അർജന്റീനയുടെ ടൂല, ബ്രസീലിന്റെ ക്ലോവിസ്; പന്തിനൊപ്പം ഉരുണ്ട 'പന്ത്രണ്ടാമന്മാര്‍'
കാർലോസ് ടൂല, ക്ലോവിസ് അകോസ്റ്റ... ഫുട്ബോൾ ലോകത്തിന് അപരിചിതമല്ല ഈ പേരുകള്‍. കാല്‍പ്പന്തിനെ ഹൃദയത്തോട് ചേര്‍ത്ത, സ്വന്തം ടീമിനു വേണ്ടി ഭൂഗോളം ചുറ്റിസഞ്ചരിച്ച് ആര്‍ത്ത്‌വിളിച്ച, അവസാനശ്വാസം വരെ ഫുട്‌ബോളിനായി ജീവിതം ഉഴിഞ്ഞുവച്ച രണ്ടുപേര്‍...കളത്തിലായിരുന്നില്ല ഇവരുടെ പ്രകടനങ്ങള്‍, മറിച്ച് പതിനായിരങ്ങള്‍ തിങ്ങിനിറയുന്ന ഗ്യാലറിയിലായിരുന്നു. തങ്ങളുടെ ടീം കളത്തില്‍ കൈമെയ് മറന്നു പൊരുതുമ്പോള്‍ അവര്‍ ഗ്യാലറിയില്‍ പ്രോത്സാഹനത്തിന്റെ അവസാനവാക്കായി, തോല്‍വിയിലും ജയത്തിലും ഒപ്പം നിന്നു. ടീമിനുള്ള അചഞ്ചലമായ പിന്തുണ, കാല്പന്തുകളിയോടും കളിക്കാരോടുമുള്ള തീക്ഷ്ണമായ അർപ്പണബോധം എന്നിവയ്ക്ക് പേരുകേട്ടവരാണ് ടൂലയും ക്ലോവിസും. ലോകഫുട്ബോളിലെ ശക്തികേന്ദ്രങ്ങളായ അർജന്റീനയുടെയും ബ്രസീലിന്റെയും ഏറ്റവും വലിയ ആരാധകരായി എപ്പോഴും ഓർമ്മിക്കപ്പെടും എന്നതാണ് ഈ രണ്ട് പേരും നേടിയെടുത്ത ഏറ്റവും വലിയ സൗഭാഗ്യം.
1986-ന് ശേഷം ഒരു ലോകകിരീടത്തിനായി അര്‍ജന്റീന കാത്തിരുന്നത് മൂന്നര പതിറ്റാണ്ടായിരുന്നു. അതിനിടയിലെ ഓരോ തോല്‍വിയിലും അല്‍ബിസെലസ്റ്റുകളെ തളരാതെ മുന്നോട്ട് നയിച്ചത് 'വാമോസ് അർജന്റീന' എന്ന വികാരമായിരുന്നു. ആ വികാരത്തിന്റെ താളവും ജീവനുമായിരുന്നു അർജന്റീനിയൻ ആരാധകർക്ക് ടൂലയും അയാളുടെ വിഖ്യാതമായ പെരുമ്പറയും. 36 വർഷത്തിന് ശേഷം ലയണല്‍ മെസിയും സംഘവും ഖത്തറിലെ ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ നീണ്ടകാല കാത്തിരുപ്പ് അവസാനിപ്പിച്ച ആ നിമിഷം ടൂലയും ഇനിയൊന്നും നേടാൻ ബാക്കിയില്ലാത്ത ആരാധകനായി മാറുകയായിരുന്നു.
എന്നാൽ മറുവശത്ത് ക്ലോവിസിന് ആ സൗഭാഗ്യമുണ്ടായില്ല. 2014-ല്‍ സ്വന്തം മണ്ണില്‍ ബ്രസീലിയന്‍ ദുരന്തം കണ്ട് നെഞ്ചുപൊട്ടിക്കരയുന്ന ചിത്രമാണ് ക്ലോവിസിന്റേതായി അവസാനം പുറത്തുവന്നത്. കൊളംബിയന്‍ താരം ആന്ദ്രെ എസ്‌കോബാര്‍ കഴിഞ്ഞാല്‍ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും ശ്രദ്ധനേടിയ നൊമ്പരചിത്രമായി അത് പിന്നീട് അറിയപ്പെട്ടു.
