മനമറിയുന്നവന്‍ കോണ്‍സ്റ്റന്‍ന്റൈന്‍; കരുതല്‍ വേണം ബ്ലാസ്‌റ്റേഴ്‌സിന്
ഞങ്ങള്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് 'ഗുഡ് ലക്ക്' നേരില്ല. ഐ എസ് എല്‍ 2022-23 സീസണ്‍ കിക്കോഫിന് മുമ്പ് ഈസ്റ്റ് ബംഗാള്‍ പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്‌റ്റൈന്‍ന്റെ ഉറച്ച വാക്കുകളാണിത്. പറയുന്നത് കോണ്‍സ്‌റ്റൈന്‍ ആകുമ്പോള്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് നന്നായി കരുതല്‍ കാട്ടണം. കാരണം ഇന്ത്യന്‍ ഫുട്‌ബോളിനെ ഉള്ളംകൈയിലെ രേഖകള്‍ പോലെ അടുത്തറിയാവുന്നയാളാണ് ഈ ഇംഗ്ലീഷുകാരന്‍.
രണ്ടു ഘട്ടമായി ഏഴു വര്‍ഷം ഇന്ത്യന്‍ ദേശീയ ടീമിന് കളി പഠിപ്പിച്ചു കൊടുത്ത കോണ്‍സ്റ്റന്‍ അറിയാത്തതൊന്നുമല്ല ഇന്ത്യന്‍ ഫുട്‌ബോള്‍ ഗലികള്‍. അതുകൊണ്ടു തന്നെ മത്സരത്തിനു മുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ച് തള്ളിക്കളയാനാകില്ല.
ഗുഡ് ലക്ക് പറയില്ലെന്നു കോണ്‍സ്റ്റന്‍ന്റൈന്‍ പറയുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരേ കൊച്ചിയില്‍ അദ്ദേഹം എന്തോ കരുതിവച്ചിട്ടുണ്ടെന്നു തീര്‍ച്ചയാണ്. കഴിഞ്ഞ സീസണില്‍ അടിമുടി തകര്‍ന്ന ടീമിനെ കരകയറ്റാന്‍ കോണ്‍സ്റ്റന്‍ന്റൈനെ ഈസ്സ് ബംഗാള്‍ വിളിച്ചുവരുത്തിയതും വെറുതേയല്ല.
രണ്ടു ബ്രസീലിയന്‍ സ്‌ട്രൈക്കര്‍മാരിലൂന്നിയാകും ഇംഗ്ലീഷ് കോച്ച് ടീമിനെ ഒരുക്കിയിറക്കുക. അതിനാല്‍ത്തന്നെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം പൊളിക്കാനുള്ള തന്ത്രങ്ങളാകും താരങ്ങള്‍ക്ക് ഓതിക്കൊടുത്തിട്ടുണ്ടാകുക. ഇന്ന് ആദ്യ ഇലവനില്‍ ബ്രസീല്‍ താരം ക്ലീറ്റണ്‍ സില്‍വയെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം മലയാളി താരം വി പി സുഹൈറുമുണ്ട്.
മറ്റൊരു ബ്രസീല്‍ താരം എലിയാന്‍ഡ്രോ പകരക്കാരുടെ പട്ടികയിലാണ്. അവസാന മിനിറ്റുകളില്‍ ബ്രസീലിയന്‍ കരുത്തുള്ള എലിയാന്‍ഡ്രോയെയും അഴിച്ചുവിടും. ബ്ലാസ്‌റ്റേഴ്‌സിന്റെ ഇന്ത്യന്‍ താരങ്ങളെയാകും ഈസ്റ്റ് ബംഗാള്‍ വരുതിയിലാക്കാനും ശ്രമിക്കുക. ഈ തന്ത്രം ചിരവൈരികളായ എടികെ മോഹന്‍ബഗാനെതിരേ ഡ്യൂറന്‍ഡ് കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ വിജയകരമായി നടപ്പിലാക്കാനും കോണ്‍സ്റ്റന്‍ന്റൈന് കഴിഞ്ഞിരുന്നു.