ലോകകപ്പ്, യൂറോ കപ്പ് യോഗ്യതാ റൗണ്ട് ഘടനകളില്‍ മാറ്റം വരുത്തി യുവേഫ

ലോകകപ്പ്, യൂറോ കപ്പ് യോഗ്യതാ റൗണ്ട് ഘടനകളില്‍ മാറ്റം വരുത്തി യുവേഫ

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇനി യൂറോപ്യന്‍ ടീമുകളെ 12 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരിപ്പിക്കുക. ഓരോ ഗ്രൂപ്പിലും നാലു മുതല്‍ അഞ്ചു ടീമുകള്‍ വരെ ഇടംപിടിക്കും.
Updated on
1 min read

2026 മുതല്‍ ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം ഫിഫ 32-ല്‍ നിന്ന് 48 ആക്കി ഉയര്‍ത്തിയതോടെ ലോക ഫുട്‌ബോള്‍ കലണ്ടറുകളില്‍ വന്മാറ്റത്തിന് തയാറെടുത്തു കോണ്‍ഫെഡറേഷനുകള്‍. ഫിഫയുടെ പുതിയ തീരുമാനത്തിന്റെ ഭാഗമായി ലോകകപ്പ്-യൂറോ കപ്പ് ചാമ്പ്യന്‍ഷിപ്പുകളുടെ യോഗ്യതാ റൗണ്ടിന്റെ ഘടനമാറ്റാന്‍ യുവേഫ തീരുമാനിച്ചു.

കഴിഞ്ഞ ദിവസം ചേര്‍ന്ന യുവേഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി പുതിയ തീരുമാനമനുസരിച്ച് ഇനി ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ യൂറോപ്യന്‍ ടീമുകളെ 12 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരിപ്പിക്കുക. ഓരോ ഗ്രൂപ്പിലും നാലു മുതല്‍ അഞ്ചു ടീമുകള്‍ വരെ ഇടംപിടിക്കും. ഗ്രൂപ്പ് ജേതാക്കളാകുന്ന ടീമുകള്‍ ലോകകപ്പിന് നേരിട്ട് യോഗ്യത നേടുമ്പോള്‍ രണ്ടാം സ്ഥാനത്തെത്തുന്ന ടീമുകള്‍ പ്ലേ ഓഫ് കളിച്ചെത്തുന്ന ടീമുകളുമായി ഏറ്റുമുട്ടി വേണം യോഗ്യത ഉറപ്പാക്കാന്‍.

ഇതേ ഘടന തന്നെയാകും യൂറോ കപ്പ് യോഗ്യത റൗണ്ടിലും ഉപയോഗിക്കുകയെന്നും യുവേ വ്യക്തമാക്കി. യുവേഫ നേഷന്‍സ് ലീഗ് ചാമ്പ്യന്‍ഷിപ്പിലാണ് മറ്റൊരു പ്രധാന മാറ്റം കൊണ്ടുവന്നിരിക്കുന്നത്. നിലവില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഗ്രൂപ്പ് ജേതാക്കളാകുന്ന ടീമുകള്‍ നേരിട്ട് അവസാന നാലിലേക്കു മുന്നേറുന്ന രീതിക്കാണ് മാറ്റം വരുത്തുന്നത്.

പുതിയ ഷെഡ്യൂള്‍ പ്രകാരം ഗ്രൂപ്പ് ഘട്ടത്തിനു ശേഷം ഇനി ഒരു പ്ലേ ഓഫ് റൗണ്ട് ഉണ്ടാകും. അതില്‍ ഗ്രൂപ്പ് ജേതാക്കളും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും തമ്മില്‍ ഏറ്റുമുട്ടും. ആ മത്സരങ്ങളില്‍ ജയിക്കുന്ന ടീമുകളായിരിക്കും അവസാന നാലിലേക്കു മുന്നേറുക.

ഇതിനു പുറമേ ചില മത്സരങ്ങളുടെ വേദിമാറ്റം സംബന്ധിച്ചും എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തീരുമാനമായി. റഷ്യന്‍ നഗരമായ കസാനില്‍ ഈ വര്‍ഷം നടത്താന്‍ നിശ്ചയിച്ചിരുന്ന യുവേഫ സൂപ്പര്‍ കപ്പ് മത്സരം ഗ്രീസ് തലസ്ഥനാമായ ഏഥന്‍സിലേക്കു മാറ്റി. ഓഗസ്റ്റ് 16-നാണ് മത്സരം അരങ്ങേറുക. കൂടാതെ 2025-ല്‍ നടക്കുന്ന അണ്ടര്‍ 21 യൂറോ കപ്പിന്റെ വേദിയായി സ്ലൊവാക്യയെ നിശ്ചയിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in