കാൽ മുട്ടിന് പരിക്ക്; സെവിയയ്‌ക്കെതിരേ വിനീഷ്യസ് കളിക്കില്ല
റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ കാൽ മുട്ടിന് പരിക്കേറ്റതിനാൽ തുടർച്ചയായി രണ്ടാം മത്സരത്തിൽ നിന്നും വിട്ടു നിൽക്കും. കോച്ച് കാർലോ ആൻസലോട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വാരാന്ത്യം നടന്ന മത്സരത്തിനിടെ വലൻസിയ ആരാധകർ വംശീയ അധിക്ഷേപം നടത്തിയതിനെത്തുടർന്ന് 22 കാരനായ ബ്രസീലിയൻ താരത്തിന് ലോകമെമ്പാടു നിന്നും വ്യാപകമായ പിന്തുണയാണ് ലഭിച്ചത്. പിന്നീട് നടന്ന വല്ലനോയ്‌ക്കെതിരായ മാഡ്രിഡിന്റെ മത്സരത്തിൽ പരുക്ക് കാരണം വിനീഷ്യസ് കളിച്ചിരുന്നില്ല. എന്നാൽ മത്സരത്തിന് സഹതാരങ്ങൾ 20-ാം നമ്പർ ജേഴ്സിയണിഞ്ഞ് വിനീഷ്യസിനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
ശനിയാഴ്ച സെവിയയ്‌ക്കെതിരായി നടക്കുന്ന മത്സരത്തിൽ വിനീഷ്യസ് കളിക്കില്ല, കാൽ മുട്ടിന് പരുക്ക് ഇപ്പോഴും തുടരുന്നുവെന്നും കോച്ച് ആൻസലോട്ടി പറഞ്ഞു. അവസാന മത്സരത്തിൽ കളിച്ചേക്കുമെന്ന പ്രതീക്ഷയും കോച്ച് പങ്കു വച്ചു. വലൻസിയക്കെതിരെയുള്ള മത്സരത്തിൽ വിനീഷ്യസിനെ പുറത്താക്കിയെങ്കിലും പിന്നീട് സ്പാനിഷ് ഫുട്ബാൾ ഫഡറേഷൻ കോമ്പറ്റീഷൻ കമ്മിറ്റി തീരുമാനം റദ്ദാക്കി. വിനീഷ്യസിനെ വിമർശിച്ചെങ്കിലും ലാ ലിഗ പ്രസിഡന്റ് ജെവിയർ തെബാസ് പിന്നീട് ക്ഷമാപണം നടത്തി.