‍ട്ടിന്റെ വന്യമായ സ്വപ്‌നങ്ങളില്‍പ്പോലുമുണ്ടായില്ല. ആ കൈക്കുഞ്ഞിന്റെ ഇന്നത്തെ ചിത്രങ്ങളാണ് സ്‌പെയിനിലെയും യൂറോപ്പിലെയും മുഖ്യധാരാ മാധ്യമങ്ങളുടെയെല്ലാം കവര്‍ചിത്രം, അവന്റെ പേര് ലാമിന്‍ യമാല്‍.
യൂറോ കപ്പ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോളിന്റെ ഉടമ, ഒരു പ്രധാന ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കളിക്കുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ താരം... ഒരു പിടി റെക്കോഡുകളാണ് ഇന്നലെ യമാല്‍ എന്ന പതിനാറുകാരന്റെ പേരില്‍ കുറിയ്ക്കപ്പെട്ടത്.
2024 യൂറോ കപ്പിന്റെ സെമിഫൈനലില്‍ വന്‍കിട ടീമായ ഫ്രാന്‍സിനെതിരേ സ്‌പെയിന്റെ വിജയക്കുതിപ്പിന് ചുക്കാന്‍ പിടിച്ചത് യമാലിന്റെ ബൂട്ടുകളായിരുന്നു. ഒമ്പതാം മിനിറ്റില്‍ തന്നെ തങ്ങളെ ഞെട്ടിച്ച ഫ്രഞ്ച് പടയെ തിരിച്ചാക്രമിച്ച് വിജയം പിടിച്ചെടുത്തപ്പോള്‍ സ്‌പെയിന്റെ ആദ്യ ഗോള്‍ പിറന്നതും യമാലിന്റെ ബൂട്ടില്‍ നിന്നു തന്നെ. ഇതോടെ ലോകഫുട്‌ബോളില്‍ മറ്റൊരു സൂപ്പര്‍ താരത്തിന്റെ ഉദയം എന്നാണ് ലോകമെമ്പാടുനിന്നും ഫുട്‌ബോള്‍ ആരാധകര്‍ യമാലിനെ വാഴ്ത്തുന്നത്.
വരവ് മെസിയുടെ കളരിയില്‍ നിന്ന്
സാക്ഷാല്‍ ലയണല്‍ മെസിയെ തേച്ചുമിനുക്കിയ, സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ അക്കാദമിയായ ലാ മസിയ തന്നെയാണ് യമാലിന്റെയും കളരി. പതിനഞ്ചാം വയസില്‍ മസിയയുടെ പടിയിറങ്ങി യൂത്ത് കരിയര്‍ ആരംഭിച്ചതു മുതല്‍ തൊട്ടതെല്ലാം പൊന്നാക്കുകയാണ് യമാല്‍. താരത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞ ബാഴ്‌സലോണയ്ക്ക് ബി ടീമില്‍ വെറും ഒരു മത്സരത്തിന്റെ പരിചയം മാത്രമുള്ള യമാലിനെ സീനിയര്‍ ടീമിലേക്ക് കൊണ്ടുവരാന്‍ കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല.
അങ്ങനെ പതിനഞ്ച് വയസും 38 ദിവസവും പ്രായമുള്ളപ്പോള്‍ തന്നെ ലാ ലിഗ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ലാ ലിഗയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി മാറിയ യമാല്‍ ഇന്ന് ആഭ്യന്തര തലത്തിലെ ഏറ്റവും വിലയേറിയ മിന്നും താരമാണ്. ബാഴ്‌സയില്‍ കാഴ്ചവച്ച പ്രകടനമാണ് ദേശീയ ടീമിലേക്ക് യമാലിനെ എത്തിച്ചത്.
ദേശീയ ടീമിനൊപ്പം തന്റെ ആദ്യ സീനിയര്‍ രാജ്യാന്തര ടൂര്‍ണമെന്റിനിറങ്ങിയ യമാല്‍ ആ വലിയ വേദിയിലും നിരാശപ്പെടുത്തിയില്ല. ലീഗ് റൗണ്ടുകളിലും നോക്കൗട്ടിലെ ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനത്തോടെ ടീമിന്റെ മുന്നേറ്റത്തിന് നിര്‍ണായക സംഭാവന നല്‍കിയ യമാലിന്റെ പ്രതിഭയെന്തെന്ന് ലോകം തിരിച്ചറിഞ്ഞത് ഇന്നു പുലര്‍ച്ചെ ഫ്രാന്‍സിനെതിരായ പ്രകടനത്തോടെയാണ്.
