വീണ്ടും മെസി-സുവാരസ് സഖ്യം? 'ബാഴ്‌സലോണ 2.0' ആകാന്‍ ഇന്റര്‍ മയാമി
അര്‍ജന്റീന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും യുറുഗ്വായ് സൂപ്പര്‍ താരം ലൂയിസ് സുവാരസും വീണ്ടും ഒരുമിക്കുന്നു? മെസിക്കു പിന്നാലെ സുവാരസും അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗായ മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമിയിലെത്തുമെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയയുന്നത്. ഇതു സംബന്ധിച്ച് താരവുമായുള്ള ചര്‍ച്ചകള്‍ ക്ലബ് പൂര്‍ത്തിയാക്കുമെന്നും സുവാരസ് അര്‍ധസമ്മതം മൂളിയതായും റിപ്പോര്‍ട്ടുകളുണ്ട്.
സ്പാനിഷ് ക്ലബ് ബാഴ്‌സലോണയില്‍ മെസി-സുവാരസ് സഖ്യം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. സുവാരസിനും നെയ്മറിനുമൊപ്പം 2014-2015 സീസണില്‍ മെസി കാഴ്ചവച്ച പ്രകടനം ആരാധകര്‍ക്ക് ഇന്നും മറക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്ത സുഹൃത്തായ സുവാരസിനെ ടീമില്‍ എത്തിക്കാന്‍ ഇന്റര്‍മയാമി മാനേജ്‌മെന്റിന് മെസിയുടെ പിന്തുണയുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നേരത്തെ മെസിയുമായി കരാര്‍ ഒപ്പിട്ടതിനു പിന്നാലെ ബാഴ്‌സലോണ താരങ്ങളായ ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌കറ്റ്‌സ് എന്നിവരെയും ഇന്റര്‍ മയാമി സമീപിച്ചിരുന്നു. ഇതില്‍ ആല്‍ബയുമായുള്ള കരാര്‍ ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. ബുസ്‌കറ്റ്‌സും ഏറെ വൈകാതെ ടീമിലെത്തുമെന്നാണ് സൂചന. ഇതോടെ 'ബാഴ്‌സലോണ 2.0' ആകാന്‍ ഒരുങ്ങുകയാണ് ഇന്റര്‍ മയാമി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.