'നെയ്മർ എവിടെ'; ഫിഫയുടെ കവർ ചിത്രത്തിന് താഴെ ട്രോളും പരിഭവവുമായി ആരാധകർ
ലോകമെങ്ങും ഫിഫ ലോകകപ്പിന്റെ ആവേശം ഉയരുകയാണ്. ആരാധകരുടെ ആരവത്തിന് ആക്കം കൂട്ടാന്‍ ഫിഫയും സജീവമായി തന്നെ മുന്നിലുണ്ട്. ഔദ്യോഗിക വെബ്സൈറ്റിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ചിത്രങ്ങളും വീഡിയോകളും ഫിഫ പങ്കുവെക്കാറുണ്ട്. അങ്ങനെ ഏറ്റവും ഒടുവിലായി പങ്കുവെച്ച ഫേസ്ബുക്ക് കവർ ചിത്രം വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
ഫേസ്ബുക്ക് കവർ ചിത്രത്തില്‍ ബ്രസീലിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മർ ഇല്ല. പോരെ പൂരം! പിന്നെ ട്രോളായി, പരിഭവമായി, ചർച്ചയായി. ഫിഫ പോലും ഞെട്ടിയിരിക്കുകയാണ്. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നുള്ള ആരാധകരും കമന്റുമായി എത്തിയിട്ടുണ്ട്. പക്ഷേ ഏറ്റവും കൂടുതല്‍ കമന്റുകളുള്ളത് ഒരുപക്ഷേ മലയാളികളുടേത് ആയിരിക്കും.
അര്‍ജന്റീനയുടെ മെസി, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ, പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി എന്നിവരെ ഉള്‍പ്പെടുത്തിയുള്ള ചിത്രമാണ് ഫിഫ ഫേസ്ബുക്കില്‍ കവര്‍ ചിത്രമായി അപ്ലോഡ് ചെയ്തിരിക്കുന്നത്. ബ്രസീല്‍ ആരാധകർ നെയ്മർ എവിടെയെന്ന് പരിഭവത്തിലും ദേഷ്യത്തിലും ചോദിക്കുമ്പോള്‍ ഇവിടെ കൂട്ടക്കരച്ചിലാണല്ലോ എന്ന പരിഹാസവുമായി മറ്റ് ടീമുകളുടെ ആരാധകരും രംഗത്തെത്തി.
നൈസായി ഒഴിവാക്കിയല്ലേ എന്ന ചിലരുടെ പരിഭവവും നെയ്മറിന്റെ ഫോട്ടോ കപ്പോട് കൂടിയുള്ളത് വെക്കാൻ ഉള്ളതാണ് അത് കാരണം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന ആത്മവിശ്വാസവും ഒപ്പം ഫിഫയെ പിരിച്ചുവിടണം എന്ന തരത്തിലുള്ള ട്രോളുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഫിഫയുടെ കവർ ചിത്രം.