ഖത്തര്‍ തകര്‍ന്നു; വിജയ'ഡോര്‍' തുറന്ന് ഇക്വഡോര്‍

ഖത്തര്‍ തകര്‍ന്നു; വിജയ'ഡോര്‍' തുറന്ന് ഇക്വഡോര്‍

നായകന്‍ എന്നര്‍ വലന്‍സിയയ്ക്ക് ഇരട്ടഗോള്‍, ജയം 2-0 എന്ന സ്‌കോറിന്‌
Updated on
1 min read

നിറപ്പകിട്ടാര്‍ന്ന ഉദ്ഘാടന ചടങ്ങുകള്‍ക്കു പിന്നാലെ ആതിഥേയരായ ഖത്തറിനെ നിറംകെടുത്തി ഇക്വഡോര്‍ 2022 ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ ജയം കുറിച്ചു. ദോഹ അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ... ഗോളുകള്‍ക്കായിരുന്നു ലാറ്റിനമേരിക്കന്‍ ടീമിന്റെ ജയം.

ഇരട്ടഗോളുകളുമായി തിളങ്ങിയ നായകന്‍ എന്നര്‍ വലന്‍സിയയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇക്വഡോറിന് തുണയായത്. മത്സരത്തിന്റെ 16, 31 മിനിറ്റുകളിലാണ് വലന്‍സിയ ടീമിനായി വലകുലുക്കിയത്. തോല്‍വിയോടെ ആതിഥേയ ടീം ഉദ്ഘാടന മത്സരത്തില്‍ തോല്‍ക്കില്ലെന്ന വിശ്വാസവും തകര്‍ന്നു. 2006മുതലാണ് ആതിഥേയ ടീം ഉദ്ഘാടന മത്സരം കളിക്കുന്ന പതിവ് തുടങ്ങിയത്. അതിനു ശേഷം ഇന്നുവരെ ഒരു ടീമും തോറ്റു തുടങ്ങിയിട്ടില്ല. ആ പതിവ് വിശ്വാസത്തെയാണ് ഇന്ന് ഇക്വഡോര്‍ തകര്‍ത്തുവിട്ടത്.

അതീവ നാടകീയമായ തുടക്കമായിരുന്നു മത്സരത്തിന്റേത്. ഇക്വഡോര്‍ ആക്രമണങ്ങളോടെ തുടങ്ങിയ മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ വലകുലുങ്ങി. സ്വന്തം ഹാഫില്‍ ലഭിച്ച ഒരു ഫ്രീകിക്കില്‍ നിന്ന് ഇക്വഡോര്‍ താരങ്ങള്‍ ചെലുത്തിയ സമ്മര്‍ദ്ദത്തിനൊടുവില്‍ മനോഹരമായ ഷോട്ടിലൂടെ വലന്‍സിയ വലകുലുക്കി.

സ്വന്തം കാണികള്‍ക്കു മുന്നില്‍ ഖത്തര്‍ ഞെട്ടിത്തരിച്ചുപോയ നിമിഷം. എന്നാല്‍ സാങ്കേതിക വിദ്യ അവരുടെ സഹായത്തിനെത്തി. ഓഫ്‌സൈഡ് നിര്‍ണയിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റ്‌ലിജന്‍സ് സാങ്കേതിക വിദ്യ തുടക്കത്തിലേ പുറത്തെടുത്തതോടെ വലന്‍സിയ നേരിയ വ്യത്യാസത്തില്‍ ഓഫ്‌സൈഡ് ആണെന്നു തെളിഞ്ഞു. ഇതോടെ റഫറി ഡാനിയേലെ ഓര്‍സാറ്റോ ഗോള്‍ റദ്ദാക്കി.

എന്നാല്‍ ആതിഥേയരുടെ ആശ്വാസം വെറും 12 മിനിറ്റുകള്‍ കൂടിയേ നീണ്ടുനിന്നുള്ളു. മത്സരം 15-ാം മിനിറ്റിലേക്ക് എത്തും മുമ്പേ ഇക്വഡോര്‍ അര്‍ഹിച്ച ലീഡ് നേടി. ഇക്കുറിയും വലന്‍സിയയായിരുന്നു സ്‌കോറര്‍.

ബോക്‌സിനുള്ളലേക്കുള്ള മുന്നേറ്റത്തിനൊടുവില്‍ തന്നെ ഖത്തര്‍ ഗോള്‍കീപ്പര്‍ അല്‍ ഷീബ് വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചായിരുന്നു വലന്‍സിയ ഇക്കുറി സ്‌കോര്‍ ചെയ്തത്. ഈ ഗോളോടെ ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇക്വഡോറിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റെക്കോഡും വലന്‍സിയയ്ക്കായി.

ലീഡ് നേടിയ ശേഷവും ആക്രമിച്ചു കളിച്ച ഇക്വഡോര്‍ കൃത്യം 15 മിനിറ്റിനകം വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ കൃത്യമായ ഒരു ടീം ഗെയിമിന്റെയും മനോഹരമായ ഒരു ഫിനിഷിങ്ങിന്റെയും ഫലമായിരുന്നു ഗോള്‍.

സ്വന്തം ഹാഫില്‍ നിന്നു വലതു പാര്‍ശ്വത്തിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ഖത്തര്‍ പെനാല്‍റ്റി ബോക്‌സിനു ലംബമായി എയ്ഞ്ചലോ പ്രിസിയോഡോ നല്‍കിയ ക്രോസില്‍ ചാടിയുയര്‍ന്ന് കൃത്യമായി തലവച്ച വലന്‍സിയയ്ക്കു പിഴച്ചില്ല. സ്‌കോര്‍ 2-0.

ആദ്യ പകുതിയില്‍ രണ്ടു ഗോള്‍ ലീഡില്‍ പിരിഞ്ഞ ഇക്വഡോര്‍ രണ്ടാം പകുതിയിലും ആക്രമിച്ചു തന്നെ കളിച്ചു. എന്നാല്‍ ആദ്യ 45 മിനിറ്റുകളില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ കെട്ടുറപ്പോടെ കളിച്ച ഖത്തര്‍ പ്രതിരോധ നിര കൂടുതല്‍ ഗോള്‍ വഴങ്ങാതെ കാത്തു. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളില്‍ ഇക്വഡോര്‍ ഗോള്‍മുഖത്ത് അപകടം വിതയ്ക്കാനും ഖത്തര്‍ ശ്രമിച്ചു. എന്നാല്‍ ഫിനിഷിങ്ങിലെ പാളിച്ചകള്‍ അവര്‍ക്ക് ആശ്വാസ ഗോള്‍ നിഷേധിച്ചു.

logo
The Fourth
www.thefourthnews.in