മെയ്ഡ് ഇന്‍ ആഫ്രിക്ക ഫോര്‍ സ്‌പെയിന്‍; ആന്‍ഡ് ഇറ്റ്‌സ് എ ഗെയ്ന്‍
കഴിഞ്ഞ ബുധനാഴ്ച, കൃത്യമായി പറഞ്ഞാല്‍ 2024 ജൂലൈ 10... അന്നാണ് സ്പാനിഷ് ഫുട്‌ബോള്‍ ലോകത്തെ വമ്പന്മാരായ റയല്‍ മാഡ്രിഡ് സ്വപ്‌ന വിലയിട്ട് കാത്തിരിക്കുന്ന കിലിയന്‍ എംബാപ്പെയും ഫ്രാന്‍സും ഒന്നടങ്കം കരഞ്ഞുപോയത്. അവരെ കരയിച്ചത് മറ്റാരുമല്ല, എംബാപ്പെയെ പോലെ സ്വദേശത്തുനിന്ന് കുടിയേറിവന്ന കുടുംബത്തില്‍പ്പെട്ട രണ്ട് 'അനുജ'ന്മാരാണ്. പക്ഷേ ഒരൊറ്റ വ്യത്യാസം മാത്രം അവര്‍ അണിഞ്ഞത് കാളപ്പോരിന്റെ വീറും വീര്യവും പേറുന്ന സ്‌പെയിന്റെ ചുവന്ന കുപ്പായമായിരുന്നു...
ലാമിന്‍ യമാല്‍, നിക്കോ വില്യംസ്... ഇന്നു നേരം പുലരുമ്പോള്‍ ഈ പേരുകള്‍ ലോകമെമ്പാടും വാഴ്ത്തിപ്പാടലുകളിലെ ഈരടികളാകുമെന്ന് തീര്‍ച്ചയാണ്, കാരണം യൂറോപ്യന്‍ വന്‍കരയുടെ ഫുട്‌ബോള്‍ ചക്രവര്‍ത്തിയായി സ്‌പെയിനെ വാഴിച്ചത് അവരുടെ ബൂട്ടുകളാണ്.
ഇന്ന് പരപരാവെളുപ്പിന് അവസാനിച്ച പട്ടാഭിഷേക ചടങ്ങിനൊടുവില്‍ പതിനഞ്ച് കിലോഗ്രാം വരുന്ന ആ കനക കിരീടം സ്പാനിഷ് നായകന്‍ ആല്‍വാരോ മൊറാട്ടോ ഏറ്റുവാങ്ങുമ്പോള്‍ അരികെ ഹൃദയം നിറഞ്ഞ ചിരികളോടെയും ഞരമ്പ് മുറുകുന്ന ആവേശത്തോടെയും അവരിരുവരും ഒപ്പമുണ്ടായിരുന്നു.
രണ്ട് കുടിയേറ്റക്കാര്‍...
കുടിയേറ്റ താരങ്ങളുമായി ലോകം വെട്ടിപ്പിടിച്ച അനേകം കഥകള്‍ ഫുട്‌ബോള്‍ ലോകത്ത് പറയാനുണ്ടാകും... ഫ്രാന്‍സ് അതിന് ഏറ്റവും നല്ലൊരു ഉദാഹരണമാണു താനും... പിന്നെ എന്തിന് ഈ രണ്ടു പേരുകള്‍ മാത്രം ഉയര്‍ത്തിക്കാട്ടുന്നുവെന്നു ചോദിച്ചാല്‍ ഉത്തരം പ്രായം മാത്രം.
യൗവനം തുടങ്ങിയിട്ടില്ല ഇരുവരും... യമാല്‍ പതിനേഴാം പിറന്നാള്‍ ആഘോഷിച്ചത് മിനിഞ്ഞാന്ന്. വില്യംസിനാകട്ടെ ഇരുപത്തിരണ്ട് തികഞ്ഞത് അതിനും രണ്ടു ദിവസം മുമ്പ് മാത്രം. പതിനാറാം വയസില്‍ ലോകം കീഴടക്കിയ പെലെയെ കണ്ടിട്ടുണ്ട് ഫുട്‌ബോള്‍ ആരാധകര്‍. പക്ഷേ അതൊക്കെ നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അദ്ഭുതമാണെന്ന് കരുതിയവരെ തിരുത്തുകയാണ് ഇരുവരും.
ഇക്വറ്റോറിയല്‍ ഗിനിയ എന്ന അധികമാരും കേട്ടിട്ടില്ലാത്ത രാജ്യക്കാരിയായ അമ്മയ്ക്കും കൊടിയ ഇല്ലായ്മയ്ക്കിടയിലും ഫുട്‌ബോളിനെ ഹൃദയത്തോടു ചേര്‍ക്കുന്ന മൊറോക്കന്‍ സ്വദേശിയായ അച്ഛനും പിറന്ന മകനാണ് യമാല്‍. വില്യംസാകട്ടെ 1994-ല്‍ അഭയാര്‍ഥികളായി സ്‌പെയിനിലേക്ക് കുടിയേറപ്പെട്ട ഘാന സ്വദേശികളായ ദമ്പതികളുടെ ഇളയ മകനും.
