കേരളം മഹാരാജാസ് ആയി മാറിയ രാത്രി

കേരളം മഹാരാജാസ് ആയി മാറിയ രാത്രി

കാതുകളിൽ ഇന്നുമുണ്ട് ഡി അരവിന്ദൻ എന്ന കമന്റേറ്ററുടെ അലർച്ച: "ജയിച്ചു, നമ്മൾ ജയിച്ചു. ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി കേരളത്തിന്...''
Updated on
3 min read

ആളും അരങ്ങുമൊഴിഞ്ഞ മഹാരാജാസ് കോളേജ് മൈതാനത്തിനരികിലൂടെ നടന്നുപോകുമ്പോൾ ഇന്നും കാലുകൾ അറിയാതെ നിശ്ചലമാകും. അടങ്ങാത്ത ആരവങ്ങൾക്കായി കാതോർക്കും മനസ്. ഉള്ളിലൊരു പഴയ കുട്ടി ഉണർന്നെണീക്കും അപ്പോൾ. വയനാട്ടിലെ എസ്റ്റേറ്റ് ക്വാർട്ടേഴ്സിന്റെ ഏകാന്തതയിൽ കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി വിജയത്തിന് വേണ്ടി സകല ദൈവങ്ങൾക്കും നേർച്ച നേർന്നു റേഡിയോക്ക് മുന്നിൽ തപസിരുന്ന പത്തു വയസുകാരൻ.

ആ കുട്ടിയുടെ കാതുകളിൽ ഇന്നുമുണ്ട് ഡി അരവിന്ദൻ എന്ന കമന്റേറ്ററുടെ അലർച്ച: "ജയിച്ചു, നമ്മൾ ജയിച്ചു. ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി കേരളത്തിന്...'' അവസാന വിസിലിന് പിന്നാലെ പാൽവെളിച്ചത്തിൽ ആടിയുലയുന്ന ചൂളമര ഗാലറികളുടെ വിഭ്രമിപ്പിക്കുന്ന ചിത്രം സങ്കൽപ്പിക്കാൻ കഴിയുമായിരുന്നു ആ ചെറുപ്രായത്തിലും അവന്. അത്രയും വികാരദീപ്തമായിരുന്നു ഫിലിപ്സ് ട്രാൻസിസ്റ്ററിന്റെ കൊച്ചു സ്പീക്കറിലൂടെ പുറത്തേയ്ക്കൊഴുകിയ അരവിന്ദന്റെ ശബ്ദം.

അക്ഷമമായ കാത്തിരിപ്പിന്റെ അവസാന വിസിലായിരുന്നു അത്; മറ്റൊരർഥത്തിൽ ആദ്യ വിസിലും. കളിക്കമ്പം മാത്രമല്ല, കളിയെഴുത്തും കിക്കോഫ് ചെയ്ത വിസിൽ. ഓർമയിലുണ്ട് ആ ആവേശനിമിഷങ്ങളോരോന്നും. ക്വാർട്ടേഴ്‌സിന്റെ കാവി മെഴുകിയ പൂമുഖത്ത് മലർന്നു കിടക്കുകയാണ് ഞാനും അനിയനും. തൊട്ടപ്പുറത്ത് ചാരുകസേരയിൽ അച്ഛൻ. മുറിക്ക് നടുവിലെ മേശപ്പുറത്ത് രാജകുമാരനെപ്പോലെ ഞങ്ങളുടെ ഫിലിപ്സ് ട്രാൻസിസ്റ്റർ.

വി ഐ പി ഇമേജാണ് അന്ന് വയനാട്ടിൽ റേഡിയോക്ക്. ശരിക്കും രാജകീയ പരിവേഷം. കുട്ടികൾക്കൊന്നും അവന്റെ മേൽ തൊടാനോ തലോടാനോ അവകാശമില്ല. ഞങ്ങൾക്ക് കയ്യെത്താത്ത ഉയരത്തിൽ, അച്ഛന്റെ ഏടത്തി തുന്നിക്കൊടുത്ത ഭംഗിയുള്ള കുപ്പായമണിഞ്ഞുകൊണ്ടാവും അവന്റെ ഇരിപ്പ്. കിളികളുടെയും പൂക്കളുടെയും ചിത്രങ്ങൾ തുന്നിപ്പിടിപ്പിച്ച മേൽവസ്ത്രത്തിനടിയിലെ നഗ്നമേനി കാണാൻ ഞങ്ങൾക്കാർക്കുമില്ല അനുമതി, പൊടിപിടിക്കുമത്രെ.

