'സാല്‍ഗോക്കര്‍, എന്നെ ഞാനാക്കിയ ക്ലബ്'; 
വേദനയോടെ ബ്രഹ്‌മാനന്ദ്

'സാല്‍ഗോക്കര്‍, എന്നെ ഞാനാക്കിയ ക്ലബ്'; വേദനയോടെ ബ്രഹ്‌മാനന്ദ്

17 വര്‍ഷം സ്വന്തം ജീവിതത്തിന്റെ ഭാഗമായിരുന്ന സാല്‍ഗോക്കറിന്റെ സീനിയര്‍ ടീം ഓര്‍മയാകുന്നുവെന്ന വാര്‍ത്ത ഇനിയും വിശ്വസിക്കാനായിട്ടില്ല ബ്രഹ്‌മാനന്ദിന്
Updated on
3 min read

വഴിക്കുവഴിയായി രണ്ട് പ്രഹരങ്ങള്‍. രണ്ടാമത്തേതായിരുന്നു കൂടുതല്‍ ഹൃദയഭേദകം. മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ബ്രഹ്‌മാനന്ദിന്റെ കണ്ണുനനയ്ക്കുന്ന ഓര്‍മ.

1992ലെ സന്തോഷ് ട്രോഫി ഫൈനല്‍. നിറഞ്ഞ ഗാലറികളുടെ പിന്തുണയോടെ പൊരുതിക്കളിച്ച കേരളത്തോട് മൂന്ന് ഗോളിന് തോല്‍ക്കാനായിരുന്നു ബ്രഹ്‌മാനന്ദിന്റെ ഗോവന്‍ ടീമിന് യോഗം. നിരാശനായി പിറ്റേന്ന് ഗോവയിലെ വീട്ടില്‍ കയറിച്ചെന്ന ബ്രഹ്‌മയെ കാത്തിരുന്നത് ശ്മശാനമൂകത. ആരും ചിരിക്കുന്നില്ല; സംസാരിക്കുന്നു പോലുമില്ല. ഇടയ്ക്കാരോ വന്നു കാതില്‍ പറഞ്ഞു: ''ഗുരുദാസ് പോയി; ഇന്നലെ രാത്രി. ബ്രഹ്‌മ ഗ്രൗണ്ടിലായിരുന്നതുകൊണ്ടാണ് വിളിച്ചറിയിക്കാതിരുന്നത്...''

ചില്ലറ പ്രതിസന്ധികള്‍ ഒക്കെയുണ്ടെന്ന് കേട്ടിരുന്നെങ്കിലും ഇത്രവേഗം സീനിയര്‍ ടീമിനെ അവര്‍ പൂട്ടിക്കെട്ടുമെന്ന് സങ്കല്‍പ്പിച്ചിട്ടുപോലുമില്ല. സ്വന്തം ജീവിതത്തില്‍നിന്ന് ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ ഇറങ്ങിപ്പോയപോലെ

ഞെട്ടിത്തരിച്ചുപോയി താനെന്ന് ബ്രഹ്‌മാനന്ദ്. രണ്ടാഴ്ച മുന്‍പ് സന്തോഷ് ട്രോഫി കളിയ്ക്കാന്‍ കോയമ്പത്തൂരിലേക്ക് പുറപ്പെടുമ്പോള്‍ റെയില്‍വേ സ്റ്റേഷന്‍ വരെ വന്ന് തന്നെ സന്തോഷപൂര്‍വം യാത്രയാക്കിയ ജ്യേഷ്ഠനാണ് നിശ്ചലനായി നിലത്ത് കിടക്കുന്നത്. ''എന്നിലെ ഫുട്‌ബോള്‍ കളിക്കാരനെ കുട്ടിക്കാലം മുതലേ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച ആള്‍. തലേന്ന് കേരളത്തിനെതിരെ കളിക്കളത്തില്‍ ഞാന്‍ പൊരുതുമ്പോള്‍ ജ്യേഷ്ഠന്‍ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന അറിവ് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല ഇന്നും...''

