ഐഎസ്എല്‍
ഐഎസ്എല്‍

ഐഎസ്എല്‍ ഉദ്ഘാടന മത്സരം കൊച്ചിയില്‍; ഒക്ടോബര്‍ ഏഴിന് ബ്ലാസ്റ്റേഴ്സ്- ഈസ്റ്റ് ബംഗാള്‍ പോരാട്ടം

പ്ലേ ഓഫില്‍ പുതിയ ഫോര്‍മാറ്റ്
Updated on
1 min read

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022-23 സീസണിന് ഒക്ടോബര്‍ ഏഴിന് കൊച്ചിയില്‍ തുടക്കമാകും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്ഘാടന മത്സരത്തില്‍ അവസാന സീസണിലെ റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും. കോവിഡിനെത്തുടര്‍ന്ന് കാണികളെ പ്രവേശിപ്പിക്കാതെയാണ് കഴിഞ്ഞ രണ്ടുവര്‍ഷം ഐഎസ്എല്‍ സംഘടിപ്പിച്ചത്. ഗോവയിലെ സ്റ്റേഡിയങ്ങളില്‍ മാത്രമായിരുന്നു മത്സരങ്ങള്‍ നടന്നിരുന്നത്. ഇക്കുറി എല്ലാ ടീമുകളുടെയും ഹോം ഗ്രൗണ്ടില്‍ മത്സരങ്ങളുണ്ട്.

ഐഎസ്എല്ലിന് മുന്നോടിയായി, നിലവില്‍ എല്ലാ ടീമുകളും ഡ്യൂറന്‍ഡ് കപ്പില്‍ മത്സരിക്കുകയാണ്. ഐഎസ്എല്ലിനു പിന്നാലെ, 2023 ഏപ്രിലില്‍ സൂപ്പര്‍ കപ്പും നടക്കും. അതേസമയം, രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കൊച്ചിയിലെത്തുന്ന ഫുട്ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. ആരാധകപ്രതീക്ഷകളെ തൃപ്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാകും ബ്ലാസ്റ്റേഴ്സും ഇത്തവണ മൈതാനത്തിറങ്ങുക.

മത്സരം കൂടുതല്‍ കടുപ്പമാകുന്നതിനൊപ്പം ആവേശകരമാക്കാനും ലക്ഷ്യമിട്ട് പുതിയ ഫോര്‍മാറ്റാണ് പ്ലേ ഓഫില്‍ പരീക്ഷിക്കുക. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഉള്ളവര്‍ നേരിട്ട് സെമിയില്‍ കടക്കും. അവസാന നാലില്‍ ഉള്‍പ്പെടുന്ന ടീമുകളെ കണ്ടെത്താന്‍ മൂന്ന് മുതല്‍ ആറ് വരെ സ്ഥാനങ്ങളിലുള്ളവര്‍ തമ്മില്‍ സിംഗിള്‍ ലെഗ് എലിമിനേഷന്‍ നടക്കും. അതില്‍ ജയിക്കുന്ന ടീമുകള്‍ സെമിയില്‍ കടന്ന ആദ്യ രണ്ട് ടീമുകളുമായി ഏറ്റുമുട്ടും. ഇതുവഴി പോയിന്റ് പട്ടികയില്‍ ഒന്നു മുതല്‍ ആറ് വരെയുള്ള ഏത് ടീമിനും ചാംപ്യന്‍മാരാവാന്‍ അവസരമൊരുങ്ങും.

logo
The Fourth
www.thefourthnews.in