കേരളം മഹാരാജാസ് ആയി മാറിയ രാത്രി
കേരളം ഉമ്മവെച്ച പന്ത്

1973 ഡിസംബറിലെ ആ രാത്രി ഞങ്ങൾ തപസിരുന്നത് കാതങ്ങൾക്കപ്പുറത്ത് എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബാൾ ഫൈനലിന്റെ ദൃക്‌സാക്ഷി വിവരണം കേൾക്കാനാണ്. കേരളം മുഴുവൻ കാത്തിരുന്ന രോമാഞ്ചദായക പോരാട്ടത്തിൽ ആര് ജയിക്കുമെന്നറിയാൻ.

കേൾവി അത്ര സുഖകരമല്ല അന്ന് വയനാട്ടിലെ റേഡിയോ ശ്രോതാക്കൾക്ക്. വ്യക്തത കുറഞ്ഞ ഫ്രീക്വൻസിയിൽ അലയലയായിട്ടാണ് ശബ്ദങ്ങൾ ഒഴുകിയെത്തുക; കറിക്ക് വറവിടുന്നതുപോലുള്ള കറകറ ശബ്ദത്തിന്റെ അകമ്പടിയോടെ. മത്സരം അവസാന ഘട്ടമെത്തിയപ്പോൾ അട്ടം നോക്കിയുള്ള കിടപ്പ് അവസാനിപ്പിച്ച് ഞാനും അനിയനും റേഡിയോ മേശയോട് ചേർന്നിരുന്നു. കലാശക്കൊട്ടിന്റെ ക്ളൈമാക്സ് മിസാകരുതല്ലോ.

രണ്ടിനെതിരെ മൂന്ന് ഗോളിന് മുന്നിലാണ് കേരളം. ഏതു നിമിഷവും കളിക്ക് കർട്ടൻ വീഴാം. കേരളം ചരിത്രത്തിലാദ്യമായി ട്രോഫി നേടാം. റയിൽവേസിന്റെ ചിന്നറെഡ്ഢി പന്തുമായി കേരളത്തിന്റെ ബോക്സിലേക്ക് നുഴഞ്ഞുകയറി വന്നത് അപ്പോഴാണ്. ഗോളി രവി അൽപ്പം സ്ഥാനം തെറ്റി നിൽക്കുന്നു. പ്രതിരോധം ആകെ ഛിന്നഭിന്നം. കമന്റേറ്റർ ഡി അരവിന്ദൻ അലറിവിളിക്കുന്നത് കേൾക്കാമായിരുന്നു: "എന്തും സംഭവിക്കാം. ഒരു ഗോൾ മണക്കുന്നുണ്ട്. സ്റ്റേഡിയം മുഴുവൻ വീർപ്പടക്കി നോക്കിയിരിക്കുകയാണ്...''

ഇടക്ക് കറകറശബ്ദം ഇടപെടുന്നു. ഒന്നും കേൾക്കാനില്ല. ആകെയൊരു ബഹളം. അരവിന്ദൻ ഉച്ചത്തിൽ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. ഒന്നും വ്യക്തമാകുന്നില്ലെന്ന് മാത്രം. എന്തു സംഭവിച്ചു എന്നറിഞ്ഞേ പറ്റൂ. അച്ഛന്റെ കർക്കശനോട്ടം അവഗണിച്ച് ഞങ്ങൾ പൊടുന്നനെ ചാടിയെഴുന്നേൽക്കുന്നു. കുഞ്ഞു കാതുകൾ റേഡിയോയുടെ സ്പീക്കറിനോട് ചേർത്തുവെക്കുന്നു. ആകെ കേൾക്കാവുന്നത് മഴയുടെ മർമ്മരം പോലുള്ള ഒരൊച്ച മാത്രം.

കേരളം മഹാരാജാസ് ആയി മാറിയ രാത്രി
കന്നിവിജയത്തിന് സമ്മാനം കപ്പയും മീനും കരിപ്പെട്ടിക്കാപ്പിയും!