അർജന്റീനയുടെ പന്ത്രണ്ടാമൻ; കാർലോസ് പാസ്കോൽ ടൂല
അർജന്റീനയുടെ ലോകകപ്പ് മത്സരങ്ങളിൽ ഗ്യാലറി അക്ഷരാര്‍ത്ഥത്തില്‍ നീലക്കടലായി മാറും, അത് ലോകത്ത് എവിടെയായാലും അങ്ങനെ തന്നെ. ആരാധക മുഖങ്ങള്‍ മാറിമാറി വരുമെങ്കിലും ആ നീലക്കടലിനു നടുവില്‍ മാറ്റമില്ലാതെ മുഴങ്ങിക്കേട്ട ശബ്ദമായിരുന്നു ടൂലയുടെ പെരുമ്പറയുടേത്. ജര്‍മനിയില്‍ നടന്ന 1974 ലോകകപ്പ് മുതല്‍ 2022 ഖത്തര്‍ ലോകകപ്പ് വരെ അതങ്ങനെ തന്നെയായിരുന്നു. അഞ്ച് ഭൂഖണ്ഡങ്ങളിലായി 13 ലോകകപ്പുകളിലാണ് ടൂലയുടെ പെരുമ്പറ ശബ്ദമുയര്‍ന്നത്, ഇതിനിടെ മൂന്ന് കിരീട ജയങ്ങളും കണ്ടു, അര്‍ജന്റീന്‍ ഇതിഹാസങ്ങളായ ഡാനിയേല്‍ ഡീഗോ മറഡോണയും ലയണല്‍ മെസിയും കനകകിരീടം ഏറ്റുവാങ്ങുന്നതിനും സാക്ഷിയായി.
1974 ലോകകപ്പിന് തൊട്ടുമുമ്പ് അന്നത്തെ അര്‍ജന്റീന പ്രസിഡന്റ് യുവാന്‍ പെറോണ്‍ സമ്മാനിച്ചതാണ് ടൂലയ്ക്ക് ആ ഡ്രം. 1974-ലാണ് പെറോണ്‍ അന്തരിക്കുന്നതും. അതിനു ശേഷം ടൂല ആ ഡ്രം മരിക്കുന്നത് വരെ താഴെ വച്ചിട്ടില്ല. ഓരോ ലോകകപ്പിലെയും അർജന്റീനിയൻ താരങ്ങളുടെയും ആരാധകരുടെയും വിജയക്കുതിപ്പിന്റെ താളമായിരുന്നു ടൂലയുടെ പെരുമ്പറയ്ക്ക്. മറഡോണ മുതൽ മെസി വരെ നീളുന്ന അർജന്റീനയുടെ ഫുട്ബോൾ ചരിത്രത്തിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് ടൂല എന്ന ‘അർജന്റീന സൂപ്പർഫാൻ’.
2022ലെ ലോകകപ്പിലെ മികച്ച ആരാധകക്കൂട്ടത്തിനുള്ള ഫിഫ പുരസ്കാരം അര്‍ജന്റീന്‍ ആരാധകക്കൂട്ടത്തിനു വേണ്ടി ഏറ്റുവാങ്ങിയത് ടൂലയായിരുന്നു. ''എല്ലായിടത്തും എനിക്ക് എത്തിച്ചേരാനായി. പാവപ്പെട്ട ഒരാളായ ഞാൻ പക്ഷേ ഈ ലോകം മുഴുവന്‍ സഞ്ചരിച്ചു. അര്‍ജന്റീനയെ പ്രതിനിധീകരിച്ച് എത്തുന്ന ലക്ഷക്കണക്കിന് ആരാധകരില്‍ ഒരാള്‍ മാത്രമാണ് ഞാൻ,'' ഫിഫ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ടൂല പറഞ്ഞു.
അർജന്റീനയുടെ പരിശീലകൻ ലയണൽ സ്കലോണിയാണ് ടീമിന്റെ 'പന്ത്രണ്ടാമൻ' എന്ന വിശേഷണം ടൂലയ്ക്ക് ചാർത്തി നൽകിയത്. അങ്ങനെയിരിക്കെയാണ്, അർജന്റീന ഫുട്ബോൾ ആരാധകരെ തേടി കഴിഞ്ഞ ദിവസം ആ സങ്കട വാർത്തയെത്തുന്നത്, 'അർജന്റീനയുടെ പന്ത്രണ്ടാമൻ' വിടവാങ്ങി. അർബുദമായിരുന്നു ടൂലേയുടെ ജീവൻ കവർന്നത്. അർജന്റീനയിലെ വിഖ്യാതമായ റൊസാരിയോ നഗരത്തിലാണ് ടൂല ജനിച്ചത്. മരിക്കുമ്പോൾ 83 വയസായിരുന്നു.