കടന്നുവന്ന വഴികളിലെല്ലാം കടുത്ത ടാക്ലിങ്ങുകള്‍ നേരിട്ടായിരുന്നു ഇരുവരുടെയും മുന്നേറ്റം. പക്ഷേ ഒരിക്കല്‍ പോലും വീഴ്ത്താനായിട്ടില്ല അവരിരുവരെയും വിധിക്കും വിരോധികള്‍ക്കും. ഒരേ കനല്‍പ്പാതകള്‍ താണ്ടിയതുകൊണ്ടാകും ഇരുവര്‍ക്കും ഒരു മനസും ഇരുമെയ്യുമാണ്. അവരുടെ ഒത്തിണക്കമാണ് ഇന്ന് സ്‌പെയിനെ ഒരു പതിറ്റാണ്ടിനിപ്പുറം യൂറോപ്പിന്റെ ചക്രവര്‍ത്തിക്കസേരയില്‍ ഇരുത്തിയത്.
ഈ യൂറോ കപ്പിനിടെ ലോകം ഒന്നടങ്കം ഏറ്റെടുത്ത ഒരു വീഡിയോ പറയും ഇരുവരും തമ്മിലുള്ള അടുപ്പത്തിന്റെ ആഴം. കളംനിറഞ്ഞു കളിച്ചുവന്ന ശേഷം സൈഡ് ലൈനില്‍ ഒരേകുപ്പിയില്‍ നിന്നു കുടിവെള്ളം ആരാദ്യം കുടിക്കുമെന്ന് കൈവിരലുകളാല്‍ ടോസ്/ഓഡ് ഓര്‍ ഈവന്‍ കളിക്കുന്ന യമാലിനെയും വില്യംസിനെയും അടുത്തകാലത്തൊന്നും കളിപ്രേമികള്‍ മറക്കില്ല.
1964-ല്‍ ആദ്യമായി യൂറോ കപ്പ് ചൂടിയ ശേഷം നീണ്ട 44 വര്‍ഷത്തെ കാത്തിരുപ്പിനൊടുവിലാണ് കാളപ്പോരിന്റെ നാട്ടിലേക്ക് കാല്‍പ്പന്ത് ലോകത്തെ ഒരു വലിയ കിരീടം എത്തുന്നത്. 2008-ലായിരുന്നു അത്. നേടിയതോ ലോകത്തെ എല്ലാ ഫുട്‌ബോള്‍ രാജ്യങ്ങളും കൊതിക്കുന്ന ഫിഫ ലോകകപ്പും. ആ ജയം നല്‍കിയ പ്രചോദനമാണ് നിക്കോയെയും യമാലിനെയും ആ തുകല്‍പ്പന്തിന് പിന്നാലെ ഓടാന്‍ പ്രേരിപ്പിച്ചത്.
അന്ന് യഥാക്രമം ആറും ഒന്നും വയസായിരുന്നു ഇരുവരുടെയും പ്രായം. യമാലിനെ അപേക്ഷിച്ച് നിക്കോയ്ക്ക് അല്‍പം കൂടി ആ യാത്ര എളുപ്പമായിരുന്നു. കാരണം നോക്കിപ്പഠിക്കാന്‍ കുടുംബത്തില്‍ നിന്നു തന്നെ ഒരാള്‍ നിക്കോയ്ക്ക് ഉണ്ടായിരുന്നു, ജ്യേഷ്ഠന്‍ ഇനാകി വില്യംസ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെയും ലോക ഫുട്‌ബോളില്‍ ഘാനയുടെയും താരം.
സ്പാനിഷ് ലാ ലിഗ ക്ലബ് ഒസാസുനയിലൂടെയായിരുന്നു ഇരുവരുടെയും തുടക്കം. ഇനാകി പിന്നീട് അത്‌ലറ്റിക്കോ ബില്‍ബാവോയില്‍. അതേപോലെ തന്നെ നിക്കോയും. ഈ യാത്രയില്‍ ഇടയില്‍ എപ്പോഴോ ഇനാകി വഴിപിരിഞ്ഞു ഇംഗ്ലണ്ടിലേക്കും അതുവഴി ഘാനയിലേക്കും പറന്നപ്പോഴും നിക്കോ സ്‌പെയിനില്‍ തുടര്‍ന്നു. ബില്‍ബാവോയുടെ പൊന്നും വിലയുള്ള താരമായി. അങ്ങനെ സ്പാനിഷ് ടീമിലേക്കും വിളിയെത്തി.
