വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: 'സെവനപ്പ്' നേടി ഹോളണ്ട് നോക്കൗട്ടില്‍, സമനില തെറ്റാതെ യുഎസും

വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: 'സെവനപ്പ്' നേടി ഹോളണ്ട് നോക്കൗട്ടില്‍, സമനില തെറ്റാതെ യുഎസും

മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവും ഒരു സമനിലയുമടക്കം ഏഴു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് ഹോളണ്ട് നോക്കൗട്ടില്‍ കടന്നത്.
Updated on
1 min read

ഒമ്പതാമത് വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ നിലവിലെ ജേതാക്കളായ യുഎസഎയും റണ്ണറപ്പുകളായ ഹോളണ്ടും പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇന്നു നടന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ വിയറ്റ്‌നാമിനെ ഗോള്‍മഴയില്‍ മുക്കി രാജകീയമായാണ് ഹോളണ്ടിന്റെ നോക്കൗട്ട് പ്രവേശനമെങ്കില്‍ പോര്‍ചുഗലിനു മുന്നില്‍ അപ്രതീക്ഷിത സമനില വഴങ്ങിയ ആഘാതവും പേറിയാണ് യുഎസ് മുന്നേറിയത്.

ന്യൂസിലന്‍ഡിലെ ഡുനെഡിനില്‍ ഫോഴ്‌സിത്ത് ബാര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കായിരുന്നു ഹോളണ്ടിന്റെ ജയം. ഇരട്ടഗോളുകള്‍ നേടിയ എസ്മി ബ്രൂഗ്‌സ്, ജില്‍ റൂഡ് എന്നിവരുടെ മിന്നും പ്രകടനമാണ് ഓറഞ്ച് പടയ്ക്കു തുണയായത്. ലൈക മാര്‍ടെന്‍സ്, സ്‌നൊയെസ്, വാന്‍ ഡി ഡോങ്ക് എന്നിവരാണ് മറ്റു ഗോളുകള്‍ നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ അവര്‍ അഞ്ചു ഗോളുകള്‍ക്കു മുന്നിലെത്തിയിരുന്നു. എട്ടാം മിനിറ്റില്‍ മാര്‍ട്ടെന്‍സിലൂടെ ആരംഭിച്ച ഗോള്‍വേട്ട 83-ാം മിനിറ്റില്‍ ജില്‍ റൂഡാണ് അവസാനിപ്പിച്ചത്. ജയത്തോടെ മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവും ഒരു സമനിലയുമടക്കം ഏഴു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് അവര്‍ നോക്കൗട്ടില്‍ കടന്നത്.

ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അമേരിക്കയെ പോര്‍ചുഗല്‍ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടുകയായിരുന്നു. മത്സരത്തില്‍ പോര്‍ചുഗല്‍ വലയിലേക്ക് 17 തവണ യുഎസ് താരങ്ങള്‍ ഷോട്ടുതിര്‍ത്തെങ്കിലും ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല. സമനിലയോടെ മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമടക്കം അഞ്ചു പോയിന്റുമായാണ് അവരുടെ നോക്കൗട്ട് പ്രവേശനം.

logo
The Fourth
www.thefourthnews.in