പക്ഷേ നിമിഷങ്ങൾക്കകം കേട്ടു, ആ ശബ്ദഘോഷത്തിനിടയിലൂടെ അരവിന്ദന്റെ അലർച്ച: "ജയിച്ചു, നമ്മൾ ജയിച്ചു...'' അത്രയേ കേൾക്കേണ്ടിയിരുന്നുള്ളൂ. കൈകൾ രണ്ടും മുകളിലേക്കെറിഞ്ഞു തുള്ളിച്ചാടിത്തുടങ്ങി ഞങ്ങൾ; സ്വയം മറന്നുകൊണ്ട്. തുള്ളലിന്റെ താളത്തിൽ "മ്മള് ജയിച്ചേ , മ്മള് ജയിച്ചേ'' എന്ന മുദ്രാവാക്യവും. ചെറുചിരിയോടെ അച്ഛൻ എഴുന്നേറ്റു പോയി. പിന്നാലെ, ഒച്ചയും ബഹളവും കേട്ട് ചട്ടുകവുമായി അടുക്കളയിൽ നിന്നോടിവന്ന വല്യമ്മ മൂക്കത്ത് വിരൽ വച്ച് ചോദിച്ചു. "ദെന്താ കഥ? ചാമീന്റെ റാക്ക് കുടിച്ചുവോ ങ്ങള്, ഇങ്ങനെ പ്രാന്തമ്മാരെ പോലെ തുള്ളിക്കളിക്കാൻ?''

എസ്റ്റേറ്റ് തൊഴിലാളികളുടെ ആവശ്യാർഥം കുടിൽ വ്യവസായമെന്നോണം ചാമി വാറ്റിയെടുത്തിരുന്ന റാക്ക് കുടിച്ചില്ലെങ്കിലെന്ത്? അതിലും വലിയ ലഹരിയുടെ ഉന്മാദത്തിലായിരുന്നു ഞങ്ങൾ. മറഡോണയുടെ അർജന്റീനക്ക് വേണ്ടിയോ നെയ്മറുടെ ബ്രസീലിന് വേണ്ടിയോ മെസിയുടെ പി എസ് ജിക്ക് വേണ്ടിയോ ക്രിസ്ത്യാനോ റൊണാൾഡോയുടെ മാഞ്ചെസ്റ്റർ യുണൈറ്റഡിന് വേണ്ടിയോ ആയിരുന്നില്ല ഞങ്ങളുടെ ആർപ്പുവിളി. സ്വന്തം നാടിനും നാട്ടുകാർക്കും വേണ്ടിയായിരുന്നു. ഒരിക്കലും നേരിൽ കണ്ടിട്ടില്ലെങ്കിലും കുടുംബാംഗങ്ങളെ പോലെ ഞങ്ങൾ സ്നേഹിച്ച, ഹൃദയത്തിന്റെ ഭാഗമായി കണ്ട, സ്വദേശികളായ മണിമാർക്കും സേവ്യർ പയസുമാർക്കും നജീമുദ്ദീൻമാർക്കും ടൈറ്റസ് കുര്യൻമാർക്കും വേണ്ടി.

കേരളം മഹാരാജാസ് ആയി മാറിയ രാത്രി
ആദ്യ സന്തോഷ് ട്രോഫി വിജയം അവരെ കള്ളുഷാപ്പിൽ എത്തിച്ചതെങ്ങനെ?

വിരൽത്തുമ്പിൽ മെസിയും റൊണാൾഡോയും നെയ്മറുമെല്ലാം വന്നു നിൽക്കുന്ന ഈ യുഗത്തിൽ നിന്ന് തിരിഞ്ഞുനോക്കുമ്പോൾ തമാശ തോന്നാം. ഇത്രയൊക്കെ പുളകം കൊള്ളേണ്ടതുണ്ടോ ഒരു സാധാ ദേശീയ ടൂർണമെന്റിലെ വിജയത്തെ ചൊല്ലി? അതും അര നൂറ്റാണ്ടിനിപ്പുറം. കുറച്ച് ഓവറല്ലേ ഇതെല്ലാം ഭായീ?

ഓവർ തന്നെ. സംശയമില്ല. എങ്കിലെന്ത്? ആ അനർഘ നിമിഷങ്ങളുടെ മൂല്യമറിയണമെങ്കിൽ, അന്നനുഭവിച്ച ആവേശലഹരി ശരിക്കും ഉൾക്കൊള്ളാൻ കഴിയണമെങ്കിൽ, ആ കാലത്തേക്ക് തിരിച്ചു പോകണം; ആ പ്രായത്തിലേക്കും.