പക്ഷേ നിക്കോയ്ക്ക് വെല്ലുവിളികള്‍ ഏറെയാലിരുന്നു. വംശീയ വിദ്വേഷത്തിനു പേരുകേട്ട സ്പാനിഷ് മണ്ണില്‍ നിരവധിത്തവണ ആ കൗമാരക്കാരന്‍ അപമാനിക്കപ്പെട്ടു. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ നവംബറില്‍പ്പോലും തന്റെ കറുത്ത നിറത്തിന്റെ പേരില്‍ കാണികള്‍ എറിഞ്ഞ വെറുപ്പുകള്‍ക്കു നടുവില്‍ നിസഹാനായി നില്‍ക്കേണ്ടി വന്നിരുന്നു അവന്.
അവിടെ നിന്നാണ് ഇന്ന് നിക്കോ സ്‌പെയിന്റെ ദേശീയ ഹീറോ ആയി നില്‍ക്കുന്നത്. ഈ യൂറോയില്‍ സ്പാനിഷ് ടീമിന്റെ കുതിപ്പിന് ഇന്ധനമായത് ഇടത് വിങ്ങില്‍ നിക്കോ ഒഴുക്കിയ വിയര്‍പ്പാണ്. സ്‌കോര്‍ ലൈനിലോ, അസിസ്റ്റ് പട്ടികയിലോ നിക്കോയുടെ പേര് കാണില്ലായിരിക്കും. പക്ഷേ സ്‌പെയിന്റെ ഗോളുകളുടെ പിറവി അന്വേഷിച്ചുപോയാല്‍ അത് എത്തിച്ചേരുന്നത് ആ പതിനേഴാം നമ്പര്‍ ജഴ്‌സിക്കാരനിലാണ്. നാല് 'ബിഗ് ചാന്‍സുകള്‍' ആണ് ഏഴു മത്സരങ്ങളില്‍ നിന്ന് നിക്കോ തുറന്നു നല്‍കിയത്.
ലാമിന്‍ യമാല്‍... ഈ പേര് ഇനി ലോകം മറക്കില്ലെന്ന് ഉറപ്പാണ്. ഇന്ന് ഫുട്‌ബോളിന്റെ മിശിഹയായ സാക്ഷാല്‍ ലയണല്‍ മെസി വളര്‍ന്ന ലാ മസിയയില്‍ നിന്നു വന്നവന്‍ ഒട്ടും മോശമാകില്ലല്ലോ. 2012-ന് ശേഷം ഒരു മേജര്‍ കിരീടത്തിനായി കാത്തിരുന്ന സ്‌പെയിന്റെ വെളിച്ചമായി മാറിയവനാണ് യമാല്‍.
ഗോളടിക്കാനും അടിപ്പിക്കാനും മിടുക്കന്‍. സ്റ്റാറ്റ് പരിശോധിക്കുമ്പോള്‍ അറിയാം ഈ യൂറോയുടെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ എന്തിന് പതിനേഴ് മാത്രം തികഞ്ഞ ഈ പയ്യന്റെ കൈകളില്‍ കൊടുത്തുവെന്ന്.അടിച്ച ഗോളുകളുടെ എണ്ണം ഒന്നു മാത്രമാണ്, പക്ഷേ ത്രൂ പാസുകളിലൂടെ അടിപ്പിച്ചത് നാലെണ്ണം. തുറന്നു നല്‍കിയ 'ബിഗ് ചാന്‍സുകള്‍, എട്ടും...
പോരുകള്‍ ഒരുപാട് കണ്ട നാടാണ് സ്‌പെയിന്‍, അങ്ങനെ വീണ ചോരയിലൂടെ ചുവന്നതാണ് അവരുടെ കൊടിയും കുപ്പായവും. പക്ഷേ ഇനിയൊരു പോരിന് സ്‌പെയിന്റെ നേര്‍ക്ക്, ചുരുങ്ങിയ പക്ഷം ഫുട്‌ബോളിലെങ്കിലും ആരെങ്കിലും കോര്‍ക്കാന്‍ വന്നാല്‍ അവര്‍ ഓര്‍മിക്കണം ഈ സ്‌പെയിന്‍കാരല്ലാത്ത സ്‌പെയിന്‍കാരെ... നിവര്‍ന്നുപോകില്ല, പോകാന്‍ അനുവദിക്കില്ല ഇവര്‍... അതേ, ചാവിയും ഇനിയസ്റ്റയും പ്യൂയോളും പടിയിറങ്ങിപ്പോയപ്പോള്‍ തളര്‍ന്ന സ്‌പെയിനല്ല ഇന്നവര്‍... പെയ്ന്‍ മറന്ന് ഗെയ്ന്‍ മാത്രം ലക്ഷ്യമിടുന്ന യുവാക്കളുടെ സംഘമാണവര്‍...