അതേ വേദനയും നഷ്ടബോധവുമാണ് സാല്‍ഗോക്കര്‍ ക്ലബ് ഓര്‍മയാകുന്നു എന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ തോന്നിയതെന്ന് ബ്രഹ്‌മാനന്ദ്. ''എന്നെ ഞാനാക്കിയ ക്ലബ്. പദ്മശ്രീയും അര്‍ജുന അവാര്‍ഡും ഇന്ത്യന്‍ ക്യാപ്റ്റന്‍സിയും ഉള്‍പ്പെടെ കളിക്കളത്തില്‍നിന്ന് നേടിയ എല്ലാ അംഗീകാരങ്ങള്‍ക്കും സാല്‍ഗോക്കറിനോടാണ് കടപ്പാട്. ചില്ലറ പ്രതിസന്ധികള്‍ ഒക്കെയുണ്ടെന്ന് കേട്ടിരുന്നെങ്കിലും ഇത്രവേഗം സീനിയര്‍ ടീമിനെ അവര്‍ പൂട്ടിക്കെട്ടുമെന്ന് സങ്കല്‍പ്പിച്ചിട്ടുപോലുമില്ല. സ്വന്തം ജീവിതത്തില്‍നിന്ന് ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ ഇറങ്ങിപ്പോയപോലെ...''

നീണ്ട 17 വര്‍ഷം സാല്‍ഗോക്കറിന്റെ വിശ്വസ്തനായ കാവല്‍ഭടനായിരുന്നു ബ്രഹ്‌മ എന്ന ബ്രഹ്‌മാനന്ദ് ശംഖ്വാള്‍ക്കര്‍. ഫെഡറേഷന്‍ കപ്പില്‍ രണ്ട് തവണയും ബന്ദോദ്ക്കര്‍ ട്രോഫിയില്‍ മൂന്ന് തവണയും റോവേഴ്സിലും സേട്ട് നാഗ്ജിയിലും ഓരോ തവണയും ഗോവന്‍ ഒന്നാം ഡിവിഷന്‍ ലീഗില്‍ ഒന്‍പത് തവണയും സാല്‍ഗോക്കര്‍ ജേതാക്കളായത് ക്രോസ്ബാറിനടിയിലെ ബ്രഹ്‌മയുടെ മെയ്യഭ്യാസത്തിന്റെ കൂടി പിന്തുണയോടെയാണ്. അതിനിടെ ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പിലും മെര്‍ദേക്കയിലും ഏഷ്യന്‍ ഗെയിംസിലും കിങ്‌സ് കപ്പിലും മാറാഹലിം കപ്പിലും ഇന്ത്യയ്ക്ക് കളിച്ചു. ജര്‍മന്‍ ക്ലബ്ബായ ബൊഷുമിനെതിരെ ദേശീയ ടീമിനെ നയിച്ചു. 1990 കളുടെ തുടക്കത്തില്‍ കളി മതിയാക്കിയ ശേഷം ഇന്ത്യന്‍ ടീമിന്റെ ഗോള്‍ കീപ്പിങ് കോച്ചായി.

''സാല്‍ഗോക്കര്‍ ഒരു വികാരമാണ് ഗോവക്കാര്‍ക്ക്,'' ബ്രഹ്‌മാനന്ദ് പറയുന്നു. ''ഇനിയൊരിക്കലും തിരിച്ചുവരാത്ത ഒരു കാലത്തിന്റെ പ്രതീകം. കളിക്കാരനെന്ന നിലയില്‍ മാത്രമല്ല വ്യക്തിയെന്ന നിലയിലും ഏറെ സ്വാധീനിച്ചിട്ടുണ്ട് ആ ക്ലബ്ബ്. കോച്ച് ഷണ്‍മുഖം സാര്‍, മാനേജിങ് ഡയറക്ടര്‍ ശിവാനന്ദ് സാല്‍ഗോക്കര്‍... പിന്നെ ഒപ്പം കളിച്ച ഹെന്റി ബ്രിട്ടോ മുതല്‍ ബ്രൂണോ കുടീനോ വരെ വിവിധ തലമുറകളില്‍ പെട്ട കളിക്കാര്‍. എങ്ങനെ മറക്കും അവരെ?''

'സാല്‍ഗോക്കര്‍, എന്നെ ഞാനാക്കിയ ക്ലബ്'; 
വേദനയോടെ ബ്രഹ്‌മാനന്ദ്
'പണക്കളി'യിൽ തോറ്റ് പുറത്ത്; ഒടുവിൽ സാൽഗോക്കർ എഫ് സി കളമൊഴിയുന്നു

