വീണ്ടും തോല്‍വി; ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്കു വീണു
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഇന്നു നടന്ന എവേ പോരാട്ടത്തില്‍ ചിരവൈരികളായ എ.ടി.കെ. മോഹന്‍ബഗാനോടാണ് അവര്‍ തോല്‍വി നേരിട്ടത്. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി.
ഇരട്ടഗോളുകള്‍ നേടിയ ഐറിഷ് താരം കാള്‍ മക്ഹ്യൂവിന്റെ മിന്നും പ്രകടനമാണ് ബഗാനു തുണയായത്. ഇരുപകുതികളിലുമായാണ് ഹ്യൂ ബഗാനുവേണ്ടി വലകുലുക്കിയത്. മത്സരത്തില്‍ ആദ്യം ലീഡ് നേടിയ ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ദിമിത്രി ഡയമെന്റക്കോസാണ് സ്‌കോര്‍ ചെയ്തത്. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മലയാളി താരം കെ.പി. രാഹുല്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തുപോയതാണ് ബ്ലാസ്‌റ്റേഴ്‌സിനു തിരിച്ചടിയായത്.
എവേ തട്ടകത്തില്‍ മികച്ച തുടക്കമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റേത്. 16-ാം മിനിറ്റില്‍ തന്നെ ആതിഥേയരെ ഞട്ടിച്ചു ലീഡ് നേടാന്‍ ടീമിനു കഴിഞ്ഞു. മധ്യനിരയില്‍ നിന്നു ഇവാന്‍ കലിയൂഷ്‌നി തുടക്കമിട്ട നീക്കത്തിനൊടുവില്‍ ലഭിച്ച പന്ത് ഒരു വണ്‍ടച്ച് പാസിലൂടെ ജിയാന്നു മറിച്ചു നല്‍കിയത് ദിമിത്രി ഡയമെന്റക്കോസിനാണ്. ദിമിയുടെ ഇടംകാലന്‍ ഷോട്ട് പിഴച്ചില്ല. സ്‌കോര്‍ 1-0.
പക്ഷേ ആഹ്‌ളാദം ആറു മിനിറ്റു മാത്രമേ നീണ്ടു നിന്നുള്ളു. 22-ാം മിനിറ്റില്‍ ബഗാന്‍ ഒപ്പമെത്തി. അനുകൂലമായി ലഭിച്ച ഒരു ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോളിനു വഴിതുറന്നത്. സെറ്റ് പീസിനൊടുവില്‍ പന്ത് ലഭിച്ച ദിമിത്രി പെട്രാറ്റോസ് നല്‍കിയ ക്രോസില്‍ കൃത്യമായി തലവച്ച് മക്ഹ്യു ടീമിനെ ഒപ്പമെത്തിച്ചു.
ആദ്യ പകുതിയില്‍ പിന്നീട് മികച്ച മുഹൂര്‍ത്തങ്ങളൊന്നുമുണ്ടായില്ല. ഇരുടീമുകളും 'സമനില തെറ്റാതെ' ഇടവേളയ്ക്കു പിരിഞ്ഞു. പിന്നീട് രണ്ടാം പകുതിയില്‍ 64-ാം മിനിറ്റിലാണ് ബ്ലാസ്‌റ്റേഴ്‌സിനു കനത്ത തിരിച്ചടി നേരിട്ടത്. ബഗാന്റെ മലയാളി താരം ആഷിഖ് കുരുണിയനെ ഫൗള്‍ ചെയ്തതിന് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട രാഹുലിന് പുറത്തേക്ക് മാര്‍ച്ചിങ് ഓര്‍ഡര്‍ കിട്ടി.
ഇതോടെ 10 പേരായി ചുരുങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെതിരേ എ.ടി.കെയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. ആക്രമണം വര്‍ധിപ്പിച്ച അവര്‍ 71-ാം മിനിറ്റില്‍ ലീഡും നേടി. മന്‍വീര്‍ സിങ്ങാണ് ഇക്കുറി മക്ഹ്യുവിന് ഗോളിലേക്കുള്ള പാസ് നല്‍കിയത്.
ജയത്തോടെ 19 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി ബഗാന്‍ മൂന്നാം സ്ഥാനത്തേക്കു കയറിയപ്പോള്‍ നേരത്തെ അത്രതന്നെ പോയിന്റുമായി മൂന്നാമതുണ്ടായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് നാലാമതുള്ള ബംഗളുരു എഫ്.സിക്കും താഴെ അഞ്ചാം സ്ഥാനത്തേക്കു വീണു. ഇനി ഹൈദരാബാദിനെതിരായ മത്സരമാണ് ബ്ലാസ്‌റ്റേഴ്‌സിനു ശേഷിക്കുന്നത്.