ജർമൻ ടീമിൽ ഇടം നേടിയ പതിനേഴുകാരൻ

ജർമൻ ടീമിൽ ഇടം നേടിയ പതിനേഴുകാരൻ

ഹെർത്ത ബെർലിനറുമായി നടന്ന മത്സരത്തിൽ 85ാം മിനുട്ടിൽ സൂപ്പർതാരം ഏർലിങ് ഹാളണ്ടിന് പകരക്കാരനായാണ് മൗക്കോക്കോ കളത്തിലിറങ്ങുന്നത്
Updated on
2 min read

ഇരുപതിയാറംഗ ജർമൻ ടീമിനെ ലോകകപ്പിനായി പ്രഖ്യാപിച്ചപ്പോൾ ഫുട്ബോൾ ലോകം ശ്രദ്ധിച്ചത് യൂസൗഫ മൗക്കോക്കോ എന്ന പേരിലേക്കായിരുന്നു. ജർമൻ ഫുട്ബോൾ കൃത്യമായി പിന്തുടരുന്നവർക്ക് ഈ പേര് അത്ര അത്ഭുതമായി തോന്നിയിട്ടുണ്ടാകില്ല. കാരണം കഴിഞ്ഞ രണ്ട് സീസണുകളിലായി ബോറുസിയ ഡോർട്മുണ്ടിന് വേണ്ടി കളിക്കുന്നുണ്ട് ഈ പതിനേഴുകാരൻ.

പതിനാറാം വയസ്സിലാണ് മൗക്കോക്കോ ബൊറൂസ്സിയയ്ക്കായി അരങ്ങേറുന്നത്. ഹെർത്ത ബെർലിനറുമായി നടന്ന മത്സരത്തിൽ 85ാം മിനുട്ടിൽ സൂപ്പർതാരം ഏർലിങ് ഹാളണ്ടിന് പകരക്കാരനായാണ് മൗക്കോക്കോ കളത്തിലിറങ്ങുന്നത്. ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോർഡും സ്ഥാപിച്ചാണ് കൊച്ചു മൗക്കോക്കോ ആൻ മത്സരം അവസാനിപ്പിച്ചത്. ആ സീസണിൽ തന്നെ ചാമ്പ്യൻസ് ലീഗിലും അരങ്ങേറ്റം കുറിച്ച മൗക്കോക്കോ, ഡിസംബറിൽ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുകയും അതെ മാസം തന്നെ തന്റെ ആദ്യ ഗോൾ സ്വന്തമാക്കുകയും ചെയ്തു.

അടുത്ത സീസണിൽ ബൊറൂസ്സിയയ്ക്ക് വേണ്ടി പതിനാറ് ബുണ്ടസ്‌ലിഗ മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും, ഡിഎഫ്ബി കപ്പ് നേടി തന്റെ ആദ്യ പ്രൊഫഷണല്‍ ക്ലബ് കിരീട നേട്ടവും ആഘോഷിച്ചു. 2022 - 23 സീസണിൽ ഹാളണ്ടും സ്റ്റെഫൻ ടിഗ്ഗെസും ക്ലബ് വിട്ടതോടെയും പകരം കൊണ്ട് വന്ന സെബാസ്റ്റ്യൻ ഹാളറുടെ അസുഖവുമാണ് മൗക്കോക്കോയ്ക്ക് കാര്യങ്ങൾ അനുകൂലമാക്കിയത്. കൂടുതൽ മത്സരങ്ങളിൽ ബൊറൂസ്സിയയ്ക്കായി ഇറങ്ങാൻ സാധിച്ച മൗക്കോക്കോ ഇതിനോടകം പത്ത്‌ ഗോളുകൾ നേടി കഴിഞ്ഞു. ലീഗിൽ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കി അധികം താമസിക്കാതെയാണ് ലോകകപ്പിനുള്ള ദേശീയ ടീം വിളി എത്തിയത്. തന്റെ പതിനെട്ടാം പിറന്നാൾ ആഘോഷിച്ച്‌ രണ്ട് ദിവസങ്ങൾക്കപ്പുറം ജർമ്മനി ജപ്പാനെ നേരിടുമ്പോൾ ടീമിൽ ഒരു പക്ഷെ കൗമാര താരവും ഇടം പിടിച്ചേക്കാം.