സാല്‍ഗോക്കറിന്റെ ജേഴ്സിയില്‍ ഏറ്റവും അവിസ്മരണീയ നിമിഷം ഏതായിരുന്നു? സപ്തതിയോടടുക്കുന്ന പഴയ കസ്റ്റോഡിയനോട് ഒരു ചോദ്യം: ''ധാരാളമുണ്ട്. പക്ഷേ പെട്ടെന്ന് ഓര്‍മവരുന്നത് ഞങ്ങള്‍ തോറ്റുപോയ ഒരു മത്സരമാണ്. 1985 ലെ ബംഗളൂരു ഫെഡറേഷന്‍ കപ്പില്‍ മോഹന്‍ ബഗാനെതിരായ സെമിഫൈനല്‍. താരനിബിഢമാണ് അമല്‍ ദത്ത പരിശീലിപ്പിച്ച അന്നത്തെ ബഗാന്‍. എന്നിട്ടും ഞങ്ങള്‍ പൊരുതി. ആദ്യ പാദം ഗോള്‍രഹിതം. രണ്ടാം പാദത്തിന്റെ തുടക്കത്തില്‍ തന്നെ അവര്‍ മുന്നിലെത്തി. പിന്നീടങ്ങോട്ട് സത്യത്തില്‍ ബഗാന്റെ വിഖ്യാതമായ മുന്നേറ്റനിരയും ഞാനും തമ്മിലായിരുന്നു പോരാട്ടം. എന്റെ ജീവിതത്തില്‍ ഞാന്‍ കളിച്ച ഏറ്റവും വേഗതയാര്‍ന്ന ഗെയിം. ഇന്നോര്‍ക്കുമ്പോള്‍ എല്ലാം സ്വപ്നം പോലെ. ജീവന്‍ കയ്യിലെടുത്തായിരുന്നു ഓരോ ഡൈവും.''

''ഒടുവില്‍ എല്ലാം അവസാനിച്ചു എന്ന് തോന്നിയ ഘട്ടത്തില്‍, ഇഞ്ചുറി ടൈമില്‍ ഞങ്ങളുടെ സമനില ഗോള്‍ വരുന്നു. മത്സരം ഷൂട്ടൗട്ടിലേക്ക്. രണ്ടു പെനാല്‍ട്ടി ഞാന്‍ രക്ഷപ്പെടുത്തിയിട്ടും ഒടുവില്‍ 5-4 ന് അവര്‍ കഷ്ടിച്ച് ജയിച്ചു. ഇന്നും ആ നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ കോരിത്തരിക്കും...''

മുഹമ്മദന്‍സിനെതിരായ 1988ലെ കോഴിക്കോട്ടെ സേട്ട് നാഗ്ജി ഫൈനല്‍ മറ്റൊരു ആവേശമുണര്‍ത്തുന്ന ഓര്‍മ. ഇടത് പോസ്റ്റില്‍നിന്ന് വലതു പോസ്റ്റിലേക്ക് ഡൈവ് ചെയ്ത് പന്ത് ബാറിന് മുകളിലൂടെ പറത്തിയതാണ് ആ മത്സരം ഓര്‍മയില്‍ അവശേഷിപ്പിക്കുന്ന അനര്‍ഘ നിമിഷം. അങ്ങനെ എത്രയെത്ര സേവുകള്‍. ''മലയാളികള്‍ക്ക്, പ്രത്യേകിച്ച് കോഴിക്കോട്ടുകാര്‍ക്ക് സാല്‍ഗോക്കറിനോട് എന്നും ഒരു പ്രത്യേക സ്‌നേഹമുണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്. വെള്ളയും പച്ചയും ഇടകലര്‍ന്ന ജേഴ്സിയില്‍ ഞങ്ങള്‍ കളിക്കാനിറങ്ങുമ്പോള്‍ എപ്പോഴും ഗാലറിയുടെ ആരവങ്ങളുണ്ടാകും അകമ്പടിക്ക്...''

ഒപ്പം കളിച്ചവരെ ആരെയും മറന്നിട്ടില്ല ബ്രഹ്‌മ. ''മാരിയാനോ ഡയസ്, സാവിയോ മഡേര, മൗറീഷ്യോ അഫോന്‍സോ, കാമിലോ ഗോണ്‍സാല്‍വസ്, നോര്‍ബര്‍ട്ട് ഗോണ്‍സാല്‍വസ്, ഡെറിക് പെരേര,സാര്‍ട്ടോ ബാപ്റ്റിസ്റ്റ, ഹെര്‍ക്കുലീസ് ഗോംസ്, ആന്റണി ബാപ്റ്റിസ്റ്റ, ബ്രൂണോ, റോയ് ബറേറ്റോ, ഇനേഷ്യോ, ആന്റണി ജോണ്‍സണ്‍, ബെനിറ്റോ ആന്‍ഡ്രൂ... ചിലരൊക്കെ പിന്നീട് മറ്റു ക്ലബ്ബുകളിലേക്ക് ചേക്കേറിയിരിക്കാം. എങ്കിലും സാല്‍ഗോക്കറില്‍ ഒരു കുടുംബം പോലെ കഴിഞ്ഞവരാണ് ഞങ്ങളെല്ലാം...''

