ടോണി ക്രൂസ്: കാല്‍പന്തിന്റെ 'ജർമൻ സ്നൈപ്പ‍ര്‍'

തലച്ചോറും കാലുകളും ഒരേ സമയം സമന്വയിപ്പിച്ച്, അസാധാരണമായ ക്രിയേറ്റിവിറ്റിയോടെയും വിഷനോടും കൂടി പന്തുതൊടുന്നരാള്‍

ഓല്‍മൊ ഉയർത്തി നല്‍കിയ പന്ത് മൈക്കല്‍ മെരിനൊ തലകൊണ്ട് മറിച്ച് വലയിലെത്തിക്കുന്നു. എംഎച്ച്പി അരീനയില്‍ സ്പാനിഷ് താരങ്ങള്‍ ആഘോഷം ആരംഭിച്ചിരുന്നു. ജർമൻ ആരാധകർ നിശബ്ദരായിരുന്നു. അവരുടെ കണ്ണുകള്‍ എട്ടാം നമ്പർ ജേഴ്‌സിക്കാരനെ തിരയുകയായിരുന്നു. കാരണം ഇനി നിമിഷങ്ങള്‍ മാത്രമേ അയാളെ ആ ജേഴ്‌സിയില്‍ കാണാനാകുമായിരുന്നുള്ളു. ജർമൻ സ്നൈപ്പർ, ഫുട്ബോളില്‍ കൃത്യതയുടെ പര്യായം. ടോണി ക്രൂസിന്റെ ഐതിഹാസിക കരിയറിന് നിരാശയുടെ തിരശീല.

ഈസ്റ്റ് ജർമനിയില്‍ പിറവിയെടുത്ത ആറടിപ്പൊക്കക്കാരൻ ശാന്തനാണ്. കളത്തില്‍ അയാള്‍ വിയർക്കുന്നുണ്ടോയെന്ന് പോലും സംശയം. അത്രത്തോളം എഫേർട്ട്‌ലസായാണ് ക്രൂസ് കളി മെനയുന്നത്. തലച്ചോറും കാലുകളും ഒരേ സമയം സമന്വയിപ്പിച്ച്, അസാധാരണമായ ക്രിയേറ്റിവിറ്റിയോടെയും വിഷനോടും കൂടി പന്തുതൊടുന്നരാള്‍. അയാളുടെ പ്രതിഭ കണ്ട് മതിമറന്ന എത്രയോ രാവുകള്‍ കാല്‍പ്പന്താരാധകർക്കുണ്ട്.

ടോണി ക്രൂസ്: കാല്‍പന്തിന്റെ 'ജർമൻ സ്നൈപ്പ‍ര്‍'
റൊണാള്‍ഡോയുടെ കണ്ണീരൊപ്പിയ 'കൈകള്‍'; പോർച്ചുഗലിന്റെ രക്ഷകൻ

അത്തരമൊന്നായിരുന്നു, ബ്രസീല്‍ ജനതയുടെ കണ്ണീർ വീണ 2014 ലോകകപ്പ് സെമി ഫൈനല്‍. തോമസ് മുള്ളറിന്റെ ഷോട്ട് പന്തിനൊന്നാം മിനുറ്റില്‍ ജുലിയോ സീസറിനെ മറകടക്കുമ്പോള്‍, ആ ഗോളിന് പിന്നില്‍ ക്രൂസിന്റെ കാലുകളായിരുന്നു. പിന്നീട് രണ്ട് മിനുറ്റ് ഇടവേളയില്‍ രണ്ട് തവണ ക്രൂസ് സീസറിനെ കാഴ്‌ചക്കാരനാക്കിയപ്പോള്‍ ക്ലോവിസ് ഫെർണാണ്ടസ് വിങ്ങിപ്പൊട്ടുകയായിരുന്നു.

ലോകകിരീടത്തിന്റെ മാതൃക ക്ലോവിസ് നെഞ്ചോട് ചേർക്കുമ്പോള്‍, ക്രൂസ് അത് ജർമനിക്കായി കളത്തില്‍ വെട്ടിപ്പിടിക്കുകയായിരുന്നു, അനായാസം. ഒടുവില്‍ മിശിഹായുടെ അർജന്റീനയ്ക്കും ദുഃഖം സമ്മാനിച്ച്, ലോകചാമ്പ്യനായി സ്വപ്ന നഗരമായ മാഡ്രിഡിലേക്ക്. കാർലോസ് ആഞ്ചലോട്ടിയുടെ വിളിയില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വാഗ്ദാനങ്ങള്‍ തട്ടിമാറ്റിയാണ് ക്രൂസ് വെള്ളക്കുപ്പായം അണിയുന്നത്.