വിശ്വസിക്കുക: സന്തോഷ് ട്രോഫി ആയിരുന്നു അന്ന് ഞങ്ങളുടെ ലോകകപ്പും യൂറോ കപ്പും ഇന്റർ കോണ്ടിനെന്റൽ കപ്പുമെല്ലാം. നജീമുദ്ദീൻ ആയിരുന്നു ഞങ്ങളുടെ ഗെര്‍ഡ് മുള്ളർ; സേവ്യർ പയസ് യോഹാൻ ക്രൈഫും.

കേരളം ജയിച്ചതിന്റെ പിറ്റേന്ന് അവധിയായിരുന്നു ഞങ്ങൾ സ്കൂൾ കുട്ടികൾക്ക്. നാടെങ്ങും ആഹ്ളാദാരവങ്ങൾ അലയടിച്ച ദിനം. പിറ്റേന്ന് സ്‌കൂളിൽ ചെന്നപ്പോൾ ഡ്രിൽ മാഷ് എല്ലാ കുട്ടികളോടുമായി പറഞ്ഞു: "മിനിയാന്നത്തെ കളിയെക്കുറിച്ച് നിങ്ങൾക്ക് തോന്നിയ കാര്യം ഒരൊറ്റ വാചകത്തിൽ എഴുതിത്തരണം.''

സ്വന്തം ഭാവനാവിലാസം പോലെ ഓരോരുത്തരും എഴുതി. ചിലരൊക്കെ മനോരമയിലേയും മാതൃഭൂമിയിലെയും ചന്ദ്രികയിലേയും തലക്കെട്ടുകൾ ഓർമയിൽ നിന്ന് അപ്പടി പകർത്തി: കേരളത്തിന് സന്തോഷ് ട്രോഫി; ഹാട്രിക്ക് വീരൻ മണിയുടെ ദിവസം, കേരളം ദേശീയ ചാമ്പ്യന്മാർ എന്ന മട്ടിൽ. എനിക്കെഴുതാൻ തോന്നിയത് ഇങ്ങനെയാണ്: "മഹാരാജാസ് മൈതാനത്ത് കേരളം മഹാരാജാസ്.''

അന്നത്തെ ആറാം ക്ലാസുകാരന്റെ ബുദ്ധിയിൽ പൊട്ടിവിരിഞ്ഞ "പഞ്ച് ലൈൻ.''

എഴുതിയ നോട്ട് ബുക്ക് തെല്ലൊരു ജാള്യത്തോടെയാണ് ജോസഫ് സാറിനെ കാണിച്ചത്. സാർ ചിരിച്ചു; എന്നിട്ട് പുറത്തു തട്ടി പറഞ്ഞു: കൊള്ളാമല്ലോ..

ഒരു പക്ഷേ, "കളിയെഴുത്തി''ൽ നിന്ന് ലഭിച്ച ആദ്യത്തെ അഭിനന്ദനം.

കേരളം മഹാരാജാസ് ആയി മാറിയ രാത്രി
ആരവങ്ങളില്‍ നിന്നകന്ന് ആശുപത്രിക്കിടക്കയില്‍ ജാഫർ

തീർന്നില്ല. ആ സന്തോഷ് ട്രോഫി വിജയം കുറേപ്പേരെ രായ്ക്കുരാമാനം താരങ്ങളാക്കി. കേട്ടും വായിച്ചറിഞ്ഞും പത്രത്തിലെ മങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് പടങ്ങളിൽ കണ്ടും മാത്രം പരിചയമുള്ള ചിലർ. എസ്റ്റേറ്റിലെ തൊഴുത്തിനോട് ചേർന്ന് ഞങ്ങൾ കുട്ടികളുടെ പതിവ് മേച്ചിൽപ്പുറമായിരുന്ന ഉണക്കപ്പുൽമൈതാനത്ത് പിറ്റേന്ന് വൈകുന്നേരം കനലിൽ വാട്ടിയ ബബ്ലിമൂസ് പന്തുമായി കളിക്കാനെത്തിയത് രവിയും രജിയും ജയരാജൂം കുമാരനും കുഞ്ഞാപ്പയും കുഞ്ഞയമ്മദും മൊയ്തീനും സുബൈറും മജീദും ഒന്നുമായിരുന്നില്ല. മണിയും നജീമുദ്ദീനും ടൈറ്റസ് കുര്യനും വില്യംസും രത്നാകരനും ഹമീദും സി സി ജേക്കബും ഗോളി രവിയും ആയിരുന്നു.