1975ല്‍ ചെറുപ്രായത്തില്‍ തന്നെ സാല്‍ഗോക്കറിന്റെ ക്യാപ്റ്റനായി ബ്രഹ്‌മ. ഐതിഹാസികമായ ഒരു ജൈത്രയാത്രയുടെ തുടക്കം

പതിനേഴാം വയസ്സിലായിരുന്നു പനവേല്‍ സ്‌പോര്‍ട്‌സ് ക്ലബിന് വേണ്ടി ബ്രഹ്‌മയുടെ അരങ്ങേറ്റം, 1971 ല്‍. സെസ ഗോവയെ ഫൈനലില്‍ തോല്‍പ്പിച്ച് പനവേല്‍ നടാടെ ബന്ദോദ്ക്കര്‍ ഗോള്‍ഡ് കപ്പ് നേടുമ്പോള്‍ അമരത്തുണ്ടായിരുന്ന ഇരുപത്തിയൊന്നുകാരന്‍ ഗോള്‍കീപ്പറെ അധികം വൈകാതെ സാല്‍ഗോക്കര്‍ റാഞ്ചുന്നു. 1975 ല്‍ ചെറുപ്രായത്തില്‍ തന്നെ സാല്‍ഗോക്കറിന്റെ ക്യാപ്റ്റനായി ബ്രഹ്‌മ. ഐതിഹാസികമായ ഒരു ജൈത്രയാത്രയുടെ തുടക്കം.

ജോലിയില്‍നിന്ന് വിരമിക്കുമ്പോള്‍ സാല്‍ഗോക്കര്‍ കമ്പനിയില്‍ ജൂനിയര്‍ ഓഫീസര്‍ ആയിരുന്നു ബ്രഹ്‌മാനന്ദ്. ''നീണ്ട പതിനേഴു വര്‍ഷം എത്രയോ ഓഫറുകള്‍ അവഗണിച്ചുകൊണ്ട് എങ്ങനെ ഒരേ ക്ലബ്ബില്‍ തുടരാന്‍ കഴിഞ്ഞുവെന്ന് ചോദിക്കാറുണ്ട് പലരും. അതിരുകളില്ലാത്ത സ്വാതന്ത്ര്യം അനുവദിച്ചു കിട്ടിയതുകൊണ്ട് എന്ന് പറയും ഞാന്‍. മറക്കാനാവാത്ത ഒരു അനുഭവമുണ്ട്. 1990 കളുടെ തുടക്കത്തിലാവണം. ഗോവന്‍ ലീഗിലെ ഒരു നിര്‍ണായക മത്സരത്തില്‍ സാല്‍ഗോക്കര്‍ തോല്‍ക്കുന്നു. കരിയറിലെ തന്നെ ഏറ്റവും മോശപ്പെട്ട പ്രകടനമായിരുന്നു അന്ന് എന്റേത്. ബാലിശമായ ചില പിഴവുകള്‍. കുറ്റബോധത്തോടെ പിറ്റേന്ന് രാവിലെ ഞാന്‍ ശിവാനന്ദ് സാല്‍ഗോക്കറെ കാണാന്‍ ചെല്ലുന്നു. എന്നന്നേക്കുമായി കളി മതിയാക്കാന്‍ അനുമതി തരണം-അതായിരുന്നു ആവശ്യം. എന്നാല്‍ ശിവാനന്ദ് സാര്‍ എന്നെ സ്‌നേഹപൂര്‍വം ശാസിക്കുകയാണ് ചെയ്തത്. ഇത്തരം സന്ദിഗ്ദ്ധഘട്ടങ്ങള്‍ ആരുടെ ജീവിതത്തിലും ഉണ്ടായേക്കാം. എനിക്ക് നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. നഷ്ടപ്പെടുകയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത മത്സരത്തില്‍ ഫോം വീണ്ടെടുക്കാന്‍ ആ വാക്കുകള്‍ ധാരാളമായിരുന്നു എനിക്ക്...''

എല്ലാം ഇനി ഓര്‍മ. ''സാല്‍ഗോക്കര്‍ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇനിയും അങ്ങനെ തന്നെയായിരിക്കും. ഇതൊരു ചെറിയ ഇടവേള മാത്രമാകട്ടെ എന്നാണെന്റെ പ്രാര്‍ത്ഥന. പൂര്‍വാധികം ശക്തരായി തിരിച്ചുവരുന്നതിന് മുന്‍പുള്ള ഇടവേള...''

logo
The Fourth
www.thefourthnews.in