എസ്ട്രാഡ 1.7 സെന്റീമീറ്റര്‍ മുന്നില്‍; 'പുത്തന്‍ വാര്‍' പൊളിയെന്ന് ആരാധകര്‍, അത് ഓഫ് സൈഡ് തന്നെ

എസ്ട്രാഡ 1.7 സെന്റീമീറ്റര്‍ മുന്നില്‍; 'പുത്തന്‍ വാര്‍' പൊളിയെന്ന് ആരാധകര്‍, അത് ഓഫ് സൈഡ് തന്നെ

ഇക്വഡോര്‍ നായകന്‍ എന്നര്‍ വലന്‍സിയയുടെ ഗോളാണ് 'സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജി' ഉപയോഗിച്ച് ഓഫ്‌സൈഡ് ആണെന്നു കണ്ടെത്തിയത്.
Updated on
2 min read

നാടകീയ സംഭവങ്ങളോടെയാണ് 2022 ഫുട്‌ബോള്‍ ലോകകപ്പിന് ഇന്നലെ ദോഹ അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ തുടക്കം കുറിച്ചത്. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ആതിഥേയരുടെ വലയ്ക്കുള്ളില്‍ പന്തെത്തിയതോടെ ഒരു ഹൈ സ്‌കോറിങ് മത്സരമാണ് ഏവരും പ്രതീക്ഷിച്ചത്.

എന്നാല്‍ ആദ്യ ഗോള്‍ തന്നെ പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓഫ്‌സൈഡ് ആണെന്ന് കണ്ടെത്തിയാണ് മത്സരം പുരോഗമിച്ചത്. ഖത്തര്‍ ലോകകപ്പില്‍ ഓഫ്‌സൈഡ് നിര്‍ണയിക്കാന്‍ അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിക്കമെന്നു ഫിഫ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അത് ഉദ്ഘാടന മത്സരത്തില്‍ മൂന്നാം മിനിറ്റില്‍ തന്നെ വേണ്ടി വരുമെന്നു സ്വപ്‌നേനി കരുതിക്കാണില്ല. മത്സരത്തില്‍ ഇക്വഡോര്‍ നായകന്‍ എന്നര്‍ വലന്‍സിയയുടെ ഗോളാണ് 'സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജി' ഉപയോഗിച്ച് ഓഫ്‌സൈഡ് ആണെന്നു കണ്ടെത്തിയത്.

എന്നാല്‍ തീരുമാനം ആദ്യം കാണികളെയും ആരാധകരെയും അമ്പരപ്പിച്ചു. എന്തു കാരണത്താലാണ് ഓഫ് സൈഡ് വിധിച്ചതെന്നായിരുന്നു ചേരിതിരിഞ്ഞുള്ള തര്‍ക്കം. വലന്‍സിയയ്ക്കു മുന്നില്‍ ഒരു ഖത്തര്‍ താരം നില്‍ക്കെ എങ്ങനെ ഓഫ്‌സൈഡ് നല്‍കുമെന്നായിരുന്നു ആരാധകരുടെ സംശയം.

ഇവിടെ പക്ഷേ നൂതന സാങ്കേതിക വിദ്യയെക്കാള്‍ റഫറി ആയുധമാക്കിയത് ഫുട്‌ബോള്‍ നിയമമാണ്. മത്സരത്തില്‍ ഏതെങ്കിലും ഒരവസരത്തില്‍ ഗോള്‍ കീപ്പര്‍ അഡ്വാന്‍സ് ചെയ്തു മുന്നോട്ടു കയറുന്ന സാഹചര്യത്തില്‍ എതിര്‍ പ്രതിരോധനിരയിലെ രണ്ടാമത്തെ അവസാനത്തെ താരത്തെ അടിസ്ഥാനമാക്കി വേണം ഓഫ് സൈഡ് നിര്‍ണയിക്കാന്‍ എന്നാണ് നിയമം.

ഇതു പ്രകാരം ഖത്തര്‍ പ്രതിരോധ നിരയിലെ രണ്ടാമത്തെ അവസാനത്തെ പ്രതിരോധ താരമായിരുന്ന അബ്‌ദെല്‍ കരീം ആയിരുന്നു ആ പൊസിഷനില്‍. ഗോളടിക്കാന്‍ തന്റെ നായകന് വലന്‍സിയയ്ക്ക് ഇക്വഡോര്‍ താരം മൈക്കല്‍ എസ്ട്രാഡ ഹെഡ് ചെയ്തു പന്തു നല്‍കുമ്പോള്‍ എസ്ട്രാഡ കരീമിനെക്കാള്‍ നേരിയ സെന്റീമീറ്ററിനു മുന്നിലായിരുന്നു.

മത്സരം നിയന്ത്രി ഇറ്റാലിയന്‍ റഫറി ഡാനിയേലെ ഓര്‍സാറ്റോയ്ക്ക് നിയമം പിഴച്ചില്ല. പക്ഷേ എസ്ട്രാഡ മുന്നിലോ പിന്നിലോ എന്ന സംശയം ഉയര്‍ന്നു. തുടര്‍ന്നാണ് വാര്‍ പരിശോധിച്ചതും തീരുമാനം എടുത്തതും. വാറില്‍ എസ്ട്രാഡയുടെ ഓരോ നീക്കവും കൃത്യമായി മനസിലാക്കി 1.7 സെന്റി മീറ്ററിന് താരം ഓഫ്‌സൈഡ് ആണെന്നു കണ്ടെത്തിയാണ് ഗോള്‍ റദ്ദാക്കിയത്. ഇത്ര ചെറിയ വ്യത്യാസം പോലും കണ്ടെത്തുന്ന പുതിയ സാങ്കേതിക വിദ്യ അതി ഗംഭീരമാണെന്നാണ് ആരാധകരും ഇപ്പോള്‍ പറയുന്നത്.

logo
The Fourth
www.thefourthnews.in