ക്രിസ്റ്റ്യനൊ റൊണാള്‍ഡോയും ഗാരത് ബെയിലും കരീം ബെൻസിമയും അണിനിരന്ന റയലിന്റെ ഗോള്‍ഡൻ എറ. അവിടെ ടോണി ക്രൂസിന് എന്തായിരിക്കും റോള്‍ എന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചവർക്ക് കാലം റയലിന്റെ ട്രോഫി ക്യാബിനെറ്റിലൂടെ മറുപടി കൊടുത്തിട്ടുണ്ടാകണം. സിദാന് കീഴില്‍ മോഡ്രിച്ചിനും കാസിമിറോയ്ക്കുമൊപ്പം മധ്യനിരയില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചവൻ.

ടോണി ക്രൂസ്: കാല്‍പന്തിന്റെ 'ജർമൻ സ്നൈപ്പ‍ര്‍'
അധിക്ഷേപങ്ങള്‍ക്ക് ഉത്തരം കളത്തില്‍; വിനി വിസ്മയം

ക്രൂസിന്റെ കാലുകളില്‍ പന്തെത്തിയാല്‍ പിന്നെ അയാളുടെ താളത്തിലായിരിക്കും കളിയുടെ പോക്കെന്നൊരിക്കല്‍ പറഞ്ഞുവെച്ചതും കാസിമിറൊ തന്നെയായിരുന്നു. അയാളുടെ പാസ് സ്വീകരിക്കാൻ നിങ്ങള്‍ക്കായില്ലെങ്കില്‍ അത് അയാളുടെ പിഴവല്ല, നിങ്ങളുടേതായിരിക്കും. അത്രത്തോളമാണ് കൃത്യത. ക്രൂസിന്റെ ഏറ്റവും മോശം സീസണില്‍ പോലും പാസിങ് കൃത്യത 92 ശതമാനമാണെന്നത് അത്ഭുതപ്പെടുത്തുന്ന കണക്കു തന്നെയാണ്.

തുടർച്ചയായ പത്ത് സീസണുകളില്‍ 90 ശതമാനത്തിലധികം പാസിങ് കൃത്യത, സ്പാനിഷ് ലാ ലിഗയ്ക്ക് മാത്രമല്ല, ഫുട്ബോള്‍ ലോകത്തിനുതന്നെ പുതുമയുള്ള ഒന്നായിരുന്നു. റയലിന്റെ മുന്നേറ്റനിരയിലെ ഇതിഹാസങ്ങള്‍ കാലത്തിന്റെ ഒഴുക്കില്‍ കളംവിട്ടപ്പോഴും ക്രൂസ് മധ്യനിരയിലെ വിശ്വാസമായിരുന്നു. റൊണാള്‍ഡൊ മുതല്‍ ബെല്ലിങ്‌ഹാം വരെയുള്ളവർ ക്രൂസിന്റെ പാസില്‍ വലകുലുക്കി.

ബെ അരീനയിലേയും ഏലിയൻസ് അരീനയിലേയും സാന്റിയാഗൊ ബെർണബ്യൂവിലേയും പുല്‍നാമ്പുകള്‍ക്ക് അസുലഭ നിമിഷങ്ങള്‍ സമ്മാനിച്ചാണ് ക്രൂസിന്റെ പടിയിറക്കം. ഒരു ലോകകപ്പ്, ആറ് ചാമ്പ്യൻസ്‌ ലീഗ്, ആറ് ക്ലബ്ബ് ലോകകപ്പ്, ജർമനിയിലും സ്പെയിനിലും നേടാത്ത കിരീടങ്ങളുണ്ടോയെന്ന് സംശയം. ബൂട്ടഴിക്കാൻ ഇത്ര തിടുക്കുമെന്തിനാണെന്ന് ചിന്തിക്കാത്തവരുണ്ടാകില്ല. കാരണം, 34-ാം വയസിലും ക്രൂസ് പ്രൈം ഫോമില്‍ തന്നെയാണ്.

സ്വന്തം മണ്ണില്‍ യൂറൊ കീരീടത്തോടെ മടങ്ങാമെന്ന സ്വപ്നം മാത്രം ബാക്കിയാക്കിയാണ് ക്രൂസ് തന്റെ പ്രിയപ്പെട്ട അഡിഡാസ് 11 പ്രൊ ബൂട്ടഴിക്കുന്നത്. അത് അങ്ങനെയാണ്, ഏറ്റവും മനോഹരമായ ചില അധ്യായങ്ങളുടെ അവസാനം പൂർണമായിരിക്കില്ല.

Related Stories

No stories found.
logo
The Fourth
www.thefourthnews.in