ആവേശപ്പോരാട്ടത്തില്‍ വെറും നാലു മിനിറ്റിലാണ് യമാലും സംഘവും ചേര്‍ന്ന് ഫ്രാന്‍സിന്റെ കഥകഴിച്ചത്. ഒമ്പതാം മിനിറ്റില്‍ ലീഡ് നേടിയ ഫ്രാന്‍സിനെതിരേ സ്‌പെയിനെ ഒപ്പമെത്തിച്ച ഗോള്‍ യമാലിന്റെ ബൂട്ടില്‍ നിന്നായിരുന്നു. ഒരു പക്ഷേ ആദ്യം ഗോള്‍ നേടേണ്ടിയിരുന്നില്ലെന്ന് ഫ്രാന്‍സ് താരങ്ങള്‍ക്ക് തോന്നിപ്പോയ നിമഷം കൂടിയായിരുന്നിരിക്കാം അത്.
ഒരുകാലത്ത് കുറിയ പാസുകളുമായി ടിക്കി ടാക്കയെന്ന 'തട്ടിക്കളിയിലൂടെ' യൂറോപ്പും ലോകവും കീഴടക്കിയ സ്‌പെയിന്‍ ആ ശൈലി വിട്ട് തനത് യൂറോപ്യന്‍ ശൈലിയിലേക്ക് കൂടുമാറിയപ്പോഴും ഒട്ടും മോശമാക്കിയില്ല, അതിന് ടീം നന്ദി പറയുന്നത് യമാലിന്റെ ബൂട്ടുകളോടാണ്.
വലതുവിങ്ങിലൂടെയുള്ള യമാലിന്റെ ചടുലമായ കുതിച്ചുകയറ്റങ്ങളാണ് സ്പാനിഷ് പോരാളികളുടെ മുന്നേറ്റത്തിന് ഇന്ധനമാകുന്നത്. മികച്ച വേഗത്തിനൊപ്പം അനതിസാധാരണമായ പന്തടക്കവും ഡ്രിബ്ലിങ് പാടവവും യമാലിനെ വ്യത്യസ്തനാക്കുന്നു. കൗമാരകാലത്ത് മെസി കാഴ്ചവച്ച ഇന്ദ്രജാലത്തിന് ഒപ്പം നില്‍ക്കുന്ന പ്രകടനമാണ് യമാല്‍ പുറത്തെടുക്കുന്നത്.
ഗ്രനഡയ്‌ക്കെതിരേ സ്വന്തം ഹാഫില്‍ നിന്നു പന്തുമായി കുതിച്ച് ഒമ്പത് എതിര്‍താരങ്ങളെയും ഗോള്‍കീപ്പറെയും കബളിപ്പിച്ച് മെസി നേടിയ ഗോള്‍ ഇന്നും ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. ആ ഗോളിനു വേണ്ടിയുള്ള മെസിയുടെ കുതിപ്പിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് യമാല്‍ പുറത്തെടുക്കുന്നത്.
ഗോളടിക്കുന്നതില്‍ മാത്രമല്ല, മെസിയെപ്പോലെ ഗോളടിപ്പിക്കുന്നതിലും യമാല്‍ കേമനാണ്. ഈ യൂറോയില്‍ ഇന്നലെ തന്റെ ആദ്യ ഗോളാണ് താരം കുറിച്ചതെങ്കില്‍ അതിനോടകം മൂന്നു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. സ്വന്തം പേരിലൊരു ഗോള്‍ മാത്രമായിരുന്നു യമാലില്‍ നിന്ന് അകന്ന് നിന്നിരുന്നത്. അതും ഇന്നലെ താരം സ്വന്തമാക്കി.
മെസിയും യമാലും ഫോട്ടോഷൂട്ടും
യമാലിന്റെ പിതാവ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ലോകം ആഘോഷിക്കുന്നത്; അഞ്ച് മാസം പ്രായമുള്ള യമാലിനെ എടുത്തു നില്‍ക്കുന്ന ഇരുപതുകാരനായ മെസി. 2007-ല്‍ ബാഴ്‌സലോണ നടത്തിയ ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രമാണത്.
ക്ലബിന്റെ വാര്‍ഷിക ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യൂണിസെഫുമായി ചേര്‍ന്ന് ബാഴ്‌സ നടത്തിയ ഫോട്ടോ ഷൂട്ടിലാണ് മെസിയും യമാലും ആദ്യമായി ഒരുമിക്കുന്നത്. അന്ന് അഞ്ച് മാസം പ്രായമുള്ള യമാലിനെ ജ്ഞാനസ്‌നാനം ചെയ്യുക്കുന്ന തരത്തില്‍ തൊട്ടപ്പനായാണ് മെസി ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. ആ ചിത്രമാണ് ഇപ്പോള്‍ സോഷ്യയല്‍ മീഡിയയില്‍ വൈറലായിരക്കുന്നത്.