ലോകത്തെ ഏറ്റവും ദുഃഖിതനായ മനുഷ്യൻ; ക്ലോവിസ് ആകോസ്റ്റ ഫെർണാണ്ടസ്
2014, ബ്രസീലിലെ ഓരോ കുഞ്ഞുകുട്ടിയും ആവേശത്തോടെ കാത്തിരുന്ന വര്‍ഷം. 1950-ന് ശേഷം തങ്ങള്‍ ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യം വഹിക്കാനൊരുങ്ങുന്നു. 50-ല്‍ മാരക്കാനയിലേറ്റ മറക്കാനാകാത്ത ആഘാതത്തിന്റെ മുറിവുകള്‍ മായ്ക്കാന്‍ ബ്രസീല്‍ ടീമും ഒരുങ്ങി. 2014 ജൂലൈ ഒമ്പതിന് ബൊലെ ഹൊറിസോണ്ടെയില്‍ ബ്രസീല്‍-ജര്‍മനി മത്സരത്തിനു ഏറെമുമ്പേ രാജ്യം ഒന്നടങ്കം മഞ്ഞപുതച്ചിരുന്നു. ഗ്യാലറിയില്‍ വിജയാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തയാറെടുക്കുകയായിരുന്നു ക്ലോവിസ് അകോസ്റ്റ. എന്നാല്‍ അപ്രതീക്ഷിതമായതാണ് അന്നു നടന്നത്. സ്വന്തം കാണികളുടെ മുന്നില്‍വച്ച് ജര്‍മന്‍ ടീം ബ്രസീലിനെ കൂട്ടക്കശാപ്പ് നടത്തിക്കളഞ്ഞു. മത്സരത്തിന്റെ ആദ്യ 30 മിനിറ്റിനുള്ളില്‍ തന്നെ അഞ്ചു ഗോളുകള്‍ വഴങ്ങിയതു കണ്ട് സ്തബ്ദരായി നിന്ന കാണികള്‍ക്കു നടുവില്‍ ലോകകപ്പ് കിരീടത്തിന്റെ മാതൃക കെട്ടിപ്പിടിച്ചു കരയുന്ന അകോസ്റ്റയുടെ ദൃശ്യങ്ങള്‍ ടിവി ക്യാമറകള്‍ ഒപ്പിയെടുത്തു. ലോകകപ്പിന്റെ നൊമ്പരചിത്രമായി അത് വാർത്തകളിൽ ഇടം നേടി. ലോകത്തെ ഏറ്റവും ദുഃഖിതനായ മനുഷ്യൻ എന്ന് ലോകം വിശേഷിപ്പിച്ചു.
പക്ഷേ ടൂലയ്ക്ക് ലഭിച്ച സൗഭാഗ്യം ക്ലോവിസിന് ലഭിച്ചില്ല. നീണ്ട കാത്തിരിപ്പിനൊടുവിലും ബ്രസീലിന്റെ ‘ദ വിന്നിങ് മോമെന്റ്റ്’ കാണാൻ ക്ലോവിസുണ്ടായില്ല. 2015 ലായിരുന്നു ക്ലോവിസിന്റെ മരണം. അർബുദബാധയെ തുടർന്നായിരുന്നു ക്ലോവിസിന്റെ മരണം 60 രാജ്യങ്ങളിലായി ബ്രസീലിന്റെ 150 മത്സരങ്ങൾക്കും ഏഴ് ലോകകപ്പുകൾക്കും ക്ലോവിസിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു.
ആരാണ് സൂപ്പർഫാൻസ്?
ഒരു സ്പോർട്സ് ടീമിനെയോ താരത്തിനെയോ ഏറ്റവും തീവ്രമായി സ്‌നേഹിക്കുകയും അവരുടെ മത്സരങ്ങള്‍ ലോകത്തെവിടെ നടന്നാലും പിന്തുടരുകയും ഗ്യാലറിയില്‍ എത്തുകയും ചെയ്യുന്ന ആരാധകരെയാണ് സൂപ്പര്‍ഫാന്‍ എന്നു വിശേഷിപ്പിക്കുന്നത്. അവര്‍ക്ക് മറ്റെന്തിനേക്കാളും പ്രിയപ്പെട്ടത് അവർ ആരാധിക്കുന്ന കായികയിനവും താരങ്ങളുമാണ്. അവരുടെ ജീവിതകാലം മുഴുവൻ പ്രിയപ്പെട്ട ടീമുകൾക്കോ കളിക്കാർക്കോ വേണ്ടി മാറ്റിവയ്ക്കുന്നു.ഇഷ്ടടീമിന്റെ നിറമോ, പതാകയുടെ നിറമോ, ഇഷ്ടതാരത്തിന്റെ പേരോ ടാറ്റുവോ ഒക്കെ ശരീരത്തില്‍ പച്ചകുത്താനും ദേഹം മുഴുവന്‍ നിറംവാരിപ്പൂശി നടക്കാനും അവര്‍ക്ക് മടിയില്ല.
ഇഷ്ട ടീമിന്റെ മത്സരങ്ങൾ ലോകത്തെവിടെ നടന്നാലും പിന്തുണയുമായി എത്തുന്നവരാണ് സൂപ്പർഫാൻസ്.
ശരീരത്തില്‍ ദേശീയ പതാകയുടെ നിറം പെയിന്റടിച്ച് ഇന്ത്യൻ പതാകയുമേന്തി സ്റ്റേഡിയങ്ങളില്‍ ആര്‍പ്പുവിളിക്കുന്ന സുധീര്‍ കുമാര്‍ ഗൗതത്തിനെ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികള്‍ക്ക് സുപരിചിതമാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ കടുത്ത ആരാധകനാണ് സുധീർ. സമാനമായി വിരാട് കോഹ്ലിയുടെ ആരാധകൻ സ്പോർട്സ് സുകുമാർ, ധോണിയുടെ ആരാധകൻ ശരവണൻ ഹരി തുടങ്ങിയവരാണ് ഇന്ത്യൻ കായിക ലോകത്തെ സുപരിചിത സൂപ്പർഫാൻ മുഖങ്ങൾ.