തിരിച്ച്‌ വന്ന് മരിയോ ഗോട്സെ

ജർമൻ ആരാധകർ ഒരിക്കലും മറക്കാത്ത ഒരു പേരാണിത്. 2014 അർജന്റീനയെ തോൽപ്പിച്ച ജർമ്മനി കിരീടമുയർത്തിയത് ഗോട്സെയുടെ ഗോളിലാണ്. മെസ്സിയെക്കാളും മികച്ചവനെന്ന് ലോകത്തിന് കാട്ടികൊടുക്കാൻ പറഞ്ഞ്‌ കളത്തിലേക്ക് വിട്ട അന്നത്തെ ജർമൻ കോച്ച് യോക്വിം ലോയുടെ വാക്കുകൾക്ക് നൽകാൻ ഇതിലും മികച്ച സമ്മാനം ഇല്ല. എന്നാൽ പിന്നീട് മോശം ഫോമിലൂടെ കടന്ന് പോയ താരം ദേശീയ ടീമിൽ ഇടം പിടിച്ചിരുന്നില്ല. 2017ന് ശേഷം ദേശീയ ടീമിൽ കളിച്ചിട്ടില്ലാത്ത ഗോട്സെയ്ക്ക് ഈ സീസണിൽ ജർമൻ ക്ലബ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനായി നടത്തിയ പ്രകടനമാണ് തുണച്ചത്. 22 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും മൂന്ന് അസിസ്റ്റും നേടി ഫ്രാങ്ക്ഫർട്ടിന്റെ പ്രകടനത്തിൽ നിർണായക സ്വാധീനമാണ് ഈ മുപ്പത്കാരൻ വരുത്തിയിരിക്കുന്നത്.

വിങ്ങലായി മാര്‍കോ റൂയിസ്‌

ഇത്തവണത്തെ ലോകകപ്പ് സ്‌ക്വാഡിൽ മാര്‍കോ റൂയിസ്‌ എന്ന പേര് പ്രതീക്ഷിച്ചവരിൽ ജർമനിയുടെ ആരാധകർ മാത്രം ആയിരിക്കില്ല ഉണ്ടായിരുന്നത്. തുടർച്ചയായ പരുക്കുകൾ എന്നും റൂയിസിനൊപ്പമുണ്ടായിരുന്നു. യോഗ്യത റൗണ്ടിലെ മികവിൽ റിയോയിലേക്കുള്ള സംഘത്തിലുൾപ്പെട്ട റൂയിസ്‌ സന്നാഹ മത്സരത്തിൽ പറ്റിയ പരുക്ക് മൂലം അന്ന് പുറത്താവുകയായിരുന്നു. 2018ൽ ലോകകപ്പിൽ കളിച്ചെങ്കിലും ജർമനിക്ക് ഗ്രൂപ്പ് സ്റ്റേജിൽ തന്നെ മടങ്ങേണ്ടി വന്നു. ഇത്തവണ ലോകകപ്പ് കളിക്കാമെന്ന പ്രതീക്ഷയിൽ ഇരിക്കുമ്പോഴാണ് ബൊറൂസ്സിയയ്ക്ക് വേണ്ടി കളിക്കുമ്പോൾ കണങ്കാലിനേറ്റ പരുക്ക് തിരിച്ചടിയായത്. ബൊറൂസ്സിയയിലെ സഹതാരം മാറ്റ് ഹമ്മൽസിനും പരുക്ക് മൂലം ജർമൻ ടീമിൽ സ്ഥാനം നഷ്ടമായി.

logo
The Fourth
www.thefourthnews.in