ത്രസിപ്പിക്കുന്ന ആ ദേശീയ വിജയം സൃഷ്ടിച്ച ആവേശഭൂമികയിലേക്കാണ് അടുത്ത വർഷത്തെ മ്യൂണിക് ലോകകപ്പ് (1974) പറന്നിറങ്ങിയത്. കളി കാണാനും കമന്ററി കേൾക്കാനും അവസരമില്ല അന്ന്. ആകെയുള്ള ആശ്രയം മാതൃഭൂമിയിൽ വിംസിയും മനോരമയിൽ അബുവുമൊക്കെ എഴുതുന്ന റിപ്പോർട്ടുകളാണ്. ഒരു ദിവസം വൈകി മാത്രം ഞങ്ങൾ വയനാട്ടുകാരെ തേടിയെത്തുന്ന റിപ്പോർട്ടുകൾ. പക്ഷേ സങ്കല്പങ്ങളിലെ രാജകുമാരന്മാരായ ബെക്കൻബോവറേയും മുള്ളറെയും ക്രൈഫിനെയും നീസ്കെൻസിനെയും സെപ്പ് മേയറെയും ഹൃദയത്തോട് ചേർത്തു നിർത്താൻ ചോര തുടിക്കുന്ന ആ എഴുത്ത് ധാരാളമായിരുന്നു.

വിശ്വസിക്കുമോ? തിളങ്ങുന്ന സ്വർണത്തലമുടി കാറ്റിൽ പറത്തി, നീലക്കണ്ണുകളിൽ തീക്ഷ്ണമായ ഗോൾദാഹവുമായി എതിർ പ്രതിരോധമേഖലയിൽ പടക്കുതിരയെപ്പോലെ മേഞ്ഞുനടന്ന ക്രൈഫിനെ പാതിമയക്കത്തിൽ പോലും സ്വപ്നം കണ്ടിരുന്നു ആ രാത്രികളിൽ. വിംസിയുടെ എഴുത്തിന് നന്ദി.

വാക്കുകളുടെ മാജിക് ആയിരുന്നു അത്. പത്രങ്ങളിൽ വായിച്ച റിപ്പോർട്ടുകളിൽ നിന്ന് മനസിലേക്ക് കുതിച്ചു കയറിവന്ന ബിംബങ്ങൾ, മിത്തുകൾ. തത്സമയ ദൃശ്യങ്ങൾ അവയുടെ എല്ലാ പൊലിമയോടെയും ഇഷ്ടാനുസരണം കണ്മുന്നിൽ തെളിയുന്ന ഇക്കാലത്ത്, അത്തരമൊരു മാജിക്കിന് എന്ത് പ്രസക്തി?

പിന്നെയും ലോകകപ്പുകൾ വന്നു; താരസങ്കല്പങ്ങളും കളി നിയമങ്ങളും മാറിമറിഞ്ഞു. കളിയെഴുത്തിന്റെയും കമന്ററിയുടെയും രൂപഭാവങ്ങൾ മാറി. ആസ്വാദന ശൈലികൾ മാറി; ആരാധനയുടെ സംസ്കാരവും. ക്രൈഫിനും മുള്ളറിനും ദീനോസോഫിനും മാരിയോ കെംപസിനും മുന്നിൽ ദക്ഷിണ വച്ച് തുടങ്ങിയ എന്റെ ഫുട്ബാൾ തീർഥാടനം കിലിയൻ എംബപ്പേയിലും റോബർട്ട് ലെവൻഡോസ്‌കിയിലും എത്തിനിൽക്കുന്നു.

എങ്കിലും ആ പഴയ മാജിക് ഇനിയൊരിക്കലും ആവർത്തിക്കപ്പെടില്ലല്ലോ എന്നോർക്കുമ്പോൾ തെല്ലൊരു ദുഃഖം; നഷ്ടബോധം. എങ്ങനെ തോന്നാതിരിക്കും? ആ മാജിക്ക് ആണല്ലോ അന്നത്തെ പത്തുവയസുകാരനെ ഇന്നത്തെ ഞാനാക്കിയത്.

logo
The Fourth
www.thefourthnews.in